രമേശ് ചെന്നിത്തല
കണ്ണൂർ: ലഹരിക്കെതിരേ ജനകീയ മുന്നേറ്റത്തിന് വേദിയൊരുക്കി ഓപ്പറേഷൻ തൂഫാൻ ലഹരി വിരുദ്ധ കാന്പയിൻ നാളെ ശ്രീകണ്ഠപുരത്ത് നടത്തും. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ വിദ്യാർഥികളും യുവജനങ്ങളും പൊതുജനങ്ങളുമടക്കം നാലായിരത്തോളം പേർ പങ്കെടുക്കും. ഉത്തരമലബാറിൽ ആദ്യമായാണ് "ഓപ്പറേഷൻ തൂഫാൻ' കാന്പയിന്റെ ഇത്രയും വിപുലമായ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതെന്ന് സജീവ് ജോസഫ് എംഎൽഎ പത്രസമ്മേളനത്തിൽ പറഞ്ഞു.
ഉച്ചയ്ക്ക് 12ന് ശ്രീകണ്ഠപുരം ബസ്സ്റ്റാൻഡിൽ നിന്നാരംഭിക്കുന്ന ലഹരിവിരുദ്ധ മഹാറാലി ഗവ. ഹയർസെക്കൻഡറി സ്കൂളിൽ സമാപിക്കും. ലഹരിവിരുദ്ധ സന്ദേശമുയർത്തുന്ന ഫ്ലോട്ടുകൾ, ബാൻഡ്-വാദ്യമേളങ്ങൾ, ഫ്ലാഷ് മോബ് എന്നിവയുണ്ടാകും. മികച്ച ഫ്ലോട്ടുകൾക്ക് കാഷ് അവാർഡ് നൽകും. കാന്പയിന്റെ ഭാഗമായി വിദ്യാർഥികൾക്കായി നടത്തിയ ചിത്രരചന, റീൽസ് മത്സരങ്ങളിലെ വിജയികൾക്ക് സമാപനചടങ്ങിൽ മന്ത്രി രമേശ് ചെന്നിത്തല കാഷ് അവാർഡുകളും മെമന്റോകളും സമ്മാനിക്കും. ടൗൺ സ്ക്വയറിൽ ലഹരിവിരുദ്ധ സിഗ്നേച്ചർ കാന്പയിനും സംഘടിപ്പിക്കും.
പരിപാടിയിൽ സിനിമാതാരം എസ്തർ അനിൽ, നോർത്ത് സോൺ ഐജി പുട്ട വിമലാദിത്യ, കണ്ണൂർ റൂറൽ എസ്പി ഉമേഷ് ഗോയൽ, ജില്ലാ കളക്ടർ പി. വിഷ്ണുരാജ്, ശ്രീകണ്ഠപുരം മുനിസിപ്പൽ ചെയർപേഴ്സൺ ഇ.വി. രാമകൃഷ്ണൻ, തളിപ്പറന്പ് ഡിവൈഎസ്പി വി.വി. മനോജ്, പഞ്ചായത്ത് പ്രസിഡന്റുമാർ, മറ്റ് ജനപ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ സാമൂഹിക സാംസ്കാരിക പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.
തുടർപ്രവർത്തനങ്ങൾ താഴേത്തട്ടിലേക്ക് വ്യാപിപ്പിച്ച് പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ തലങ്ങളിൽ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുമെന്ന് സജീവ് ജോസഫ് എംഎൽഎ പറഞ്ഞു. പത്രസമ്മേളനത്തിൽ ശ്രീകണ്ഠപുരം മുനിസിപ്പൽ ചെയർപേഴ്സൺ ഇ.വി. രാമകൃഷ്ണൻ, തളിപ്പറന്പ് ഡിവൈഎസ്പി വി.വി. മനോജ് എന്നിവരും പങ്കെടുത്തു.
Tags : Local News Nattuvishesham Operation Toofan Sreekandapuram