വിഴിഞ്ഞം : കപ്പൽ മുങ്ങി ഒരു വർഷത്തിനു ശേഷം ഒഴുകിയെത്തിയ ചാക്കു കെട്ടുകൾ മാറ്റാൻ ആളില്ല. റവന്യൂ വകുപ്പ് അധികൃതരും പോലീസും ചേർന്ന് കണക്കെടുത്ത ശേഷം എറ്റെടുത്ത് കൊണ്ടുപോകാൻ ബന്ധപ്പെട്ട ഏജൻസിക്ക് നിർദ്ദേശം നൽകി തീരത്ത് കൂട്ടിയിട്ടിരിക്കുന്ന 150 -ൽപ്പരം ചാക്ക് പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ഇപ്പോൾ അനാഥമായി കിടക്കുന്നത്.
ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് കഴിഞ്ഞ വർഷം കടലിൽ താഴ്ന്ന ചരക്ക് കപ്പലായ എൽസാ -3 യിൽ നിന്നുള്ള കണ്ടെയ്നർ തകർന്ന് ഉൾക്കടലിലൂടെ ഒഴുകി നടന്ന ചാക്കു കെട്ടുകൾ മത്സ്യത്തൊഴിലാളികൾ മീൻ പിടിത്ത വള്ളങ്ങളിൽ കരക്കെത്തിച്ചത്. പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന വിലയിരുത്തലിൽ ഓടിയെത്തിയ തീരദേശ പോലീസും വിഴിഞ്ഞം മുക്കോലയിൽ നിന്നെത്തിയ വില്ലേജ് ഓഫീസറും സംഘവും ചാക്കു കെട്ടുകളുടെ കണക്കെടുത്ത് സുരക്ഷ ഉറപ്പുവരുത്തിയ ശേഷം തുടർ നടപടിക്കായി ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു. അധികൃതർ ഇവ മാറ്റിക്കൊണ്ടുപോകാൻ എംഎസ്സി കമ്പനി ചുമതലപ്പെടുത്തിയ മെർക്ക് എന്ന ഏജൻസി അധികൃതർക്ക് നിർദ്ദേശം നൽകി.
എന്നാൽ ഇന്നലെ വരെ ആരും തിരിഞ്ഞ് നോക്കിയില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. 2025 മെയ് 24 നാണ് വിഴിഞ്ഞത്ത്നിന്ന് കൊച്ചിക്ക് പോയ എൽസാ -3 ലക്ഷ്യസ്ഥാനം എത്തുന്നതിന് മുൻപ് അപകടത്തിൽപ്പെട്ടത്. 25 ന് ഉൾക്കടലിൽ താഴ്ന്ന കപ്പലിലെ കണ്ടെയ്നറുകളിൽ ചിലത് തകർന്ന് ഉള്ളിലുണ്ടായിരുന്ന വസ്തുക്കൾ കടലിലൂടെ ഒഴുകി. അവയിൽ പ്ലാസ്റ്റിക് തരികൾ നിറച്ച ചാക്കു കെട്ടുകൾ പാറക്കൂട്ടങ്ങളിൽ ഇടിച്ച് തകർന്ന് കടലിൽ നിറഞ്ഞു. കരയിലേക്ക് അടിച്ച് കയറി തീരത്തെ വിഴുങ്ങിയ പ്ലാസ്റ്റിക് മാലിന്യങ്ങൾക്കെതിരെ ജനകീയ പ്രതിഷേധവുമുയർന്നു. പരിസ്ഥിതി വാദികളും രംഗത്തിറങ്ങിയതോടെ ഗൗരവം മനസിലാക്കിയ കപ്പൽ കമ്പനി ഇവമാറ്റാൻ ഏജൻസിയെ നിയോഗിച്ചു.
അന്നും പണം നൽകി വോളണ്ടിയർമാരെ നിയോഗിച്ച് മാലിന്യം നീക്കത്തിന് ആവേശം കാണിച്ച ഏജൻസി അധികൃതർക്ക് ചാക്കു കെട്ടുകൾ നീക്കം ചെയ്യാൻ മടിയായിരുന്നു. പൂവാർ, കരിംകുളം പുല്ലുവിള, അടിമലത്തുറ, വിഴിഞ്ഞം ചൊവ്വര തീരങ്ങളിൽ അങ്ങിങ്ങായി ഒരു മാസം വരെ മാലിന്യച്ചാക്കുകൾ അനാഥമായിക്കിടന്നു . ഒടുവിൽ അടുക്കിവച്ച ചാക്കു കെട്ടുകൾ നായ്ക്കൾ കടിച്ച് കീറിയും കാക്കകളും പക്ഷികളും കൊത്തിവലിച്ച് നശിപ്പിക്കുകയും ചെയ്തതോടെ കരഭാഗത്തും മാലിന്യങ്ങൾ നിറഞ്ഞു. ശക്തമായ പ്രതിഷേധങ്ങൾക്ക് ശേഷമാണ് ഇവ ഏറ്റെടുക്കാൻ അന്ന് ഏജൻസി അധികൃതർ എത്തിയത്.
ഇതിനിടയിലാണ് വീണ്ടും പ്ലാസ്റ്റിക് മാലിന്യങ്ങൾ നിറച്ച ചാക്കു കെട്ടുകൾ കടലിലൂടെ ഒഴുകിയെത്തിയത്. തുറമുഖത്തിന്റെ പല ഭാഗങ്ങളിലായി അടുക്കിവച്ചിരിക്കുന്ന മാലിന്യ ചാക്കുകൾക്ക് കഴിഞ്ഞ വർഷത്തെ അവസ്ഥ ഉണ്ടാകാതിരിക്കാനുള്ള ശ്രമങ്ങൾ അധികൃതർ ആരംഭിച്ചതായും അറിയുന്നു.
Tags : Local News Nattuvishesham Thiruvananthapuram