ചങ്ങനാശേരി: റബര്‍, നെല്ല് തുടങ്ങിയ കാര്‍ഷികവിളകളുടെ താങ്ങുവില വര്‍ധിപ്പിച്ചു കൊണ്ടുള്ള തീരുമാനം സ്വാഗതാര്‍ഹമാണെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ചങ്ങനാശേരി അതിരൂപത സമിതി.
കുട്ടനാട്ടിലും ഇതര കാര്‍ഷിക മേഖലയിലും കാര്‍ഷിക ചെലവുകള്‍ വര്‍ധിച്ച സാഹചര്യത്തിൽ നെല്ലിന്റെ സംഭരണവില 30 രൂപയായി ഉയര്‍ത്തിയതും റബറിന്റെ താങ്ങുവില 200 രൂപ ആക്കിയതും തികച്ചും അപര്യാപ്തമാണ്. കാലോചിതമായി കര്‍ഷകര്‍ക്ക് സഹായകമാകുന്ന തരത്തില്‍ സര്‍ക്കാര്‍ ഇടപെടലുകള്‍ ഉണ്ടാകണം.
കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി നടത്തിയ അവകാശസംരക്ഷണ യാത്രയില്‍ റബര്‍, നെല്ല് കര്‍ഷകരുടെ ആവശ്യങ്ങളായി ഉയര്‍ത്തിയ കാര്യങ്ങൾ സര്‍ക്കാര്‍ പരിഗണിച്ചത് ആ യാത്രയുടെ വിജയമായി കാണുന്നുവെന്ന് കത്തോലിക്ക കോണ്‍ഗ്രസ് നേതൃയോഗം വിലയിരുത്തി.
അതിരൂപതാ പ്രസിഡന്റ് ബിജു സെബാസ്റ്റ്യന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന നേതൃസമ്മേളനം അതിരൂപതാ ഡയറക്ടര്‍ ഫാ. സാവിയോ മാനാട്ട് ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ബിനു ഡോമിനിക്, ട്രഷറര്‍ ജോസ് വെങ്ങാന്തറ, ജോര്ജു കുട്ടി മുക്കത്ത്, ഷിജി ജോണ്സണ്, റോസിലിന് കുരുവിള, രാജേഷ് ജോണ്‍, ടോമിച്ചന് അയ്യരുകുളങ്ങര, മനു ജെ. വരാപ്പള്ളി, സെബാസ്റ്റ്യന്‍ വര്‍ഗീസ്, കുഞ്ഞ് കളപ്പുര, കെ.എസ്. ആന്റണി, ചാക്കപ്പന് ആന്റണി, പി.സി. കുഞ്ഞപ്പന്, ജെസി ആന്റണി, സിസി അമ്പാട്ട് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Tags : Catholic Congress Local News Nattuvishesham Kottayam