നെടുമങ്ങാട് : ജില്ലയിലെ പ്രധാന ബലിതർപ്പണ കേന്ദ്രമായ അരുവിക്കരയിലെ ബലിമണ്ഡപങ്ങൾ നവീകരണമില്ലാതെ കാടു കയറി നശിക്കുന്നു. കർക്കിടക വാവിനു ദിവസങ്ങൾ മാത്രമാണ് ഇനിയുള്ളത്. പടർന്നു പന്തലിച്ച കാടു വകഞ്ഞു മാറ്റിയാലേ നിലവിൽ ബലിക്കടവുകളിൽ എത്താനാകൂ. മണ്ഡപത്തിന്റെ കോൺക്രീറ്റ് തൂണുകൾ തകർന്നു. പടവുകളിലെ കമ്പികൾ ഇളകിയും അറുത്തു മാറ്റപ്പെട്ട നിലയിലുമാണ്. വസ് ത്രം മാറുന്ന കെട്ടിടത്തിന്റെ ഗ്രില്ലുകളും ജനാലകളുമുൾപ്പടെ കവർച്ച ചെയ്യപ്പെട്ടു.
ചെക്കുഡാമും ബലിക്കടവുകളും അനാശാസ്യ സംഘങ്ങളുടെ താവളമായി മാറിയിരിക്കുകയാണ്. ഡാമിൽനിന്ന് ബലിമണ്ഡപത്തിലെത്താനുള്ള വാനക്കുഴി റോഡ് മാലിന്യമടിഞ്ഞ് ചീഞ്ഞുനാറുന്നു. പോലീസ് സ്റ്റേഷനും പഞ്ചായത്ത് ഓഫീസിനും വിളിപ്പാടകലെയാണെങ്കിലും വിജനപ്രദേശമായതിനാൽ ആരും തിരിഞ്ഞു നോക്കുന്നില്ല. ജി. സ്റ്റീഫൻ എംഎൽഎയുടെ സാന്നിധ്യത്തിൽ കഴിഞ്ഞ ദിവസം പഞ്ചായത്ത് ഹാളിൽ ചേർന്ന ഉദ്യോഗസ്ഥ- ജനപ്രതിനിധി യോഗത്തിൽ ഇതുസംബന്ധിച്ചു വലിയ പ്രതിഷേധമാണുയർന്നത്.
എംഎൽഎയുടെ നിർദേശം ഉദ്യോഗസ്ഥർ ചെവിക്കൊള്ളുന്നില്ലെന്നും ആക്ഷേപവുമുണ്ട്.
ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ഏഴുകോടി രൂപ ചെലവിട്ടു നിർമിച്ചതാണു ബലി മണ്ഡപങ്ങൾ. ഡാമിനു മുന്നിലും പഴയ പോലീസ് സ്റ്റേഷനു സമീപം കരമനയാറ്റിലുമാണ് അരുവിക്കരയിലെ ബലിക്കടവുകൾ. ഓഗസ്റ്റ് 12-നാണ് ഇത്തവണ വാവുബലി ചടങ്ങുകൾ. ബലിതർപ്പണത്തിനു മുന്നോടിയായി ഒരാഴ്ചത്തെ കാർഷിക വ്യാവസായിക വിളകളുടെ പ്രദർശനത്തിനും കലാമേളയ് ക്കും പശ്ചാത്തലമൊരുക്കേണ്ടതുണ്ട്.
ശുചീകരണവും നവീകരണവും ഇനിയും വൈകിയാൽ ബലിതർപ്പണം താറുമാറാകുമെന്നാണ് ആശങ്ക. ബലിയിടൽ ചടങ്ങുകൾക്കും ശ്രാദ്ധപൂജകൾക്കും പ്രതിമാസമുള്ള പിതൃതർപ്പണത്തിനും ബലിമണ്ഡപങ്ങൾ തുറന്നുകൊടുക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. നിത്യവും ബലിതർപ്പണവും ശ്രാദ്ധപൂജകളും നടത്താൻ സൗകര്യങ്ങമൊരുക്കുന്നതിനും കാർമികരെ നിയമിക്കുന്നതിനും സർക്കാർ 47 ലക്ഷം രൂപയുടെ പദ്ധതിക്കു രൂപം നൽകിയിരുന്നു.
വാച്ച്മാൻ, കാർമ്മികർ, ശുചീകരണ തൊഴിലാളികൾ എന്നിവരു ടെ നിയമനത്തിനും നടപടിയായിരുന്നു. എന്നാൽ വാട്ടർ അഥോറിട്ടിയിലെ ചില ഉദ്യോഗസ്ഥർ പ ദ്ധതി അട്ടിമറിച്ചുവെന്നും ആക്ഷേപമുണ്ട്.
Tags : Local News Nattuvishesham Thiruvananthapuram