നെടുങ്ങാടപ്പള്ളി സെന്റ് ഫിലോമിനാസ് സ്കൂൾ.
ചങ്ങനാശേരി: സംസ്ഥാന സർക്കാരിന്റെ ശ്രേഷ്ഠ വിദ്യാലയ പുരസ്കാരം രണ്ടാം സ്ഥാനത്തിന് മല്ലപ്പള്ളി നെടുങ്ങാടപ്പള്ളി സെന്റ് ഫിലോമിനാസ് യുപി സ്കൂൾ അർഹമായി. സംസ്ഥാന സർക്കാരിന്റെ മൂന്നു ലക്ഷം രൂപയും പ്രശസ്തി പത്രവും പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയുടെ അന്പതിനായിരം രൂപയും അടങ്ങുന്ന പുരസ്കാരം അഞ്ചിന് കോഴിക്കോട്ട് നടക്കുന്ന സമ്മേളനത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ സമ്മാനിക്കും. പാഠ്യ-പാഠ്യേതര രംഗങ്ങളിലെ മികവ് പരിഗണിച്ചാണ് സ്കൂളിന് അവാർഡ് ലഭിച്ചത്.
ചങ്ങനാശേരി അതിരൂപത കോർപറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ ആരാധന സന്യാസിനി സമൂഹം നടത്തിവരുന്ന ഈ സ്കൂൾ 110-ാം വർഷത്തിലേക്ക് പ്രവേശിക്കുന്പോഴാണ് സംസ്ഥാന സർക്കാരിന്റെ ബഹുമതിക്ക് അർഹമായത്. അധ്യാപകരുടെയും വിദ്യാർഥികളുടെയും കഠിന പരിശ്രമമാണ് അവാർഡിന് അർഹമാക്കിയതെന്ന് മാനേജർ സിസ്റ്റർ ഡോ. ലിനോ മാർഗരറ്റ്, ഹെഡ്മിസ്ട്രസ് ത്രേസ്യാമ്മ ജോസഫ് എന്നിവർ പറഞ്ഞു.
Tags : Nattuvishesham Districtnews Deepikanews Nedungadappally