ചുങ്കത്തറ ഗ്രാമപഞ്ചായത്ത് ഓഫീസിൽ വിവിധ ആവശ്യങ്ങൾക്കായി വൈകുന്നേരം അഞ്ചിന്ശേഷം എത്തിയ ആളുകളുമായി സംസാരിക്കുന്ന പ്രസിഡന്റ് സി.കെ. സുരേഷ്.
വൈകുന്നേരം അഞ്ച് മുതൽ രാത്രി ഏഴ് വരെ തൊഴിലാളികൾക്കായി സമയം മാറ്റിവച്ച്
എടക്കര: കൂലിപ്പണിക്കാരായ ആളുകളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ദിവസവും രണ്ട് മണിക്കൂർ മാറ്റിവച്ച് ചുങ്കത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാതൃകയാകുന്നു. പ്രസിഡന്റ് സി.കെ. സുരേഷാണ് തന്റെ സേവനം സാധാരണ തൊഴിലാളികൾക്ക് ഉറപ്പുവരുത്താൻ വൈകുന്നേരം അഞ്ച് മുതൽ രാത്രി ഏഴ് വരെ സമയം കണ്ടെത്തിയിരിക്കുന്നത്. തൊഴിലുറപ്പ് തൊഴിലാളികൾ, കൂലിപ്പണിക്ക് പോകുന്നവർ, ടാപ്പിംഗ് തൊഴിലാളികൾ, കർഷകർ തുടങ്ങിയവർ തങ്ങളുടെ ജോലിക്കിടെ അവധിയെടുത്താണ് വിവിധ ആവശ്യങ്ങൾക്കും പരാതികൾക്കുമായി പഞ്ചായത്ത് ഓഫീസിലെത്തുന്നത്.
ആധാർ കാർഡ് തിരുത്തൽ, വിവിധ പെൻഷനുകളുടെ സാക്ഷ്യപത്രങ്ങൾ തുടങ്ങിയവയ്ക്കായി എത്തുന്പോൾ പലപ്പോഴും സർക്കാർ പരിപാടികളിലും പരിശീലനങ്ങളിലും
പൊതുപരിപാടികളിലും പ്രസിഡന്റിന് പങ്കെടുക്കേണ്ടതിനാൽ കൃത്യസമയങ്ങളിൽ ഇക്കാര്യങ്ങൾ ചെയ്ത് കൊടുക്കാൻ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് വൈകുന്നേരം അഞ്ച് മുതൽ ഏഴ് വരെ തൊഴിലാളികൾക്കായി സമയം കണ്ടെത്താൻ പ്രസിഡന്റ് തീരുമാനിച്ചത്.
പണി ഒഴിവാക്കാതെ വൈകുന്നേരം പഞ്ചായത്ത് ഓഫീസിലെത്തി പൊതുജനങ്ങൾക്ക് വിവിധ ആവശ്യങ്ങൾ സാധിക്കാനുള്ള അവസരമാണ് ഇപ്പോഴുള്ളത്. നിരവധിയാളുകളാണ് ഈ സേവനം ഇപ്പോൾ പ്രയോജനപ്പെടുത്തുന്നത്.
Tags : Local News Nattuvishesham Malappuram