കൊയിലി ആശുപത്രിയിൽ സമരം ഒത്തു തീർപ്പായ വിവരമറിഞ്ഞതിനെ തുടർന്ന് സന്തോഷാധിക്യത്തിൽ സമരപ്പന്തലിലെ നഴ്സിന്റെ കണ്ണു നിറഞ്ഞപ്പോൾ.
കണ്ണൂർ: സർക്കാർ പ്രഖ്യാപിച്ച സേവന വേതന നിരക്ക് ആവശ്യപ്പെട്ട് അറുപത്തിരണ്ട് ദിവസമായി കണ്ണൂർ കൊയിലി ആശുപത്രിയിലെ നഴ്സുമാർ നടത്തിവന്ന സമരം അവസാനിച്ചു. ജില്ലാ ലേബർ ഓഫീസർ മുന്പാകെ കഴിഞ്ഞ ദിവസം നടന്ന ചർച്ചയെ തുടർന്നുള്ള ധാരണയിൽ ഇന്നലെ കൊയിലി ആശുപത്രി മാനേജ്മെന്റും ഒപ്പിടാൻ തയാറായതോടെയാണ് നഴ്സുമാർ സമരം പൂർണമായും അവസാനിപ്പിച്ചത്.
സമരത്തിന് നേതൃത്വം നൽകിയ ഇന്ത്യൻ നഴ്സസ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് ഷിഹാബ്, ബിജോഷ് ജോസഫ്, പ്രസാദ്, മാനേജ്മെന്റ് പ്രതിനിധി നിധീഷ് എന്നിവരാണ് ലേബർ ഓഫീസർ എ.കെ. ജയശ്രീയുടെ സാന്നിധ്യത്തിൽ ധാരണയിൽ ഒപ്പിട്ടത്. സമരം അവസാനിപ്പിച്ച നഴ്സുമാർ കൊയിലി ആശുപത്രിയിലെ സമരപ്പന്തലിൽ മധുരം വിതരണം ചെയ്ത് ആഹ്ലാദം പങ്കിട്ടു. തുടർന്ന് നഗരത്തിൽ ആഹ്ലാദപ്രകടനവും നടത്തി.
ഇന്നലെ രാവിലെ ആശുപത്രിക്ക് മുന്നിൽ നാടകീയരംഗങ്ങൾക്കൊടുവിലാണ് മാനേജ്മെന്റ് ധാരണയിൽ ഒപ്പിട്ടത്. ജില്ലാ ഭരണകൂടം മുൻകൈയെടുത്ത് നടത്തിയ ഒത്തുതീർപ്പ് കരാറിൽ കൊയിലി മാനേജ്മെന്റ് ഒപ്പുവയ്ക്കാത്തതിൽ പ്രതിഷേധിച്ച് യുവജന സംഘടനകൾ രാവിലെ മുതൽ ആശുപത്രിക്ക് മുന്പിൽ ഉപരോധം ആരംഭിച്ചിരുന്നു. ഇതോടെ അത്യാഹിത വിഭാഗത്തിന്റെ ഒഴികെയുള്ള പ്രവർത്തനങ്ങൾ തടസപ്പെട്ടു. യൂത്ത് ലീഗ് നേതൃത്വത്തിൽ ആശുപത്രി ഉപരോധിച്ച് നടത്തിയ സമരം ജില്ലാ പ്രസിഡന്റ് കെ.കെ. ഷിനാജ് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് തഫ്ലീം മാണിയാട്ട് അധ്യക്ഷനായി. ജില്ലാ ട്രഷറർ ഷബീർ എടയന്നൂർ പ്രസംഗിച്ചു. എഐവൈഎഫ് പ്രവർത്തകർ ആശുപത്രിയിലേക്ക് നടത്തിയ മാർച്ചിന് ജില്ലാ സെക്രട്ടറി കെ.വി. സാഗർ, കെ.വി. പ്രശോഭ്, കെ.വി.രജീഷ്, പി.കെ. മിഥുൻ തുടങ്ങിയവർ നേതൃത്വം നൽകി.
ആശുപത്രിക്ക് മുന്നിൽ പോലീസ് മാർച്ച് തടഞ്ഞു. സജീവ് ജോസഫ് എംഎൽഎ, ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജിൽ മോഹനൻ, നേതാക്കളായ മഹിത മോഹൻ, മിഥുൻ മാറോളി , ജനാധിപത്യ മഹിള അസോസിയേഷൻ അഖിലേന്ത്യാ ജോയന്റ് സെക്രട്ടറി എൻ. സുകന്യ, കേരള മഹിള സംഘം ജില്ലാ സെക്രട്ടറി കെ.എം. സപ്ന, ഇ. ബീന, കെ. ലത, ഡിസിസി ജനറൽ സെക്രട്ടറി സുരേഷ് ബാബു എളയാവൂർ, നൗഷാദ് ബ്ലാത്തൂർ, സംയുക്ത സമരസമിതി നേതാക്കളായ റഷീദ് കവ്വായി, അഡ്വ. അജയകുമാർ, റൈജു ജയ്സൺ, കെ.പി. പ്രശാന്ത് തുടങ്ങിയവർ സമരത്തെ അഭിസംബോധന ചെയ്തു.
Tags : Local News Nattuvishesham Nurses Koyili Hospital