നാദാപുരം: വീട് വിട്ടിറങ്ങി ഹോട്ടലിൽ മുറിയെടുത്ത് ആത്മഹത്യക്കൊരുങ്ങിയ യുവാവിന് പോലീസ് ഇടപെടലിൽ പുതുജീവൻ. നാദാപുരം സ്വദേശിയായ 34 കാരനെയാണ് നാദാപുരം പോലീസ് മാഹിയിലെ ലോഡ്ജിൽ നിന്ന് രക്ഷപ്പെടുത്തി ജീവിതത്തിലേക്ക് തിരികെയെത്തിച്ചത്.
കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. രാവിലെ വീട്ടിൽ നിന്ന് പുറത്തേക്ക് പോയ യുവാവ് തിരിച്ചെത്താതായതോടെയാണ് ബന്ധുക്കൾ പരാതിയുമായി നാദാപുരം സ്റ്റേഷനിൽ എത്തിയത്.
ബന്ധുക്കളുടെ പരാതിയിലെ മൊബൈൽ നമ്പർ ലൊക്കേഷൻ മാഹിയിലാണെന്ന് കണ്ടെത്തിയ നാദാപുരം പോലീസ് വിവരം മാഹി, ന്യൂ മാഹി സ്റ്റേഷനുകളിലേക്ക് കൈമാറുകയായിരുന്നു. തുടർന്ന് നാദാപുരം അഡി. എസ്ഐ കെ. കുഞ്ഞിക്കണ്ണനും യുവാവിന്റെ ബന്ധുക്കളും മാഹിയിലേക്ക് പുറപ്പെടുകയും യുവാവുള്ള ലോഡ്ജ് കണ്ടെത്തുകയുമായിരുന്നു.
യുവാവിന്റെ റൂമിലെ വാതിലിൽ പലതവണ മുട്ടി വിളിച്ചെങ്കിലും മറുപടി ഒന്നും ലഭിക്കാത്തതിനെ തുടർന്ന് വാതിൽ തകർത്ത് അകത്ത് കടക്കുകയും കഴുത്തിൽ കുരുക്കിട്ട നിലയിൽ കാണപ്പെട്ട യുവാവിനെ അത്ഭുതകരമായി രക്ഷപ്പെടുത്തുകയായിരുന്നു. എസ്സിപിഒ കെ.കെ. ശ്രീലേഷ്,ഡ്രൈവർ വിനു എന്നിവരും എസ്ഐക്കൊപ്പം ഉണ്ടായിരുന്നു.
Tags : Local News Nattuvishesham Kozhikode