കോഴിക്കോട്: പൊതുജനങ്ങൾ സ്ഥിരമായി ഉപയോഗിക്കുന്ന റെയിൽവെ സ്റ്റേഷൻ പോലുള്ള പൊതുസ്ഥലങ്ങളിലെ ജീർണാവസ്ഥയിലുള്ള നിർമിതികൾ അപകടം സംഭവിച്ചതിനുശേഷമല്ല പൊളിക്കേണ്ടതെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്. അപകടസാധ്യത തിരിച്ചറിയുന്ന ഘട്ടത്തിൽ തന്നെ അടിയന്തരമായി സുരക്ഷിതമാക്കുകയോ പൊളിച്ചുനീക്കുകയോ ചെയ്യേണ്ടത് ബന്ധപ്പെട്ട അധികാരികളുടെ ഉത്തരവാദിത്തമാണെന്ന് അദ്ദേഹം പറഞ്ഞു.
പാലക്കാട് ഡിവിഷന്റെ കീഴിലുള്ള എല്ലാ പഴയ റെയിൽവെ കെട്ടിടങ്ങളുടെയും സുരക്ഷാ പരിശോധന പുരോഗമിക്കുന്നതായി പാലക്കാട് ഡിവിഷൻ റെയിൽവെ ഡിവിഷണൽ മാനേജർ കമ്മീഷനെ അറിയിച്ചു. പഴയ റെയിൽവെ കെട്ടിടങ്ങളുടെ ഘടനാപരമായ സുരക്ഷാ ഓഡിറ്റ് ആരംഭിച്ചിട്ടുണ്ട്. പ്രസ്തുത കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ അറ്റകുറ്റപണികൾ നടത്തുകയോ പൊളിച്ചുമാറ്റുകയോ ചെയ്യുന്നതാണ്. ജീർണാവസ്ഥയിലുള്ള കെട്ടിടങ്ങളുടെ അവസ്ഥ നിരന്തരം നിരീക്ഷിച്ച് കൃത്യസമയത്ത് മുൻകരുതൽ നടപടികൾ സ്വീകരിക്കുമെന്നും റിപ്പോർട്ടിൽ പറഞ്ഞു.
കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ ക്ലോക്ക് ടവർ തകർന്ന സംഭവത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെതിരേ അച്ചടക്ക നടപടികൾ സ്വീകരിച്ചിട്ടുണ്ട്. അപകടം സംഭവിക്കുന്നതിന് മുമ്പ് തന്നെ ക്ലോക്ക് ടവറിന്റെ ജീർണാവസ്ഥ റെയിൽവേയുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. പൊളിച്ചു നീക്കാനുള്ള നടപടികളും ആരംഭിച്ചിരുന്നതായി റിപ്പോർട്ടിൽ പറഞ്ഞു. റിപ്പോർട്ടിൽ പരാമർശിച്ചിരുന്ന നടപടികൾ കേവലം പേപ്പറിൽ ഒതുങ്ങാതെ സമയബന്ധിതമായി പൂർത്തീകരിക്കണമെന്നും അവയുടെ ഫലപ്രദമായ നടപ്പാക്കൽ ഉറപ്പാക്കണമെന്നും ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവിൽ ആവശ്യപ്പെട്ടു.
പൊതുജനങ്ങളുടെ സുരക്ഷയെ ബാധിക്കുന്ന വിഷയങ്ങളിൽ പരമാവധി ജാഗ്രത പുലർത്തി സമാന സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടിയെടുക്കണമെന്ന് ഉത്തരവിൽ പറഞ്ഞു. ക്ലോക്ക് ടവർ തകർന്നുവീണ സംഭവത്തിൽ പത്രവാർത്തയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. പൊതുപ്രവർത്തകനായ അഡ്വ. വി ദേവദാസും പരാതി നൽകിയിരുന്നു.
Tags : Nattuvishesham Districtnews Railway