മലപ്പുറത്ത് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി ചെയർപേഴ്സണ് ആലിപ്പറ്റ ജമീലയുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലുന്നു.
മലപ്പുറം: ലഹരി ഉപയോഗം തടയുന്നതിൽ സർക്കാർ വകുപ്പുകൾക്കൊപ്പം തദ്ദേശ സ്ഥാപനങ്ങളും കുടുംബശ്രീ പ്രവർത്തകരും നിർണായക പങ്ക് വഹിക്കണമെന്ന് ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽ പറഞ്ഞു.
സാമൂഹ്യനീതി വകുപ്പ് നശാമുക്ത് ഭാരത് അഭിയാൻ പദ്ധതിയുടെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെയും കുടുംബശ്രീ മിഷന്റെയും സംയുക്താഭിമുഖ്യത്തിൽ സിഡിഎസ് അംഗങ്ങൾക്കും തദ്ദേശ സ്ഥാപനങ്ങളിലെ ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷർക്കുമായി "ലഹരി ഉപയോഗം പ്രതിരോധവും സമൂഹത്തിന്റെ ഉത്തരവാദിത്വവും’ എന്ന വിഷയത്തിൽ നടത്തിയ ബോധവത്കരണ പരിശീലനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കളക്ടർ.
മലപ്പുറം സിവിൽ സ്റ്റേഷനിലെ മിനി പ്ലാനിംഗ് ഹാളിൽ നടന്ന പരിപാടിയിൽ ജില്ലാ സാമൂഹ്യനീതി ഓഫീസർ സമീർ മച്ചിങ്ങൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി ചെയർപേഴ്സണ് ആലിപ്പറ്റ ജമീല ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ. റഹീമുദ്ദീൻ ബിഹേവിയറൽ തെറാപ്പി, ലഹരി പ്രതിരോധത്തിൽ തദ്ദേശസ്ഥാപനങ്ങളുടെയും കുടുംബശ്രീ പ്രവർത്തകരുടെയും പങ്ക്, സമൂഹത്തെ ലഹരിയിൽനിന്ന് സംരക്ഷിക്കുന്നതിനുള്ള പ്രായോഗിക ഇടപെടലുകൾ എന്നീ വിഷയങ്ങളിൽ ക്ലാസെടുത്തു.
എക്സൈസ് വകുപ്പിന്റെയും വിമുക്തിയുടെയും പ്രവർത്തനങ്ങൾ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ബിജു വിശദീകരിച്ചു. നാർക്കോട്ടിക്സ് ഡിവൈഎസ്പി എൻ.ഒ.സിബി, കോ ഓർഡിനേറ്റർ ബി. സുരേഷ്കൂമാർ, ഡെപ്യൂട്ടി ഡിഎംഒ ഡോ. എ. ഷിബുലാൽ, മനോജ് മേനോൻ, കുടുംബശ്രീ പ്രോഗ്രാം മാനേജർ അലീന തുടങ്ങിയവർ പങ്കെടുത്തു.
ലഹരിവിരുദ്ധ റാലിയോടെ ബോധവത്കരണം സമാപിച്ചു
പരിയാപുരം: പരിയാപുരം ഫാത്തിമ യുപി സ്കൂളിൽ ഒരാഴ്ച നീണ്ടുനിന്ന ലഹരി വിരുദ്ധ ബോധവത്കരണ പരിപാടികൾ സമാപിച്ചു. സമാപനദിനത്തിൽ വിദ്യാർഥികൾ, അധ്യാപകർ, സ്കൗട്ട് ആൻഡ് ഗൈഡ് എന്നിവയുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ റാലി സംഘടിപ്പിച്ചു. തുടർന്ന് പുത്തനങ്ങാടിയിൽ വിദ്യാർഥികൾ അവതരിപ്പിച്ച ഫ്ളാഷ് മോബ് അവതരിപ്പിച്ചു.
സ്കൂളിൽ നടന്ന പ്രത്യേക അസംബ്ലിയിലും ലഹരിവിരുദ്ധ പ്രതിജ്ഞയിലും വിദ്യാർഥികൾ പങ്കെടുത്തു. തുടർന്ന് സിസ്റ്റർ നിർമല എഫ്സിസിയുടെ നേതൃത്വത്തിൽ നടന്ന ബോധവത്കരണ ക്ലാസ് നടത്തി. പിടിഎ പ്രസിഡന്റ് ബിനു കരിന്പിൽ അധ്യക്ഷത വഹിച്ചു.
ഹെഡ്മിസ്ട്രസ് പി.എ. അന്പിളി, മറിയാമ്മ ജോണ് എന്നിവർ പ്രസംഗിച്ചു. സിസ്റ്റർ ധന്യ, സിസ്റ്റർ ജോഫി, മരിയ തോമസ്, തെരേസ ജോസഫ് എന്നിവർ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
Tags : Local News Nattuvishesham Malappuram