പ്രഭാകരന്
പുതുക്കാട്: പാലിയേക്കര മേല്‍പ്പാലത്തിന്റെ താഴെ 70-കാരനെ കല്ലുകൊണ്ട് തലയ്ക്കിടിച്ച് കൊലപ്പെടുത്തിയ തമിഴ്നാട് സ്വദേശി പ്രഭാകരന് വേറെയും കേസുകളില്‍ പ്രതി. ധര്‍മപുരി പൊന്നഗരം പോലീസ് സ്റ്റേഷന് പരിധിയില്‍ ഒരാളെ കരിങ്കല്ലു കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലും മറ്റൊരാളെ ആയുധവുമായി ആക്രമിച്ച കേസിലും ഇയാള്‍ പ്രതിയാണ്. തലവണിക്കരയില്‍ വാടകയ്ക്ക് താമസിക്കുന്ന പണ്ടാരപ്പറമ്പില്‍ ചന്ദ്രനാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിനുശേഷം കുട്ടനല്ലൂരിലെ ആളൊഴിഞ്ഞ വീട്ടില്‍ ഒളിച്ചിരിക്കുകയായിരുന്ന പ്രതിയെ പോലീസ് പിടികൂടുകയായിരുന്നു.
ചന്ദ്രന് വര്‍ഷങ്ങളായി കുടുംബമുപേക്ഷിച്ച് പാലിയേക്കര മേല്‍പ്പാലത്തിനടിയിലാണ് തങ്ങുന്നത്. ആക്രി പെറുക്കി വിറ്റാണ് ചന്ദ്രനും പ്രതിയായ പ്രഭാകരനും ജീവിച്ചിരുന്നത്. പ്രഭാകരന് ഒരാഴ്ചയായി ചന്ദ്രനോടൊപ്പമാണ് രാത്രിയില്‍ തങ്ങുന്നത്. പ്രതിയുടെ അമ്മയെ അസഭ്യം പറഞ്ഞതാണ് കൊലപാതകത്തില്‍ കലാശിച്ചത്. കരിങ്കല്ലും കോണ്‍ക്രീറ്റ് കഷണങ്ങളും കൊണ്ട് എറിഞ്ഞും അടിച്ചുമായിരുന്നു കൊലപാതകം.
കുട്ടനെല്ലൂര്‍ ഭാഗത്തുള്ള ആളൊഴിഞ്ഞ വീട്ടില്‍ ഒരാള്‍ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് കുട്ടനെല്ലൂരില്‍ എത്തിയ അന്വേഷണ സംഘം പ്രതിയെ പിടികൂടുകയായിരുന്നു.
പുതുക്കാട് പോലീസ് എസ്എച്ച്ഒ ആദം ഖാന്, എസ്ഐമാരായ ഋഷിപ്രസാദ്, പാട്രിക് തുടങ്ങിയവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Tags : Local News Nattuvishesham Paliyekkara murder