റീത്ത് വച്ച് സ്വകാര്യ ബസുടമകൾ നടത്തിയ പ്രതിഷേധ ധർണ.
അങ്കമാലി: പ്രിയദർശിനി പദ്ധതി 45 ദിവസം പിന്നിടുമ്പോൾ പ്രതിസന്ധിയിലായ സ്വകാര്യ ബസുടമകളെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോ. അങ്കമാലി യൂണിറ്റ് പ്രതിഷേധ ധർണ നടത്തി. യൂണിറ്റ് പ്രസിഡന്റ് എ.പി. ജിബിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ബസ് ഓപ്പറേറ്റേഴ്സ് കോൺഫെഡറേഷൻ ഓഫ് ഇന്ത്യ നാഷണൽ വൈസ് പ്രസിഡന്റ് എ.ജെ. റിജാസ് ഉദ്ഘാടനം ചെയ്തു.
പ്രിയദർശിനി പദ്ധതി സാരമായി ബാധിച്ച റൂട്ടുകളിൽ ഒന്നായ കൊരട്ടി-അങ്കമാലി മേഖലയിലെ ബെസ്റ്റ് വേ ബസിന്റെ ഡമ്മിയിൽ റീത്തു വച്ചാണ് പ്രതിഷേധ ധർണ നടത്തിയത്. വിദ്യാർഥികളും ഇതരസംസ്ഥാനക്കാരും ഒഴികെയുള്ള എല്ലാ പുരുഷന്മാർക്കും ബെസ്റ്റ് വേ ബസിൽ സൗജന്യ യാത്രയും അനുവദിച്ചു. 12 വർഷമായി വിദ്യാർഥികളുടെ തുച്ഛമായ ഒരു രൂപ മിനിമം ചാർജ് എന്നത് കാലോചിതമായി വർധിപ്പിക്കാത്തതും മാനദണ്ഡങ്ങളില്ലാതെ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിച്ചതുമാണ് ഈ പ്രതിഷേധത്തിന് പിന്നിലെന്ന് ഭാരവാഹികൾ പറഞ്ഞു. അസോ. യൂണിറ്റ് സെക്രട്ടറി ബി.ഒ. ഡേവിസ്, ജില്ലാ സെക്രട്ടറി കെ.എം. സിറാജ്, ആൻസി ജിജോ, വി.എസ്. സുബിൻ കുമാർ, മുനി. പ്രതിപക്ഷ നേതാവ് ടി.വൈ. ഏല്യാസ് തുടങ്ങിയവരും പങ്കെടുത്തു.