നെടുങ്കണ്ടം ബസ് സ്റ്റാൻഡിലുള്ളിലെ ശുചിമുറി സമുച്ചയം.
രണ്ടാം നിലയിൽ കയറുന്നവർ വീണ് പരിക്കേൽക്കുന്നു
നെടുങ്കണ്ടം: രണ്ട് നിലകളിലായി നെടുങ്കണ്ടം ബസ് സ്റ്റാൻഡിനുള്ളിൽ നിർമിച്ചിരിക്കുന്ന ശുചിമുറി സമുച്ചയത്തിൽ കയറിപ്പറ്റാൻ പാടുപെടുകയാണ് നാട്ടുകാർ. രണ്ടാം നിലയിലുള്ള പുരുഷന്മാരുടെ ശുചിമുറിയിലേക്ക് കയറിയിറങ്ങുന്നതിനിടെ സ്റ്റാൻഡിലെ അനൗൺസർ ഉൾപ്പെടെ മൂന്നുപേരാണ് കഴിഞ്ഞ ദിവസം വീണത്. ഭാഗ്യംകൊണ്ട് മാത്രമാണ് മൂവരും സാരമായി പരിക്കേൾക്കാതെ രക്ഷപ്പെട്ടത്.
രണ്ടു നിലകളിലായുള്ള സമുച്ചയത്തിന്റെ നിർമാണസമയത്തുതന്നെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. സ്ത്രീകൾക്ക് താഴെത്തെ നില ഉപയോഗപ്പെടുത്താനാവുമെങ്കിലും കുട്ടികൾ ഉൾപ്പെടെ പുരുഷന്മാർ മുകൾനിലയിൽ കയറണം. ഇരുമ്പിൽ നിർമിച്ചിരിക്കുന്ന ഗോവണിയിൽ മഴ പെയ്താൽ തെന്നി വീഴുമെന്നത് ഉറപ്പാണ്. കയറുന്ന വഴി ഉൾപ്പെടെ പൂർണമായും ഷീറ്റുപയോഗിച്ച് മറച്ചാൽ മാത്രമേ വഴിയിലെ വീഴ്ച ഒഴിവാക്കാൻ കഴിയൂ. ശുചിമുറി സമുച്ചയത്തിൽ അംഗപരിമിതർക്കായുള്ള പ്രത്യേക സജ്ജീകരണങ്ങൾ ഒന്നും ഒരുക്കിയിട്ടില്ല.
സ്ഥിരം നിറയുന്ന സെപ്റ്റിക് ടാങ്കും പഞ്ചായത്തിന് തലവേദനയാണ്. ഉദ്ഘാടനം നടത്തി മാസങ്ങൾക്കുള്ളിൽ തന്നെ സെപ്റ്റിക് ടാങ്ക് നിറഞ്ഞു. ഇതേ പ്രശ്നം പിന്നീട് പലതവണയുണ്ടായപ്പോഴും ശുചിമുറി അടച്ചിടുകയായിരുന്നു. സമുച്ചയത്തിന്റെ നിർമാണ കാലഘട്ടത്തിൽ തന്നെ സെപ്റ്റിക് ടാങ്ക് നിർമാണം അശാസ്ത്രീയമാണെന്ന് ആരോപണമുയർന്നിരുന്നു.
നിരവധി ആളുകൾ ഉപയോഗപ്പെടുത്തുന്ന ശുചിമുറിക്ക് വേണ്ടത്ര വലുപ്പം ഇല്ലാതെയാണ് ടാങ്ക് നിർമിച്ചത്. മഴവെള്ളം ഒഴുകിയെത്തുന്ന ഓടയോട് ചേർന്ന് നിർമിച്ചിരിക്കുന്ന ടാങ്കിലേക്കാണ് ബസ് സ്റ്റാൻഡിനുള്ളിലെയും പരിസരത്തെയും മഴവെള്ളം ഒഴുകിയെത്തുന്നത്. മണ്ണിന്റെ ആഴം തീരെ കുറവുള്ള ഇവിടെ ഉറവ വെള്ളവും കൂടി ഇറങ്ങുമ്പോൾ വളരെ പെട്ടന്ന് ടാങ്ക് നിറയും. യഥാസമയം ടാങ്ക് ശുചീകരിച്ചാണ് നിലവിൽ ശുചിമുറി പ്രവർത്തിക്കുന്നത്.
Tags : Local News Nattuvishesham Not exactly comfortable Nedumkandam comfort station