മാവേലിക്കര: മാവേലിക്കര മിച്ചല്‍ ജംഗ്ഷൻ വികസന പദ്ധതിയുടെ ഭാഗമായി ഭൂമി ഏറ്റെടുക്കുന്നതിനുള്ള പ്രാരംഭ വിജ്ഞാപനമായി. ഫെബ്രുവരി 27നാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. 25 കോടി രൂപയാണ് പദ്ധതിച്ചെലവ്. 2013 ലെ അവകാശ ആക്ട് വകുപ്പ്-2, ഉപവകുപ്പ്-1 ലെ വ്യവസ്ഥകൾക്ക് അനുസൃതമായാണ് വിജ്ഞാപനം.
പദ്ധതി ഭൂമിയിൽ അവകാശ താത്പര്യമുള്ള എല്ലാ വ്യക്തികളും ഈ വിജ്ഞാപനം പ്രസിദ്ധീകരിച്ച് 60 ദിവസത്തിനുള്ളിലോ, അല്ലെങ്കിൽ ഈ വിഷയത്തിൽ ഒരു പബ്ലിക് നോട്ടീസ് കിട്ടിയതിനുശേഷമോ, ഇതിൽ ഏതാണ് അവസാനം ലഭിച്ചത് ആ തീയതിക്കുള്ളിൽ ഭൂമിയുടെ റെക്കോർഡുകളുടെ നിജസ്ഥിതി വരുത്തുന്നതിനോ നിർദേശിക്കപ്പെട്ട ഭൂമിയുടെ അവകാശത്തിനോ എതിർപ്പുണ്ടെങ്കിൽ രേഖാമൂലം ആലപ്പുഴ എൽഎ (ജനറൽ) സ്പെഷൽ തഹസിൽദാറിനെ ധരിപ്പിക്കണം.
സമയപരിധി കഴിഞ്ഞു ലഭിക്കുന്ന ആക്ഷേപങ്ങളും സ്റ്റേറ്റ്മെന്റുകളും അവകാശം വ്യക്തമാക്കാത്ത എതിർപ്പുകളും നിരസിക്കും. വികസനവുമായി ബന്ധപ്പെട്ട് ഏറ്റെടുക്കേണ്ടിവരുന്ന പുരയിടങ്ങളുടെ ഉടമസ്ഥര്‍ക്ക് 2013 ലെ ഭൂമി ഏറ്റെടുക്കല്‍ അവകാശ നിയമം ഒന്നാം ഉപവകുപ്പ് അനുസരിച്ച് ന്യായമായ നഷ്ടപരിഹാരവും പുനഃസ്ഥാപനവും ലഭിക്കും.
മാവേലിക്കര വില്ലേജില്‍ 20, 21, 54, 55, 66, 67 ബ്ലോക്കുകളിലെ വിവിധ സര്‍വേ നമ്പരുകളില്‍പ്പെട്ട 57.08 ആര്‍സ് ഭൂമിയാണ് ഏറ്റെടുക്കുന്നത്. വാടകക്കാർക്ക് 50,000, അംഗീകൃത തൊഴിലാളികള്‍ക്ക് 36,000, വീടുകള്‍ക്ക് 4,60,000 എന്ന നിലയിൽ തുക ലഭിക്കും. കട ഉടമകള്‍ക്ക് കെട്ടിടത്തിന്റെ വിലയ്ക്ക് പുറമേ ഭൂമി വിലയും ലഭിക്കും.
2017-18 ലെ സംസ്ഥാന ബജറ്റ് പദ്ധതിയാണിത്. 2018 സെപ്റ്റംബറില്‍ ഭരണാനുമതി ലഭിച്ചു. അതിര്‍ത്തി കല്ലുകള്‍ സ്ഥാപിക്കുന്ന നടപടിയും പൂര്‍ത്തീകരിച്ചിരുന്നു.
മിച്ചല്‍ ജംഗ്ഷനില്‍നിന്ന് വടക്കോട്ട് 80 മീറ്ററും തെക്കോട്ട് 140 മീറ്ററും പടിഞ്ഞാറോട്ട് 110 മീറ്ററും കിഴക്കോട്ട് 210 മീറ്ററും ദൂരത്തിലാണ് വീതികൂട്ടുന്നത്. നിലവിലെ ഏഴു മുതല്‍ എട്ടു മീറ്റര്‍ വരെ വീതി, നടപ്പാതയുള്‍പ്പെടെ 18 മീറ്ററായി വികസിക്കും. അനുവദിച്ച 25 കോടിയില്‍ 22.5 കോടിയും ഭൂമി ഏറ്റെടുക്കുമ്പോഴുള്ള നഷ്ടപരിഹാരം നല്‍കുന്നതിനാണ് നീക്കി വച്ചിരിക്കുന്നത്.
വികസനത്തിനായി ഏറ്റെടുക്കുന്ന ഭൂമിക്ക് വിജ്ഞാപന തീയതിക്ക് മൂന്നു വർഷം മുമ്പ് മുതൽ ഇങ്ങോട്ട് രേഖപ്പെടുത്തിയ ഉയർന്ന വിൽപ്പന വിലയുടെ ഇരട്ടിയും 12 ശതമാനം പലിശയും ഉടമകള്‍ക്ക് ലഭിക്കും.
Tags : nattu vishesham Mitchell Junction Development