ചെർക്കള-കല്ലടുക്ക അന്തർസംസ്ഥാന പാതയിലെ പള്ളത്തടുക്ക പാലത്തിൽ കോൺക്രീറ്റ് തകർന്ന് കുഴി രൂപപ്പെട്ട നിലയിൽ.
ബദിയടുക്ക: ചെർക്കള-കല്ലടുക്ക അന്തർസംസ്ഥാന പാതയിൽ ബദിയടുക്കയ്ക്കും പെർളയ്ക്കും ഇടയിലെ പള്ളത്തടുക്ക പാലം തകർച്ചയിൽ. നേരത്തേതന്നെ അടിഭാഗത്തെ കോൺക്രീറ്റ് അടർന്നുവീണ് കമ്പികൾ പുറത്തുകാണുന്ന നിലയിലായിരുന്ന പാലത്തിന്റെ മുകൾവശത്തും ഇപ്പോൾ ആഴമുള്ള കുഴി രൂപപ്പെട്ടിരിക്കുകയാണ്.
ഉക്കിനടുക്കയിലെ ഗവ. മെഡിക്കൽ കോളജിലേക്കുള്ള പ്രധാന വഴിയിലാണ് പാലമുള്ളത്. പാലം തീർത്തും അപകടനിലയിലായാൽ മെഡിക്കൽ കോളജിലെത്താൻ കൂടുതൽ ചുറ്റി സഞ്ചരിക്കേണ്ട അവസ്ഥയാകും.
ഒന്നര മീറ്ററോളം ചുറ്റളവിൽ രൂപപ്പെട്ട കുഴിക്ക് ദിനംപ്രതി വിസ്തീർണവും ആഴവും വർധിക്കുന്ന അവസ്ഥയാണ്. ബസുകൾക്കും മറ്റു വാഹനങ്ങൾക്കുമൊപ്പം കരിങ്കല്ല് കയറ്റിയ ഭാരമേറിയ ടോറസ് ലോറികളും പതിവായി ഇതുവഴി കടന്നുപോകുന്നുണ്ട്. നേരത്തേ കോൺക്രീറ്റ് ഇളകുന്ന നിലയിലായിട്ടും അറ്റകുറ്റപണികളൊന്നും നടത്താതിരുന്നതാണ് പാലം കൂടുതൽ തകർച്ചയിലാകാൻ വഴിവച്ചതെന്ന് നാട്ടുകാർ പറയുന്നു.
Tags : NattuVishesham DistrictNews