ഇരിങ്ങാലക്കുട: ജനപ്രതിനിധികള്‍ ജാതി-മത-വര്‍ണ-വര്‍ഗ-രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാവരെയും ഒരുപോലെ കാണുന്ന, ഏവര്‍ക്കും സ്വീകാര്യരായ, എല്ലാവര്ക്കും നന്മകള്മാത്രം ചെയ്തുകൊടുക്കുന്ന നിസ്വാര്‍ഥതയുടെ ആള്‍രൂപങ്ങളായി മാറണമെന്ന് ഇരിങ്ങാലക്കുട രൂപതാധ്യക്ഷന്‍ ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍. രൂപതയിലെ വിവിധ ഇടവകകളില്‍നിന്നു തദ്ദേശതെരഞ്ഞെടുപ്പില്‍ വിജയികളായവരുടെ സംഗമം ഉദ്ഘാടനംചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ്.
ജനപ്രതിനിധികളായി നിയോഗിക്കപ്പെട്ടവര്‍ നാടിന്റെ ഉന്നമനത്തിനും യുവജനക്ഷേമത്തിനും പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ പക്ഷംചേരലിനും മുന്‍കൈ എടുക്കണമെന്നും തൊഴില്‍സാധ്യതകളെ മുന്നില്‍ക്കണ്ട് നൂതനപദ്ധതികള്‍ വിഭാവനം ചെയ്യണമെന്നും മതന്യൂനപക്ഷങ്ങളുടെ അവകാശസംരക്ഷണത്തിനായി സ്വരമുയര്‍ത്തണമെന്നും ബിഷപ് നിർദേശിച്ചു.
ഇരിങ്ങാലക്കുട രൂപതാഭവനത്തില്‍ നടന്ന സ്നേഹസംഗമത്തില്‍ വികാരി ജനറാള്‍ മോണ്‍. ആന്റുആലപ്പാടന് ഒരു നല്ല നേതാവിന് ഉണ്ടായിരിക്കേണ്ട ഗുണങ്ങളെപ്പറ്റി ക്ലാസ് നയിച്ചു. രൂപതയുടെ മുഖ്യവികാരി ജനറാള്‍ മോണ്‍. ജോസ് മാളിയേക്കല്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണായി തെരഞ്ഞെടുക്കപ്പെട്ടവരെയും വിവിധ പഞ്ചായത്ത് പ്രസിഡന്റുമാരെയും വൈസ് പ്രസിഡന്റുമാരെയും ആദരിച്ചു. വികാരി ജനറാള്‍ മോണ്‍. വില്‍സണ്‍ ഈരത്തറ, ക്രിസ്ത്യന്‍ മൈനോരിറ്റി റൈറ്റ്സ് ഫോറം ഡയറക്ടര്‍ റവ.ഡോ. ജിജോ വാകപ്പറമ്പില്‍, അസോ. ഡയറക്ടര്‍ ഫാ. ജിബിന്‍ നായത്തോടന്‍ എന്നിവര്‍ പ്രസംഗിച്ചു.നൂറ്റമ്പതില്പരം ജനപ്രതിനിധികള്‍ പങ്കുചേര്‍ന്ന സംഗമം സ്നേഹവിരുന്നോടെ സമാപിച്ചു.