പ്രതീകാത്മക ചിത്രം
ഒറ്റപ്പാലം: ഒറ്റപ്പാലം -ചെർപ്പുളശേരി റൂട്ടിൽ 20ന് സ്വകാര്യ ബസ് സമരം. റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് സ്വകാര്യ ബസുകൾ സൂചനാപണിമുടക്ക് നടത്തുന്നത്. പ്രശ്നത്തിന് പരിഹാരമാവാത്ത പക്ഷം 27 മുതൽ അനിശ്ചിതകാല സമരം തുടങ്ങുമെന്ന് ബസുടമ സംയുക്ത സമരസമിതി ഭാരവാഹികൾ പറഞ്ഞു. റോഡിന്റെ നിർമാണ പ്രവൃത്തികൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തീകരിക്കണമെന്ന് ബസുടമകൾ ആവശ്യപ്പെട്ടു.
തകർന്ന് തരിപ്പണമായ പാതയിലൂടെയുള്ള ഗതാഗതം വലിയ ഇന്ധന നഷ്ടവും വാഹനങ്ങൾക്ക് കേടുപാടുകൾ വരുത്തുന്നതും ആണെന്ന് ഇവർ ആരോപിച്ചു. അതേസമയം വിരലിലെണ്ണാവുന്ന ജീവനക്കാരാണ് ഇപ്പോഴും പാതയിൽ നിർമാണ പ്രവൃത്തികൾ നടത്തുന്നത്. ഈ നില തുടർന്നാൽ നടപ്പുവർഷവും പാതയുടെ പ്രവൃത്തികൾ പൂർത്തീകരിക്കപ്പെടില്ല. ഒറ്റപ്പാലം മുതൽ ചെർപ്പുളശേരി വരെ റോഡിൽ ചെറുതും വലുതുമായ കുഴികൾ മാത്രമാണ് ഉള്ളത്. വാഹനങ്ങൾ ഏതു രീതിയിൽ വെട്ടിച്ച് എടുത്താലും കുഴിയിൽപ്പെടുന്ന അവസ്ഥ. ബസുകൾക്കും ഇരുചക്രവാഹനങ്ങൾക്കും എല്ലാം ഒരുപോലെ അപകടകരമാണ് ഈ പാത വഴിയുള്ള യാത്ര. മഴപെയ്താൽ കുഴികളിൽ വെള്ളം നിറയും.
ഇത് അറിയാതെ വാഹനം ഓടിക്കുന്നവർ കുഴികളിൽപ്പെട്ട് അപകടത്തിൽ ചാടുന്നതും നിത്യസംഭവമായി തീർന്നിട്ടുണ്ട് നൂറുകണക്കിന് വാഹനങ്ങൾ ഈ പാതയെ ഇപ്പോൾ തന്നെ കയ്യൊഴിഞ്ഞിട്ടുണ്ട്. മറ്റ് യാത്രാമാധ്യമങ്ങളാണ് ഇപ്പോൾ ഇവർ തെരഞ്ഞെടുക്കുന്നത്. അതേസമയം കിഴൂരിനപ്പുറം ചെർപ്പുളശേരി ടൗൺ പരിസരം വരെയുള്ള ഭാഗത്തെ നവീകരണം ആദ്യ ഘട്ടത്തിൽ പൂർത്തിയായതാണ് ഏക നേട്ടമായി ചൂണ്ടിക്കാണിക്കാൻ കഴിയുക.
സ്ഥലമേറ്റെടുപ്പും വളവുകൾ നിവർത്തലും ഉൾപ്പെടെ റോഡ് വിപുലീകരണം സംബന്ധിച്ച സാങ്കേതിക കുരുക്കുകളിൽപെട്ടു രണ്ടാംഘട്ട പദ്ധതി തുടങ്ങാൻ തന്നെ ഏറെ വൈകിയിരുന്നു. അനിശ്ചിതത്വങ്ങൾക്കൊടുവിൽ കഴിഞ്ഞ ജനുവരിയിൽ തുടങ്ങിയ പദ്ധതി ഒരു വർഷവും ആറ് മാസവും പിന്നിടുമ്പോൾ പൂർത്തിയായതു പാതയോരത്തെ ചാലുകളുടേയും ഏതാനും കലുങ്കുകളുടേയും നിർമാണം മാത്രമാണ്. ആകെ 27 കലുങ്കുകളാണു പാതയിൽ നിർമിക്കേണ്ടത്. ഇതിൽ ഏറെക്കുറെ പൂർത്തിയായി.
ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കാണു പാതയുടെ നിർമാണച്ചുമതല. കരാർ പ്രകാരമുള്ള നിർമാണ കാലാവധി മാർച്ച് 31നു പൂർത്തിയായതാണ്.
54 കോടി രൂപ ചെലവിൽ കെആർഎഫ്ബിയുടെ നേതൃത്വത്തിലാണു പാതയുടെ നവീകരണം. ഒറ്റപ്പാലം മുതൽ ചെർപ്പുളശേരി വരെയുള്ള റോഡ് കിഫ്ബിയിൽ ഉൾപ്പെടുത്തി 2 ഘട്ടങ്ങായി വീതികൂട്ടി നവീകരിക്കാൻ 6 വർഷം മുമ്പാണു പദ്ധതി തയാറാക്കിയത്. ആദ്യഘട്ടത്തിൽ ഉൾപ്പെട്ട കിഴൂർ റോഡ് മുതൽ ചെർപ്പുളശേരി വരെയുള്ള ഭാഗത്തെ നവീകരണം അതിവേഗം പൂർത്തിയായപ്പോൾ, ഒറ്റപ്പാലം മുതൽ കീഴൂർ റോഡ് വരെയുള്ള 11 കിലോമീറ്റർ പാതയുടെ കാര്യം തുടക്കം മുതൽ പ്രതിസന്ധിയിലായിരുന്നു. അങ്ങിങ്ങായി ചില കുഴികളും വീതിക്കുറവും ഇതു മാത്രമായിരുന്നു കഴിഞ്ഞ ജനുവരി വരെ ചെർപ്പുളശേരി റോഡിനെച്ചൊല്ലി യാത്രക്കാരുടെ പരാതി.
പക്ഷേ കഴിഞ്ഞ ഒരു വർഷമായി നേരത്തെ ലഭിച്ചിരുന്ന യാത്രാസൗകര്യം പോലും നിഷേധിക്കപ്പെടുന്ന സാഹചര്യമാണെന്നാണ് ആക്ഷേപം. നവീകരണ പ്രവർത്തനങ്ങൾ തുടങ്ങിയതോടെ ഉള്ള റോഡ് പൂർണമായി തകർന്ന അവസ്ഥയായി.
11 കിലോമീറ്റർ റോഡിൽ കലുങ്കുകളുടെയും ചാലുകളുടെയും പണി കൂടിയായതോടെ യാത്ര തീർത്തും ദുരിതപൂർണമായി. ഇഴഞ്ഞുനീങ്ങിയിരുന്ന പണി ഇതിനിടെ നിലക്കുകയും ചെയ്തിരുന്നു.
താലൂക്കിലെ 2 പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന റോഡാണിത്. ഒറ്റപ്പാലത്തു നിന്നു മലപ്പുറം ജില്ലയിലേക്കു പ്രവേശിക്കാനുള്ള പ്രധാനപാതയും ഇതുതന്നെയാണ്. ഒറ്റപ്പാലം മേഖലയിൽ നിന്ന് ആശുപത്രി ആവശ്യങ്ങൾക്കു പെരിന്തൽമണ്ണയിലേക്കു പോകുന്ന രോഗികൾ ഉൾപ്പെടെയാണു യാത്രാദുരിതം അനുഭവിക്കുന്നത്.
കഴിഞ്ഞ ഒറ്റപ്പാലം താലൂക്ക് വികസന സമിതി യോഗത്തിലും പാതനിർമാണത്തിനെതിരെ കടുത്ത വിമർശനങ്ങൾ ഉയർന്നിരുന്നു.
എന്നാൽ തുടർന്നും ഒച്ചിഴയും വേഗതയിലാണ് റോഡിന്റെ നിർമാണ പ്രവൃത്തികൾ അധികൃതർ നടത്തുന്നത്. വേണ്ടത്ര ജോലിക്കാരെ നിയോഗിക്കാത്തത് മൂലം നിർമാണ പ്രവൃത്തികൾ അനന്തമായി നീളുകയാണ്.
Tags : Local News Nattuvishesham Private bus strike Ottapalam-Cherpulassery route