ഇരിങ്ങാലക്കുട: മാര്‍ തോമാശ്ലീഹായുടെ ഭാരതപ്രവേശനത്തിന്റെ അനുസ്മരണമായി ഇരിങ്ങാലക്കുട രൂപതയുടെ നേതൃത്വത്തില്‍ കൊടുങ്ങല്ലൂര്‍ മാര്‍തോമ തീര്‍ഥാടനം ഡിസംബര്‍ ആറിന് നടക്കും. വിശുദ്ധ തോമാശ്ലീഹാ ഭാരതത്തില്‍ കാലുകുത്തിയതിന്റെ 19-ാം ശതോത്തര പ്ലാറ്റിനം ജൂബിലിയിലേക്ക് (1975-ാം വര്‍ഷം) ഭാരതസഭ പ്രവേശിച്ചിരിക്കുകയാണ് എന്നുള്ളതാണ് ഇത്തവണത്തെ മഹാതീര്‍ഥാടന പദയാത്രയുടെ പ്രത്യേകത. ഇരിങ്ങാലക്കുട രൂപതയിലെ 141 ഇടവകകളില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ട ആറായിരത്തോളം പ്രതിനിധികള്‍ കൊടുങ്ങല്ലൂര്‍ സെന്റ് മേരീസ് ദേവാലയ അങ്കണത്തില്‍ ഒരുക്കിയിരിക്കുന്ന സാന്തോം സ്ക്വയറില്‍ അന്നേദിനം രാവിലെ 11ന് എത്തിച്ചേരും. ഇരിങ്ങാലക്കുട, പുത്തന്‍ചിറ, മാള മേഖലകളില്‍നിന്നാണ് തീര്‍ഥാടന പദയാത്ര ആരംഭിക്കുന്നത്.
ഇരിങ്ങാലക്കുട കത്തീഡ്രലില്‍നിന്നു രാവിലെ 6.30ന് ആരംഭിക്കുന്ന പദയാത്രയ്ക്ക് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ നേതൃത്വംനല്കും. ഇരിങ്ങാലക്കുട, എടത്തിരുത്തി, കല്‍പ്പറമ്പ്, പറപ്പൂക്കര എന്നീ ഫൊറോനകളില്‍ നിന്നുള്ള തീര്‍ഥാടകര്‍ ഈ കാല്‍നടയാത്രയില്‍ അണിചേരും. പുത്തന്‍ചിറ ഫൊറോന ദേവാലയാങ്കണത്തില്നിന്നു രാവിലെ 6.45ന് പുറപ്പെടുന്ന തീര്‍ഥാടന പദയാത്രയില്‍ പുത്തന്‍ചിറ, കൊടകര, കുറ്റിക്കാട് എന്നീ ഫൊറോനകളില്‍ നിന്നുള്ള അംഗങ്ങള്‍ ആയിരിക്കും അണിനിരക്കുക. ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍ മോണ്‍. വില്‍സണ്‍ ഈരത്തറ പദയാത്ര നയിക്കും.
മാള ഫൊറോന ദേവാലയത്തില്‍നിന്നു രാവിലെ ഏഴിന് പുറപ്പെടുന്ന തീര്‍ഥാടനത്തിന് ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍ മോണ്‍. ആന്റു ആലപ്പാടന്‍ നേതൃത്വംവഹിക്കും. മാള, അമ്പഴക്കാട്, ചാലക്കുടി ഫൊറോനകളില്‍ നിന്നുള്ളവരായിരിക്കും പദയാത്രയില്‍ പങ്കെടുക്കുക. ഇരിങ്ങാലക്കുടയില്നിന്നും പുത്തന്ചിറയില്നിന്നും പുറപ്പെടുന്ന പദയാത്രകള്‍ കൊടുങ്ങല്ലൂരിന് അടുത്തുള്ള പുല്ലൂറ്റില്‍ സംഗമിക്കും. തുടര്‍ന്ന് വിശ്വാസികളുടെ സാഗരം കൊടുങ്ങല്ലൂരിലെ സാന്തോം സ്ക്വയറിലേക്ക് വിശ്വാസപ്രഖ്യാപന റാലിയായി എത്തിച്ചേരും.
മാളയില്നിന്നു പുറപ്പെടുന്ന തീര്‍ഥയാത്ര കൃഷ്ണന്‍കോട്ട വഴി സാന്തോം സ്ക്വയറില്‍ എത്തും.
തുടര്‍ന്ന് അവിടെയുള്ള കല്‍വിളക്കില്‍ മത,രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖര്‍ തിരിതെളിക്കും. രാവിലെ 11ന് ആഘോഷമായ ദിവ്യബലിക്ക് മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യകാര്‍മികത്വംവഹിക്കും. അതോടൊപ്പം 19-ാം ശതോത്തര പ്ലാറ്റിനം ജൂബിലി ഔദ്യോഗികമായി ഉദ്ഘാടനംചെയ്യും.
മാര്‍ പോളി കണ്ണൂക്കാടന്‍, മെല്‍ബണ്‍ രൂപതയുടെ പ്രഥമ മെത്രാന് മാര്‍ ബോസ്കോ പുത്തൂര്‍ എന്നിവര്‍ പ്രധാന സഹകാര്‍മികരും രൂപത വൈദികര്‍, സന്യസ്ത വൈദിക പ്രതിനിധികള്‍ എന്നിവര്‍ സഹകാര്‍മികരുമാകും. തുടര്‍ന്ന് അഴിക്കോട് പൊന്തിഫിക്കല്‍ തീര്‍ഥാടനകേന്ദ്രത്തിലെ വിശുദ്ധ തോമാശ്ലീഹായുടെ തിരുശേഷിപ്പ് വണക്കവും ഉണ്ടാകും.
മാര്‍ പോളി കണ്ണൂക്കാടന്‍ രക്ഷാധികാരിയും മുഖ്യ വികാരി ജനറാള്‍ മോണ്‍. ജോസ് മാളിയേക്കല്‍ ജനറല്‍ കോഓര്ഡിനേറ്ററുമായിട്ടുള്ള വിപുലമായ കമ്മിറ്റിക്ക് രൂപംനൽകി. പത്രസമ്മേളനത്തില്‍ ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍, മുഖ്യവികാരി ജനറാള്‍ മോണ്‍. ജോസ് മാളിയേക്കല്‍, വികാരി ജനറാള്‍മാരായ മോണ്‍. വില്‍സണ്‍ ഈരത്തറ, മോണ്‍. ആന്റു ആലപ്പാടന്‍, കണ്‍വീനര്‍ ഫാ. ഷാജു ചിറയത്ത്, ഫിനാന്‍സ് ഓഫീസര്‍ ഫാ. ലിജോ കോങ്കോത്ത്, കൊടുങ്ങല്ലൂര്‍ പള്ളി വികാരി ഫാ. ജോയ് പെരേപ്പാടന്, സെക്രട്ടി ഫാ. റിജോ ആലപ്പാട്ട്, പബ്ലിസിറ്റി കണ്‍വീനര്‍ ഫാ. ജിജോ വാകപറമ്പില്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ജിയോ വട്ടേക്കാടന്‍, രൂപത കേന്ദ്രസമിതി പ്രസിഡന്റ് ജിക്സന് നട്ടേക്കാടന്‍, കൊടുങ്ങല്ലൂര്‍ ഇടവക ട്രസ്റ്റി ജോസ് മാത്യു എന്നിവര്‍ പങ്കെടുത്തു.
Tags : Kodungallur Mar Thoma Pilgrimage on December 6 NattuVishesham DistricteNews