പ്രതീകാത്മക ചിത്രം
പാലാ: നഗരസഭയില്‍ വിവാദമുയര്‍ത്തിയ വിവിധ പ്രശ്നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി വിളിച്ചു ചേര്‍ത്ത നാലാമത്തെ കൗണ്‍സില്‍ യോഗവും കോറം തികയാതെ പിരിഞ്ഞു. ഏഴ് അംഗങ്ങള്‍ മാത്രമാണ് കൗണ്‍സില്‍ യോഗത്തിനെത്തിയത്. ഭരണപക്ഷത്തു നിന്നു കോണ്‍ഗ്രസ് അംഗം സെബാസ്റ്റ്യന്‍ പനക്കലും യോഗത്തിനെത്തിയിരുന്നു.
ആദ്യ ദിവസത്തെ കൗണ്‍സില്‍ യോഗം മാത്രമാണ് നടന്നത്. തുടര്‍ന്ന് മൂന്നു കൗണ്‍സിലുകളും കോറം തികയാതെ പിരിഞ്ഞു. ളാലം തോടിനോടു ചേര്‍ന്ന് അപകടാവസ്ഥയിലുള്ള മരം വെട്ടുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചയും നടന്നില്ല. ഇനി 21 ന് നടക്കുന്ന അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്കായി ആയുധങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടുന്ന തിരക്കിലാണ് പ്രതിപക്ഷവും ഭരണപക്ഷവും.
അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ ഭരണപക്ഷത്തെ കോണ്‍ഗ്രസ് അംഗങ്ങളും സ്വതന്ത്ര അംഗം മായാ രാഹുലും സ്വീകരിക്കുന്ന നിലപാടുകള്‍ നിര്‍ണായകമാകും. ഒരു വിഭാഗം കോണ്‍ഗ്രസ് അംഗങ്ങള്‍ എല്‍ഡിഎഫ് അവിശ്വാസപ്രമേയത്തെ പിന്തുണച്ചാല്‍ അത് രാഷ്ട്രീയ സാഹചര്യങ്ങള്‍ മാറി മറിയാനും ഭരണമാറ്റത്തിനും കാരണമാകും. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാടാണ് ഇക്കാര്യത്തില്‍ നിര്‍ണായകമാകുന്നത്.