അഞ്ചല്‍: ഇടമുളയ്ക്കല്‍ പഞ്ചായത്തില്‍ അപകടകാരികളായ കാട്ടുപന്നികളെ വെടിവയ്ക്കാന്‍ പഞ്ചായത്ത് പ്രസിഡന്റ് ഉത്തരവിട്ടു. പ്രദേശത്ത് വ്യാപകമായി കൃഷിനാശവും ജനജീവിതത്തിന് ഭീഷണിയും സൃഷ്ടിക്കുന്ന കാട്ടുപന്നികളെ വെടിവച്ചു കൊല്ലുന്നതിനായി അംഗീകൃത ഷൂട്ടര്‍മാരുടെ പാനലിനുകൂടി അനുമതി നല്‍കിക്കൊണ്ടാണ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജു ആലുവിള പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ചത്.
കഴിഞ്ഞകാലങ്ങളായി ഇടമുളയ്ക്കല്‍ ഗ്രാമപഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ കാട്ടുപന്നികളുടെ ശല്യം രൂക്ഷമായിരുന്നു. രാപകല്‍ ഇല്ലാതെ കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന കാര്‍ഷിക വിളകള്‍ ഒറ്റരാത്രികൊണ്ട് നശിപ്പിക്കപ്പെടുന്നതും ജനവാസ മേഖലകളില്‍ പന്നികള്‍ കൂട്ടത്തോടെ ഇറങ്ങുന്നതും പ്രദേശവാസികളില്‍ വലിയ ആശങ്കയാണ് ഉണ്ടാക്കിയിരുന്നത്.
ഇതിന് പരിഹാരമെന്നോണം കര്‍ഷകരുടെ നിരന്തരമായ ആവശ്യപ്രകാരമാണ് പഞ്ചായത്ത് ഭരണസമിതി നടപടിയിലേക്ക് കടന്നിരിക്കുന്നത്.
സര്‍ക്കാര്‍ ഉത്തരവുകളുടെയും
വനംവകുപ്പിന്റെ മാര്‍ഗനിര്‍ദേശങ്ങളുടെയും അടിസ്ഥാനത്തില്‍ പഞ്ചായത്ത് പ്രസിഡന്റിന് ലഭിച്ചിട്ടുള്ള പ്രത്യേക അധികാരങ്ങള്‍ വിനിയോഗിച്ചാണ് കര്‍ഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാന്‍ ഷൂട്ടര്‍മാരുടെ പാനലിന് അനുമതി നല്‍കിയിട്ടുള്ളത്.
Tags : Nattuvishesham Districtnews boars