കൊന്നക്കൽക്കടവിലെ പവർഹൗസിൽ പദ്ധതിയുടെ പ്രവർത്തനങ്ങൾ വിലയിരുത്തുന്ന എൻജിനിയർമാരുടെ സംഘം.
വടക്കഞ്ചേരി: പാലക്കുഴി തിണ്ടില്ലം മിനി ജലവൈദ്യുത പദ്ധതിയിൽ ഒരുമാസത്തെ വൈദ്യുതി ഉത്പാദനം ഒരുലക്ഷം യൂണിറ്റ്. ടെസ്റ്റിംഗ് പിരീഡിലെ ഉത്പാദനമാണിത്.
കഴിഞ്ഞമാസം എട്ടിനാണ് വൈദ്യുതി ഉത്പാദനം തുടങ്ങിയത്. പ്രാരംഭഘട്ടമെന്ന നിലയിൽ ഇതു വിജയകരമാണെന്ന് പദ്ധതിയുടെ ചീഫ് എൻജിനിയർ പ്രസാദ് മാത്യു, അസിസ്റ്റന്റ് എൻജിനിയർ ഷാരോൺ സാം എന്നിവർ പറഞ്ഞു.
വേനലാകുമ്പോൾ വെള്ളത്തിന്റെ കുറവ് ഉത്പാദനത്തെ ബാധിക്കും. ഡിസംബറിലും ജനുവരിയിലും വൈദ്യുതി ഉത്പാദനം നടത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എൻജിനിയർമാർ വിശദീകരിച്ചു. പാലക്കുഴിയിലെ ചെക്ക്ഡാമിൽ 7.74 മീറ്റർ വെള്ളമുണ്ട്. ചെക്ക്ഡാമിലേക്ക് നീരൊഴുക്ക് തുടരുന്നതും പ്രതീക്ഷ നൽകുന്നതാണ്. ഇതിനിടെ നല്ല മഴ ലഭിച്ചാൽ പ്രതിസന്ധി മറികടക്കാനാകുമെന്ന വിലയിരുത്തലുമുണ്ട്. മഴക്കാല മാസങ്ങളിലാകും ഉത്പാദനം വർധിത തോതിലാവുക.
മഴയെ ആശ്രയിച്ച് മാത്രമുള്ള പദ്ധതിയാണിത്. ചീഫ് എൻജിനിയർ പ്രസാദ് മാത്യു, എ.ഇ. ഷാരോൺ സാം, മുൻ എൻജിനിയർ ഇ.സി. പത്മരാജൻ, ഇലക്ട്രിക് വിംഗ് മേധാവി പരംജിത്ത് സിംഗ് സിന്ധു തുടങ്ങിയവർ ഇന്നലെ പ്രവർത്തനങ്ങൾ വിലയിരുത്തി.
ഉത്പാദിപ്പിക്കുന്ന വൈദ്യുതി കൊന്നക്കൽക്കടവിലെ പവർ ഹൗസിൽ സ്ഥാപിച്ചിട്ടുള്ള ഗ്രിഡിലേക്ക് കണക്ട് ചെയ്താണ് കെഎസ്ഇബി ക്ക് കൈമാറുന്നത്. ജില്ലാ പഞ്ചായത്തിന്റെ രണ്ടാമത്തെ പദ്ധതിയാണിത്.
Tags : Palakkuzhi Mini Hydroelectric Project NattuVishesham DistricteNews