കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുൾ ദുരന്തബാധിതരുടെ പുരനധിവാസത്തിന് തൃക്കൈപ്പറ്റ വെള്ളിത്തോടിൽ മുസ്ലിം ലീഗ് നിർമിക്കുന്ന 105 വീടുകളിൽ പ്രവൃത്തി പൂർത്തിയായ 51 എണ്ണം ഇന്നു വൈകുന്നേരം നാലിന് ഗുണഭോക്തൃ കുടുംബങ്ങൾക്ക് കൈമാറും.
വെള്ളിത്തോട് പ്രോജക്ട് സൈറ്റിൽ പാർട്ടി സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് ഭവന കൈമാറ്റച്ചടങ്ങ് ഉദ്ഘാടനം ചെയ്യും. അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി അധ്യക്ഷത വഹിക്കും. എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി എംപി മുഖ്യാതിഥിയാകും.
മുട്ടിൽ-മേപ്പാടി സംസ്ഥാന പാതയോടുചേർന്നാണ് പ്രോജക്ട് സൈറ്റ്. എട്ട് സെന്റ് സ്ഥലവും 1,060 ചതുരശ്ര അടി വിസ്തീർണമുള്ള വീടും ഫർണിച്ചറുമാണ് ഓരോ കുടുംബത്തിനും നൽകുന്നത്. മൂന്ന് കിടപ്പുമുറികളും അനുബന്ധ സൗകര്യങ്ങളുമുള്ളതാണ് ഓരോ വീടും. ശുദ്ധജല വിതരണത്തിന് കിണർ നിർമിച്ച് ടാങ്ക് സ്ഥാപിച്ചിട്ടുണ്ട്.
കമ്മ്യൂണിറ്റി ഹാൾ, പാർക്ക് ഉൾപ്പെടെ സൗകര്യങ്ങൾ ഭവന സമുച്ചയത്തിൽ ഉണ്ടാകും. അങ്കണവാടി നിർമാണത്തിനും മറ്റും കൽപ്പറ്റ ടൗണിന് എട്ട് കിലോമീറ്റർ പരിധിയിലുള്ള പ്രോജക്ട് സൈറ്റിൽ ഇടമുണ്ട്. വെള്ളിത്തോടിൽ ഭവന പദ്ധതിക്ക് 11.5 ഏക്കർ ഭൂമിയാണ് 14,13,21,438 രൂപയ്ക്ക് മുസ്ലിം ലീഗ് വാങ്ങിയത്.
Tags : nattu vishesham Punchirimattam disaster