ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് നടപടിയെടുത്ത കതൃക്കടവ് തമ്മനം റോഡിലെ അല്‍-റീം റസ്റ്ററന്റ് പൂട്ടിയ നിലയില്‍.
ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്നവരുടെ സാമ്പിളുകള്‍ പരിശോധിക്കുന്നു
കൊച്ചി: നഗരത്തില്‍ മന്തി വിളമ്പുന്ന പ്രമുഖ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച് ശാരീരിക അസ്വസ്ഥതകളുണ്ടായി ചികിത്സ തേടിയവരുടെ സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു. ഇതില്‍ മൂന്നു പേര്‍ക്ക് ഷിഗെല്ല പിടിപെട്ട സാഹചര്യത്തിലാണ് മറ്റുള്ളവര്‍ക്കും അണുബാധ പിടിപെട്ടിട്ടുണ്ടോയെന്ന് കണ്ടെത്തുന്നതിനായി സാമ്പിളുകള്‍ പരിശോധനയ്ക്കെടുത്തത്. കഴിഞ്ഞ 10ന് ഇവിടെ നിന്നും ഭക്ഷണം കഴിച്ച ഇരുപതോളം ആളുകളാണ് ഭക്ഷ്യ വിഷബാധയേറ്റ് നഗരത്തിലെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്.
കതൃക്കടവ് തമ്മനം റോഡില്‍ പ്രവര്‍ത്തിക്കുന്ന അല്‍-റീം കുഴിമന്തി റസ്റ്ററന്റില്‍ നിന്ന് ഭക്ഷണം കഴിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയ 15 പേരുടെ സാമ്പിളുകള്‍ പരിശോധിച്ചതില്‍ നിന്നാണ് മൂന്നു പേരില്‍ ഷിഗെല്ല സാന്നിധ്യം കണ്ടെത്തിയത്. പൊന്നുരുന്നി, നെട്ടൂര്‍, മലയിടംതുരുത്ത് സ്വദേശികളായ രോഗികളിലാണ് ബാക്ടീരിയ സ്ഥിരീകരിച്ചത്. രോഗ ബാധയെ തുടര്‍ന്ന് ഇന്നലെയും കുറച്ചുപേര്‍ ചികിത്സ തേടി. ഇവരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തിട്ടുള്ളത്.
കടവന്ത്ര ഇന്ദിരഗാന്ധി സഹകരണ ആശുപത്രി, മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍, മെഡിക്കല്‍ സെന്റര്‍ ഹോസ്പിറ്റല്‍, ലക്ഷ്മി ആശുപത്രി എന്നിവിടങ്ങളിലാണ് രോഗബാധിതര്‍ ചികിത്സയിലുള്ളത്. ഭക്ഷ്യസുരക്ഷാ വിഭാഗം ഇവരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. സംശയമുള്ള സാമ്പിളുകള്‍ ആലപ്പുഴയിലെ ലാബിലേക്ക് വിശദ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഇവയുടെ പരിശോധനാഫലം വന്നാല്‍ മാത്രമേ എത്ര പേര്‍ക്ക് ഷിഗെല്ല ബാധയുണ്ടായിട്ടുണ്ട് എന്ന് വ്യക്തമാകൂ.
വെള്ളത്തില്‍ നിന്നാണോ ഭക്ഷണത്തില്‍ നിന്നാണോ ഷിഗെല്ല പിടിപെട്ടതെന്ന് കണ്ടത്തേണ്ടതുണ്ട്. ഭയപ്പെടേണ്ടതായ സാഹചര്യം ജില്ലയില്‍ ഇല്ലെന്നും ഭക്ഷണം, വെള്ളം എന്നിവയുടെ കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ മെഡിക്കല്‍ ഓഫിീസര് ഡോ. ആര്.ഷഹിര്‍ ഷാ പറഞ്ഞു.
റസ്റ്ററന്റ് ഉടമകള്‍ക്കെതിരെ കേസ്
സംഭവവുമായി ബന്ധപ്പെട്ട് വൈറ്റില പൂണിത്തുറ സ്വദേശി നല്കിയ പരാതിയില്‍ എറണാകുളം നോര്‍ത്ത് പോലീസ് റസ്റ്ററന്റ് ഉടമകള്‍ക്കെതിരെ കേസെടുത്തു. പരാതിക്കാരനും മകള്‍ക്കും സഹോദരനും അദ്ദേഹത്തിന്റെ രണ്ടു മക്കള്‍ക്കും ഭക്ഷ്യവിഷബാധയേറ്റിരുന്നു. റസ്റ്ററന്റിലേക്ക് വെള്ളമെടുക്കുന്ന ടാങ്കിലുണ്ടായ ലീക്ക് വഴി പുറത്തുനിന്നുള്ള മലിനജലം കലര്‍ന്നതാകാം വിഷബാധയ്ക്ക് കാരണമെന്നാണ് ഉടമകള്‍ പോലീസിനു നല്കിയ മൊഴി. കേസ് രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ പോലീസ് ഹോട്ടലില്‍ എത്തി പരിശോധന നടത്തിയിരുന്നു.
പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അല്‍-റീം റസ്റ്ററന്റിന്റെ ലൈസന്‍സ് റദ്ദാക്കുകയും സ്ഥാപനം താല്‍ക്കാലികമായി പൂട്ടിക്കുകയും ചെയ്തിരുന്നു. റസ്റ്ററന്റില്‍ നിന്ന് ശേഖരിച്ച ഭക്ഷണാവശിഷ്ടങ്ങളുടെയും വെള്ളത്തിന്റെയും സാമ്പിളുകള്‍ കാക്കനാടുള്ള ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണെന്നും ഇതിന്റെ പൂര്‍ണമായ ഫലം ലഭിച്ച ശേഷം കര്‍ശനമായ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു..
Tags : Local News Nattuvishesham Ernakulam