വെള്ളമില്ലാതെ വരണ്ടുകിടക്കുന്ന തമിഴ്നാട്ടിലെ കനാൽ.
കുമളി: കേരളത്തിലെ മഴക്കുറവ് തമിഴ്നാട് കർഷകരെ സാരമായി ബാധിച്ചു. കമ്പം, തേനി, മധുര ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ലക്ഷക്കണക്കിന് ഏക്കർ സ്ഥലം കൃഷിക്കായി ഒരുക്കിയിട്ടുണ്ടെങ്കിലും ആവശ്യത്തിന് വെള്ളം ലഭിക്കാത്തതിനാൽ കൃഷി തുടങ്ങാൻ കഴിഞ്ഞിട്ടില്ല. വലിയ തോതിൽ മഴ ലഭിച്ചില്ലെങ്കിൽ പച്ചക്കറി കൃഷിയുടെ ഉത്പാദനം വൻ തോതിൽ കുറയുമെന്ന് തമിഴ് കർഷകർ പറയുന്നു.
കമ്പം ജില്ലയിലെ തോടുകളും ചെക്ക്ഡാമുകളും പൂർണമായി വറ്റിവരണ്ട അവസ്ഥയിലാണ്. ഈ പ്രദേശങ്ങളിലെ കൃഷിക്കുള്ള ജലം മുല്ലപ്പെരിയാർ ഡാമിൽനിന്നാണ് ലഭിക്കുന്നത്. മുല്ലപ്പെരിയാറിൽ ജലനിരപ്പ് സാരമായി കുറഞ്ഞതോടെ തമിഴ്നാട് കൃഷിക്കായി എടുക്കുന്ന വെള്ളത്തിന്റെ അളവും കുറച്ചു. മുല്ലപ്പെരിയാറിലെ വെള്ളം ശേഖരിക്കുന്ന വൈഗ അണക്കെട്ടിലും ജലനിരപ്പ് താഴ്ന്ന നിലയിലാണ്. കുടിവെള്ളത്തിനായി മാത്രമാണ് ഇപ്പോൾ ഇവിടെനിന്ന് വെള്ളം തുറന്നുവിടുന്നത്.
കഴിഞ്ഞ വർഷം ഇതേസമയത്ത് ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് വൈഗ ഡാമിന്റെ ഷട്ടറുകൾ തുറന്ന് കൂടുതൽ വെള്ളം പുറത്തേക്ക് ഒഴുക്കിയിരുന്നു. നിലവിലെ കൃഷി കുഴൽകിണറുകളിലെ വെള്ളം ഉപയോഗിച്ച് പിടിച്ചുനിർത്താനാണ് ശ്രമിക്കുന്നത്. എന്നാൽ, ചെറുകിട കർഷകരിൽ പലർക്കും കുഴൽകിണർ ഇല്ലാത്തതും പ്രതിസന്ധിയാണ്.
Tags : Nattuvishesham District News