മൂന്നാംകുന്ന് ചോലയിൽ കുരങ്ങുകളെ പിടികൂടാൻ വനംവകുപ്പ് കൂട് സ്ഥാപിച്ചപ്പോൾ.
ആലക്കോട്: കുരങ്ങുശല്യം രൂക്ഷമായ ആലക്കോട് പഞ്ചായത്തിലെ മൂന്നാംകുന്നിൽ കുരങ്ങുകളെ പിടികൂടാനായി വനംവകുപ്പ് കൂട് സ്ഥാപിച്ചു. കുരങ്ങുശല്യം കാരണം പൊറുതി മുട്ടിയതിനെത്തുടർന്ന് ആലക്കോട് പഞ്ചായത്തധികൃതർ നൽകിയ പരാതിയെത്തുടർന്നാണ് നടപടി. മൂന്നാംകുന്ന് ചോലയിലാണ് കൂട് സ്ഥാപിച്ചത്.
മൂന്നാംകുന്ന്, പരുത്തിക്കല്ല്, മുതുശേരി, പൂക്കാട് പ്രദേശങ്ങളിലാണ് കുരങ്ങുശല്യം രൂക്ഷം. കൂട്ടത്തോടെയെത്തുന്ന കുരങ്ങുകൾ കാർഷിക വിളകൾ വ്യാപകമായി നശിപ്പിക്കുന്നതിനൊപ്പം വീടുകളിലും നാശം വിതയ്ക്കുന്നുണ്ട്.
കൂടാതെ ആളുകളെ ആക്രമിക്കുന്ന സ്വഭാവവും പ്രകടിപ്പിച്ചതോടെ പ്രദേശം കടുത്ത ഭീതിയിലുമാണ്. തെങ്ങുകളിൽ കയറി കരിക്കുകൾ കൂട്ടത്തോടെ നശിപ്പിക്കുന്നതു കാരണം കേരകർഷകർ വലിയ പ്രതിസന്ധിയാണ് നേരിട്ടു വരുന്നത്. കൂടുവച്ചു പിടികൂടുന്ന കുരങ്ങുകളെ വനത്തിൽ വിടാനാണ് വനംവകുപ്പിന്റെ തീരുമാനം.
Tags : nattuvishesham district news