മഞ്ചേരി: മഞ്ചേരി ലാൻഡ് ട്രിബ്യൂണൽ ഓഫിസിൽനിന്ന് ഇതുവരെ വിതരണം ചെയ്തിട്ടുള്ള 10 ലക്ഷത്തോളം പട്ടയങ്ങൾ ഡിജിറ്റലായി സൂക്ഷിക്കാൻ പദ്ധതി തയാറാക്കി.
രണ്ടുകോടി രൂപ ചെലവിൽ ഇതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ ഉടനെ ആരംഭിക്കുമെന്ന് മഞ്ചേരി എൽആർ തഹസിൽദാർ എം. മുകുന്ദൻ അറിയിച്ചു. മൂന്നു താലൂക്കുകളിലായി വിതരണം ചെയ്തിട്ടുള്ള പട്ടയങ്ങളുടെ വിവരങ്ങളാണ് ഡിജിറ്റലായി സൂക്ഷിക്കുക. ഈ പട്ടയങ്ങൾ സംബന്ധിച്ച് ഏത് വിവരവും വിരൽത്തുന്പിൽ ഇതോടെ ലഭ്യമാകും.
പട്ടയങ്ങൾ വാങ്ങിത്തരാമെന്ന് പറഞ്ഞ് പാവപ്പെട്ടവരെ ചൂഷണം ചെയ്യുന്ന ഏജന്റുമാരിൽനിന്ന് ഓഫിസിനെ പൂർണമായി മോചിപ്പിക്കും. ഇതിനായി ട്രിബൂണലിന്റെ വെബ്സൈറ്റ് ഉടൻ ആരംഭിക്കുന്നതാണ്. ഇതിൽ അപേക്ഷ സംബന്ധിച്ചുള്ള ഫയലുകളുടെ സ്റ്റാറ്റസ് ആർക്കും പരിശോധിക്കുന്നതിന് അവസരമുണ്ടാകും. അതോടൊപ്പം അപേക്ഷകരുടെ ഹിയറിംഗ് ഓണ്‍ലൈനായി നടത്താനും പദ്ധതിയുണ്ട്.
വിദൂരസ്ഥലങ്ങളിലും വിദേശത്തുള്ളവർക്കും നേരിട്ട് ഹാജരാകാൻ ബുദ്ധിമുട്ട് ഉണ്ടാകുന്ന സാഹചര്യത്തിലാണ് ഓണ്‍ലൈൻ ഹിയറിംഗ് നടത്തുന്നത്. രേഖകൾ ഹാജരാക്കാനില്ലാത്ത എസ്സി-എസ്ടി വിഭാഗത്തിൽപ്പെട്ട മുഴുവൻ പേർക്കും പട്ടയം നൽകാനാണ് തീരുമാനം. ബന്ധപ്പെട്ട വില്ലേജ് ഓഫീസറുടെ കൈവശാവകാശം വ്യക്തമാക്കുന്ന റിപ്പോർട്ട് ലഭ്യമാക്കി പട്ടയം നൽകും.
മഞ്ചേരിയിൽ പട്ടയമേള; രണ്ടായിരം പേർക്ക് പട്ടയം നൽകും
മഞ്ചേരി: മഞ്ചേരിയിൽ 14ന് നടക്കുന്ന പട്ടയമേളയിൽ രണ്ടായിരം പേർക്ക് പട്ടയം നൽകും. മഞ്ചേരി മുനിസിപ്പൽ ടൗണ്‍ ഹാളിൽ നടക്കുന്ന പട്ടയമേളയോടനുബന്ധിച്ച് മഞ്ചേരി ലാൻഡ് ട്രിബ്യൂണൽ വെബ് പോർട്ടലും ഉദ്ഘാടനം ചെയ്യും. പത്ത് ലക്ഷം ഫയലുകളുടെ ഡിജിറ്റലൈസേഷനും ഇതോടെ ആരംഭിക്കും.
പൗരാവകാശ രേഖയുടെ പ്രകാശനം, എസ്സി-എസ്ടി വിഭാഗങ്ങൾക്ക് പട്ടയം നൽകാനുള്ള കാന്പയിൻ, മുതിർന്ന പൗരൻമാർ, ഭിന്നശേഷിക്കാർ, പ്രവാസികൾ എന്നിവർക്കുള്ള ഓണ്‍ലൈൻ അദാലത്ത് സംവിധാനം എന്നിവയുടെ ഉദ്ഘാടനവും നടക്കും. ഒരുവർഷത്തിനകം അപേക്ഷകൾ തീർപ്പാക്കാനുള്ള ദൗത്യ പ്രഖ്യാപനവുമുണ്ടാകും.
മന്ത്രിമാരായ എ.പി. അനിൽകുമാർ, പി.കെ. കുഞ്ഞാലിക്കുട്ടി, പി.കെ. ബഷീർ, കെ.എം. ഷാജി എന്നിവർ പങ്കെടുക്കും. കൈവശമുള്ള ഭൂമിക്ക് പട്ടയം ലഭിക്കാൻ വർഷങ്ങളായി കാത്തിരിക്കുന്നവർക്ക് ആശ്വാസമായി മലപ്പുറം ജില്ലയിൽ പട്ടയ നടപടികൾ അതിവേഗം മുന്നോട്ടുപോവുകയാണ്.
14ന് മഞ്ചേരിയിൽ നടക്കുന്ന ജില്ലാതല പട്ടയമേളയിൽ മഞ്ചേരി, തിരൂർ, തിരൂരങ്ങാടി ലാൻഡ് ട്രിബ്യൂണൽ പരിധിയിലെ 2000 പേർക്കാണ് പട്ടയം നൽകുന്നത്.
ഇതിൽ 1000 പേർ മഞ്ചേരി ഭൂപരിഷ്കരണ വിഭാഗത്തിന് കീഴിലുള്ളവരാണ്. മഞ്ചേരി ഓഫിസിന് കീഴിൽ കെട്ടിക്കിടന്ന 3,000 അപേക്ഷകളിൽ 1,500 എണ്ണം തീർപ്പാക്കി.
പട്ടയം സ്വീകരിക്കാൻ അപേക്ഷകർ നേരിട്ട് എത്തണമെന്ന നോട്ടീസ് നൽകിയെങ്കിലും 500 പേരിൽനിന്ന് മറുപടി ലഭിച്ചില്ല. ഇവരെ സമീപിച്ച് പട്ടയം നൽകാനുള്ള നടപടികളും തുടങ്ങി. രേഖകളില്ലാത്തവർക്ക് വില്ലേജ് ഓഫീസറുടെ റിപ്പോർട്ട് പരിഗണിച്ച് പട്ടയം നൽകും.
ജനുവരിയോടെ 2000 പേർക്ക് കൂടി പട്ടയം നൽകാനാണ് ലക്ഷ്യം.
ഇതിനായി താലൂക്ക്തല അദാലത്തുകളും വിദേശത്തുള്ളവർ, മുതിർന്ന പൗര·ാർ, ഭിന്നശേഷിക്കാർ എന്നിവർക്കായി ഓണ്‍ലൈൻ അദാലത്തുകളും സംഘടിപ്പിക്കും.
നൂറുദിനകർമ പദ്ധതിയുടെ ഭാഗമായി മഞ്ചേരി ഭൂപരിഷ്കരണ വിഭാഗം സ്പെഷൽ തഹസിൽദാർ എം.മുകുന്ദന്റെ നേതൃത്വത്തിലാണ് നടപടികൾ വേഗത്തിലാക്കിയത്.
Tags : Nattuvishesham Districtnews Deepikanews One million