ആറളം ഫാം പുനരധിവാസ മേഖലയിലെ കർഷകർക്കായി നടത്തിയ ഏകദിന പരിശീലനം ക്യാമ്പ് എസ്. സുജീഷ് ഉദ്ഘാടനം ചെയ്യുന്നു.
ഇരിട്ടി: ആറളം ഫാം പുനരധിവാസ മേഖലയിലെ കർഷകർക്കായി "കിഴങ്ങുവിളകളുടെ കൃഷിയും മൂല്യവർധനവ്-സംരംഭകത്വ സാധ്യതകൾ' എന്ന വിഷയത്തിൽ ഏകദിന പരിശീലനം നടത്തി. ആറളം ശലഭ സങ്കേതത്തിൽ നടന്ന പരിപാടി ആറളം ഫാർമിംഗ് കോർപറേഷൻ മാനേജിംഗ് ഡയറക്ടർ എസ്. സുജീഷ് ഉദ്ഘാടനം ചെയ്തു. കേന്ദ്ര കിഴങ്ങു ഗവേഷണ കേന്ദ്രത്തിലെ ഡോ. എം.എസ്. സജീവ്, ഡോ. കെ. സുനിൽകുമാർ, രതീശൻ എന്നിവർ ക്ലാസുകൾ നയിച്ചു.
ക്യാമ്പിൽ പങ്കെടുത്ത 70 കർഷകർക്ക് വിവിധതരം നടീൽ വസ്തുക്കൾ വിതരണം ചെയ്തു. പട്ടികവർഗ ഉപപദ്ധതിയിൽ ഉൾപ്പെടുത്തി ദീർഘകാല പരിശീലനങ്ങളും ഉത്പന്നങ്ങളുടെ വിതരണവും ആറളത്ത് തുടങ്ങുന്ന തുടർ പദ്ധതികളുടെ ആരംഭവും നടന്നു. ആറളം ഫാമിന്റെ നേതൃത്വത്തിൽ കാർഷിക വൈവിധ്യവത്കരണത്തിലൂടെ ആറളത്തെ മാതൃകാ ഗ്രാമമായി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
പട്ടികവർഗക്കാരുടെ ഭക്ഷ്യസുരക്ഷ, സാമ്പത്തിക ഉന്നമനം എന്നിവയാണു പദ്ധതിയുടെ പ്രധാന ലക്ഷ്യം. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഡോ. കെ.പി. നിതീഷ്കുമാർ, ഫാം സൂപ്രണ്ട് എം.എസ്. പ്രണവ്, കുടുംബശ്രീ കോ-ഓർഡിനേറ്റർ സനൂപ്, ആറളം വൈൽഡ് ലൈഫ് അസിസ്റ്റന്റ് വാർഡൻ രമ്യ രാഘവൻ, കെ.വി. സിജേഷ് എന്നിവർ പ്രസംഗിച്ചു.
Tags : Local News Nattuvishesham training camp