ഈസ്റ്റ് ഒറ്റപ്പാലം പാലത്തിനുമുകളിലെ കുഴിയടയ്ക്കല്‍.
ഒറ്റപ്പാലം: ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുന്ന ഒറ്റപ്പാലം നഗരത്തിൽ പിഡബ്ല്യുഡിയുടെ ഓട്ടയടയ്ക്കലിനെതിരേ വ്യാപക പരാതി. ഓണക്കാലം പ്രമാണിച്ച് നഗരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകാൻ പ്രധാനകാരണം നഗരത്തിനുള്ളിലെ കുഴികളാണെന്നു വ്യാപകമായി വിമർശനം ഉയർന്നിരുന്നു.
പോലീസ്, പിഡബ്ല്യുഡി വിഭാഗങ്ങൾ ഒരുമിച്ച് ചേർന്ന യോഗത്തിലും ഇതുസംബന്ധിച്ച് പിഡബ്ല്യുഡി ക്കെതിരെ രൂക്ഷമായ വിമർശനമാണുയർന്നത്.
ഈസ്റ്റ് ഒറ്റപ്പാലം പാലത്തിനുമുകളിലും പരിസരത്തുമാണ് ഏറ്റവുമധികം കുഴികൾ രൂപപ്പെട്ടിട്ടുള്ളത്. ഈ കുഴികളിൽപെടാതിരിക്കാൻ വാഹനങ്ങൾ വേഗത കുറയ്ക്കുന്നതോടുകൂടി ഗതാഗതക്കുരുക്കും രൂപപ്പെടും. പാലത്തിനു മുകളിലും പരിസരത്തും ഗതാഗതക്കുരുക്ക് രൂപപ്പെട്ടാൽ ഇതിന്റെ പ്രതിഫലനം അനുഭവപ്പെടുക ഈസ്റ്റ് ഒറ്റപ്പാലത്തേക്കും കണ്ണിയംപുറത്തേക്കുമാണ്.
വാഹനങ്ങളുടെ നീണ്ട നിരയാണ് പിന്നീടുണ്ടാവുക. ഇതോടുകൂടി നഗരം പൂർണമായും സ്തംഭിക്കും.
ഇക്കാര്യങ്ങളെല്ലാം മറ്റാരെക്കാൾകൂടുതൽ പിഡബ്ല്യുഡി അധികൃതർക്ക് അറിവുള്ളതാണ്. എന്നാൽ കണ്ടംവച്ച കോട്ടുപോലെ ചില ഭാഗങ്ങളിൽ പേരിനുമാത്രം കുഴികൾക്കുമീതെ ടാർ തൂവിപപോവുകയാണ് പിഡബ്ല്യുഡി ചെയ്തിട്ടുള്ളത്.
കഴിഞ്ഞ ദിവസമാണ് ഈ പ്രവൃത്തികൾ നടത്തിയത്. എന്നാൽ മണിക്കൂറുകൾക്കകം അടർന്നു പോവുകയും ചെയ്തു.
Tags : PWD NattuVishasham DistrictNews