പ്രതീകാത്മക ചിത്രം
പാലക്കാട്: ഒലവക്കോട് ജംഗ്ഷൻ ബസ് സ്റ്റോപ്പിനു സമീപത്തെ ആൽമരത്തിന്റെ കൊന്പുകൾ മുറിക്കുന്നതിനിടെ പക്ഷിക്കൂടുകൾ തകർന്നു പക്ഷിക്കുഞ്ഞുങ്ങൾ ചത്ത സംഭവത്തിൽ മൂന്നു തൊഴിലാളികൾക്കെതിരേ വനംവകുപ്പ് കേസെടുത്തു.
വന്യജീവി സംരക്ഷണ നിയമപ്രകാരമാണ് നടപടി. മരം മുറിക്കാൻ തൊഴിലാളികളെ നിയോഗിച്ച കരാറുകാരനെതിരേയും കേസെടുക്കുമെന്ന് അധികൃതർ അറിയിച്ചു. മൂന്ന് നീർക്കാക്കക്കുഞ്ഞുങ്ങളും എട്ടു കൊക്കിൻ കുഞ്ഞുങ്ങളുമാണ് ചത്തത്.
വന്യജീവി സംരക്ഷണ നിയമപ്രകാരം ഇവയുടെ മരണം ഗൗരവത്തോടെയാണ് വനംവകുപ്പ് കാണുന്നത്. അതേസമയം താഴെ വീണ 12 നീർക്കാക്കക്കുഞ്ഞുങ്ങളെയും 10 കൊക്കിൻ കുഞ്ഞുങ്ങളെയും വനംവകുപ്പ് ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തി.
കഴിഞ്ഞദിവസം രാവിലെ പാലക്കാട് ജംഗ്ഷൻ റെയിൽവേസ്റ്റേഷനു സമീപത്തെ ബസ് സ്റ്റാൻഡിനോടുചേർന്ന ആൽമരത്തിന്റെ കൊന്പുകൾ മുറിക്കുന്നതിനിടെയാണ് നിരവധി പക്ഷിക്കൂടുകൾ തകർന്നുവീണത്.
പക്ഷിക്കൂടുകളോ കുഞ്ഞുങ്ങളോ ഉള്ള മരങ്ങൾ അനുമതി ലഭിച്ചാലും പക്ഷികൾ ഒഴിഞ്ഞുപോകുന്നതുവരെ മുറിക്കരുതെന്നാണ് സോഷ്യൽ ഫോറസ്ട്രി വിഭാഗത്തിന്റെ നിർദേശം. മരങ്ങളോ കൊന്പുകളോ മുറിച്ചുനീക്കാൻ ട്രീ കമ്മിറ്റിയുടെ പ്രത്യേക അനുമതിയും ആവശ്യമാണ്. അതേസമയം കൊക്കുകളുടേയും മറ്റു പക്ഷികളുടേയും ശല്യം രൂക്ഷമായിരുന്നെന്നും കാൽനടയാത്രക്കാർക്കും വ്യാപാരികൾക്കും അപകടസാധ്യത സൃഷ്ടിച്ചിരുന്ന കൊന്പുകളാണ് മുറിച്ചുനീക്കിയതെന്നും പ്രദേശത്തെ വ്യാപാരികൾ പറയുന്നു.
ഇക്കാര്യം ചൂണ്ടിക്കാട്ടി നേരത്തെ നഗരസഭയിൽ പരാതി നൽകിയിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്നും നാട്ടുകാർ ആരോപിച്ചു.
Tags : Local News Nattuvishesham