നാടന്‍ തോക്കുകളുമായി പിടിയിലായ പ്രവീണ്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കൊപ്പം.
തൊടുപുഴ: നാടന്‍ തോക്കുകളും തിരകളും ചാരായം വാറ്റുന്നതിനുള്ള കോടയുമായി ഒരാള്‍ പോലീസിന്റെ പിടിയിൽ.
ഉടുമ്പന്നൂര്‍ പഞ്ചായത്തിലെ ഉപ്പുകുന്ന് സികെ കട ഭാഗത്ത് പോലീസ് നടത്തിയ റെയ്ഡിലാണ് ഇളമായ്ക്കല് പ്രവീണ്‍ (44) അറസ്റ്റിലായത്. ജില്ലാ പോലീസ് മേധാവിയുടെ ഡാന്‍സാഫ് ടീമും കരിമണ്ണൂര്‍ പോലീസ് സംഘവും ചേര്‍ന്ന് നടത്തിയ റെയ്ഡില്‍ രണ്ട് നിറ നാടന്‍തോക്കുകള്‍, ഒരു തോട്ട കുഴല്‍ തോക്ക്, തോക്കില്‍ നിറയ്ക്കുന്ന 13 തോട്ട, നാടന്‍ തോക്കില്‍ നിറയ്ക്കുന്ന 32 ഇരുമ്പ് കരുക്കള്‍, 37 ഇരുമ്പ് ബോളുകള്‍, ചെറിയ ഇരുമ്പിന്റെ ബോളുകള്‍, നാടന്‍ തോക്കില്‍ നിറയ്ക്കുന്ന ഗണ്‍ പൗഡര്‍, നിര്‍മാണത്തിലിരിക്കുന്ന തോക്കിന്റെ തടിയുടെ ബട്ട് ഭാഗം, ഇരുമ്പിന്റെ ബാരല്‍ എന്നിവ കണ്ടെടുത്തു.
കൂടാതെ വീട്ടില്‍നിന്ന് 25 ലിറ്റര്‍ കോടയും കണ്ടെത്തി. രഹസ്യ വിവരത്തെത്തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി നല്കിയ നിര്‍ദേശത്തെത്തുടര്‍ന്നായിരുന്നു റെയ്ഡ്.
കരിമണ്ണൂര്‍ എസ്ഐ ജയിംസ് മാത്യു, എഎസ്ഐ രജനീഷ് അഗസ്റ്റിന്, വനിതാ ഉദ്യോഗസ്ഥരായ ടി.ബി. അഞ്ജു, അമ്പിളി പ്രസന്നന് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രതിയെ ഇന്നു കോടതിയില്‍ ഹാജരാക്കും.
Tags : One arrested nattuvishesham local news