പുൽപ്പള്ളി: പറുദീസക്കവലയിൽ ക്വാറിക്ക് പ്രവർത്തനാനുമതി ലഭിച്ചതുമായി ബന്ധപ്പെട്ട് മുള്ളൻകൊല്ലി പഞ്ചായത്തിനെതിരേ നടക്കുന്ന പ്രചാരണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ക്വാറിക്ക് പ്രവർത്തനാനുമതി നൽകാൻ പഞ്ചായത്ത് ഭരണസമിതി തീരുമാനമെടുത്തിട്ടില്ല. ഹൈക്കോടതി ഉത്തരവിട്ടതിന്റെ അടിസ്ഥാനത്തിലാണ് പഞ്ചായത്ത് സെക്രട്ടറി ക്വാറിക്ക് ലൈസൻസ് അനുവദിച്ചത്. ഭരണസമിതി അറിഞ്ഞുകൊണ്ടല്ല സെക്രട്ടറി ലൈസൻസ് അനുവദിച്ചത്. ഈ കേസിൽ പഞ്ചായത്ത് നിയോഗിച്ച സ്റ്റാൻഡിംഗ് കൗണ്സിലിന്റേയും ഹൈക്കോടതി നിയോഗിച്ച അഡ്വക്കറ്റ് കമ്മീഷന്റേയും വാദങ്ങൾ മുഖവിലയ്ക്കെടുക്കാതെയാണ് ഹൈക്കോടതി ക്വാറിക്ക് ലൈസൻസ് നൽകാൻ ഉത്തരവിട്ടത്.
2026 ഫെബ്രുവരി 25നാണ് ഹൈക്കോടതിയുടെ ഉത്തരവ് പഞ്ചായത്തിൽ ലഭിക്കുന്നത്. ഉത്തരവ് കൈപ്പറ്റി രണ്ടാഴ്ചക്കുള്ളിൽ ക്വാറിക്ക് ലൈസൻസ് നൽകണമെന്നായിരുന്നു കോടതിയുടെ ഉത്തരവ്. ഹൈക്കോടതിയുടെ ഉത്തരവ് വന്നതിന് ശേഷമോ അതിന് മുൻപോ ഒരു ഭരണസമിതി യോഗത്തിലും ഈ ക്വാറി വിഷയം അജണ്ടയായി എടുക്കുകയോ അനുമതി നൽകാൻ തീരുമാനിക്കുകയോ ചെയ്തിട്ടില്ല.
ആദ്യം പുറപ്പെടുവിച്ച ഹൈക്കോടതി ഉത്തരവ് സ്റ്റേയിലാണ്. പഞ്ചായത്ത് ഭരണസമിതിക്ക് ലഭിച്ച നിയമോപദേശ പ്രകാരം ഈ കേസിൽ കക്ഷിചേരുവാൻ തീരുമാനിച്ചിട്ടുണ്ട്. ഈ പ്രദേശത്ത് ക്വാറി ആരംഭിക്കാതിരിക്കാനുള്ള എല്ലാ നിയമ നടപടികളുമായി പഞ്ചായത്ത് മുന്നോട്ടുപോകുമെന്നും ഭരണസമിതിയംഗങ്ങൾ പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് ലിസി സാബു, വൈസ് പ്രസിഡന്റ് ഷിനു കച്ചിറയിൽ, പി.എ. പ്രകാശൻ, മിനി ജയിംസ്, ഷൈനി സണ്ണി, മുനീർ ആച്ചിക്കുളത്ത്, ജോസ് കണ്ടംതുരുത്തിയിൽ, ലിംന ഷിനോയ്, പി.കെ. രാജൻ, സുജാത രാജു, ലിബിൻ ദിലീപ്, സുമ മാധവൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
പുതിയ ക്വാറി ആരംഭിക്കാനുള്ള നീക്കത്തിൽ നിന്ന് അധികൃതർ പിൻമാറണമെന്ന്
പുൽപ്പള്ളി: കടുത്ത വരൾച്ചയും രൂക്ഷമായ കുടിവെള്ളക്ഷാമവും അനുഭവപ്പെടുന്ന മുള്ളൻകൊല്ലി പഞ്ചായത്തിൽ കരിങ്കൽ ക്വാറികൾ അനുവദിക്കുന്നത് ജനജീവിതം ദുസഹമാക്കി തീർത്തിരിക്കുകയാണെന്ന് നാട്ടുകാർ ആരോപിച്ചു.
യാതൊരു നിയന്ത്രണവും ഇല്ലാതെയാണ് നിലവിൽ നാല് ക്വാറികൾ പ്രവർത്തിക്കുന്നത്. ലൈസൻസ് നിബന്ധനകൾക്ക് വിരുദ്ധമായി ഉഗ്രസ്ഫോടനം നടത്തുന്നതിനാൽ സമീപപ്രദേശങ്ങളിലെ വീടുകൾ തകർന്ന് വാസയോഗ്യമല്ലാതാകുകയാണ്. കൂലിപ്പണിയെടുത്തും കഷ്ടപ്പെട്ടും ഉണ്ടാക്കിയ വീടുകളാണ് ഇത്തരത്തിൽ ഉഗ്രസ്ഫോടനത്തിൽ തകരുന്നത്.
സ്ഫോടനത്തിൽ കല്ലുകൾ ചിതറിതെറിക്കുന്നത് മൂലം സമീപപ്രദേശങ്ങളിൽ കൃഷി സാധ്യമല്ലാതായി. കുഴൽ കിണർ അടക്കമുള്ള കുടിവെള്ള സ്രോതസുകളും വറ്റുകയാണ്. ക്വാറികൾ കാരണം ജനങ്ങൾ വലിയ പ്രയാസം അനുഭവിക്കുന്പോഴാണ് പുതിയ ക്വാറികൾക്കും അനുമതി കൊടുക്കുന്നത്. ഉദ്യോഗസ്ഥ, ഭരണകൂടത്തിന്റെ ഒത്താശയോടെയും കോടതി ഉത്തരവിന്റെ പിൻബലത്തോടെയുമാണ് ക്വാറിമാഫിയ പഞ്ചായത്തിൽ തഴച്ച് വളരുന്നത്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ടവർ തന്നെയാണ് ക്വാറിമാഫിയയ്ക്ക് കുടപിടിക്കുന്നത്.
കോടതി ഉത്തരവുകൾക്കെതിരേ അപ്പീൽ നൽകാൻ പഞ്ചായത്ത് ഭരണസമിതി തയാറാകുന്നില്ല. പാറമടയ്ക്കെതിരേ നിരവധി പരാതികൾ നൽകിയിട്ടും നടപടി ഉണ്ടാകുന്നില്ലെന്നാണ് ആക്ഷേപം. ക്വാറിയോട് ചേർന്ന വീടുകൾക്ക് വിള്ളൽ വീഴുകയും ചെയ്തിട്ടും ഉത്തരാവാദിത്വപ്പെട്ടവർ അന്വേഷിക്കാൻ പോലും എത്താറില്ലെന്നാണ് നാട്ടുകാരുടെ പരാതി. പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭവുമായി മൂന്നോട്ടു പോകാനുള്ള തയ്യാറെടുപ്പില്ലാണ് പ്രദേശവാസികൾ.
Tags : nattu vishesham Paradisakavala Quarry