പ്രതീകാത്മക ചിത്രം
ചെറുതോണി: മഴയെ ഏറ്റവുമധികം ആശ്രയിക്കുന്ന ഏലം കൃഷിയെ മഴക്കുറവ് പ്രതികൂലമായി ബാധിക്കുമെന്ന് സ്പൈസസ് ബോർഡ്. ജില്ലയിലെ മലനിരകളിൽ ഏലം കൃഷി വ്യാപകമായിക്കൊണ്ടിരിക്കുകയാണെങ്കിലും കാലവർഷം കുറഞ്ഞതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. മഴയിൽ 55 ശതമാനത്തിലധികം കുറവുണ്ടായിരിക്കുന്ന സാഹചര്യത്തിൽ ഏലം വിളവെടുപ്പ് സീസൺ ആരംഭത്തിൽ ഉത്പാദനത്തിൽ ഗണ്യമായ കുറവുണ്ടാകുമെന്നാണ് സ്പൈസസ് ബോർഡിന്റെ വിലയിരുത്തൽ.
കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്കുകൾ പ്രകാരം ജൂലൈ 14 വരെ ജില്ലയിൽ സാധാരണയായി ലഭിക്കേണ്ടിയിരുന്നത് 1,096.6 മില്ലിമീറ്റർ മഴയാണ്. പക്ഷേ, ഇത്തവണ ലഭിച്ചത് വെറും 492 മില്ലിമീറ്റർ മാത്രമാണ്.
ഏലത്തിന്റെ പ്രധാന ഉത്പാദന മേഖലയായ ജില്ലയിലെ മലയോര മേഖലകളിലുടനീളം വലിയ തോതിലുള്ള മഴക്കുറവാണ് അനുഭവപ്പെടുന്നത്. മഴക്കുറവിൽ ഏലത്തോട്ടങ്ങളിലെ സൂക്ഷ്മ കാലാവസ്ഥാ വ്യവസ്ഥയിൽ മാറ്റമുണ്ടാകുകയും പൂക്കലും കായ്പിടിത്തവും വൈകുകയും ചെയ്യും. ജലസേചനത്തിന്റെ ആവശ്യകത വർധിക്കുന്നതിനൊപ്പം ഫ്യൂസേറിയം വിൽട്ട് രോഗബാധയും ത്രിപ്സ്, തണ്ടുതുരപ്പൻ തുടങ്ങിയ കീടങ്ങളുടെ ആക്രമണവും വർധിക്കാൻ സാധ്യതയേറെയാണെന്നും സ്പൈസസ് ബോർഡ് മുന്നറിയിപ്പ് നൽകി.
2026 ജൂണിൽ ഇടുക്കിയിലെ മൈലാടുംപാറയിലെ ഇന്ത്യൻ കാർഡമം റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ രേഖപ്പെടുത്തിയത് 234.8 മില്ലിമീറ്റർ മഴയാണ്. ആ മാസത്തെ ദീർഘകാല ശരാശരി മഴ 375.98 മില്ലിമീറ്ററാണ്. തമിഴ്നാട്ടിലെ ചെറു ഏലം കൃഷിമേഖലകളിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ വലിയ ഏലം (ബഡാ ഏലം) കൃഷിമേഖലകളിലും മഴ അനുകൂലമായിരുന്നെങ്കിലും ശക്തിപ്രാപിക്കുന്ന എൽ-നിനോ പ്രതിഭാസം ചെറു ഏലത്തിന്റെയും വലിയ ഏലത്തിന്റെയും ഉത്പാദനത്തെ ഏകദേശം 10 ശതമാനം വരെ ബാധിക്കുമെന്നാണ് ബോർഡിന്റെ വിലയിരുത്തൽ.
2026-27 കാർഷിക സീസണിൽ എൽ-നിനോയുടെ സ്വാധീനത്തെത്തുടർന്ന് ഏലം ഉത്പാദനം കഴിഞ്ഞ വർഷത്തേക്കാൾ കുറയാൻ സാധ്യതയുണ്ടെന്ന് സ്പൈസസ് ബോർഡ് ചെയർപേഴ്സൺ അഡ്വ. സംഗീത വിശ്വനാഥൻ പറഞ്ഞു. വരാനിരിക്കുന്ന സീസണിൽ ഏലോത്പാദനം കുറയുമെന്ന വിവരം ഇതിനോടകം ലഭിച്ചിട്ടുണ്ട്. ആവശ്യമായ മഴ ലഭിക്കാത്തതിനാൽ ഏലച്ചെടികളിൽ കായ്പിടിത്തം പൂർണതയിലെത്തിയിട്ടില്ല. നിലവിൽ വിളവെടുപ്പ് കണക്കെടുപ്പ് ആരംഭിച്ചിരിക്കുകയാണെന്ന് അവർ പറഞ്ഞു.
2025-26 സീസൺ ഏലം കർഷകർക്ക് വിലയുടെയും ഉത്പാദനത്തിന്റെയും കാര്യത്തിൽ മികച്ച വർഷമായിരുന്നു. കഴിഞ്ഞ സീസണിൽ ആകെ ഏലോത്പാദനം 24,715 ടണ്ണിലെത്തി. ഇത് മുൻ വർഷത്തേക്കാൾ 16 തമാനം കൂടുതലാണ്. 2024-25 സീസണിൽ ഉത്പാദനം 20,906 ടണ്ണും 2023-24 സീസണിൽ 25,230 ടണ്ണുമായിരുന്നു.
കഴിഞ്ഞ സീസണിൽ കിലോഗ്രാമിന് ശരാശരി 2,470 രൂപ നിരക്കിൽ വില ഉയർന്ന നിലയിൽ തുടരുകയും ചെയ്തു. 2023-24 സീസണിൽ ശരാശരി വില കിലോഗ്രാമിന് 1,763 രൂപയായിരുന്നു. സമീപ വർഷങ്ങളെ അപേക്ഷിച്ച് 2025-26 സീസണിൽ കർഷകർക്ക് മികച്ച വിളവും മികച്ച വിലയും ലഭിച്ചിരുന്നു.
സാധാരണ കാലാവസ്ഥാ ക്രമത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ആദ്യം പ്രതിഫലിക്കുന്നത് ഏലം പോലുള്ള താപനിലയോട് അതീവ സംവേദനക്ഷമതയുള്ള വിളകളിലാണെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞൻ ഗോപകുമാർ ചോലയിൽ പറഞ്ഞു.
തുടർച്ചയായ കാലവർഷത്തിന്റെ പിന്തുണയോടെയാണ് ഏലച്ചെടികളിൽ കായ്പിടിത്തം നടക്കുന്നത്. അത് തടസപ്പെടുമ്പോൾ ഉത്പാദനത്തെ പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹൈറേഞ്ചിലെ ഒട്ടുമിക്ക പഞ്ചായത്തുകളിലും ഏലംകൃഷി വ്യാപകമായി വരികയാണ്. പുതുകൃഷി ആരംഭിച്ചിരിക്കുന്ന കർഷകരും മഴക്കുറവിൽ വലിയ ആശങ്കയിലാണ്. വലിയ തോതിൽ പണം ചെലവഴിക്കേണ്ടി വരുന്ന കൃഷിയാണ് ഏലം. മഴക്കുറവും കടുത്ത വേനലും ഏലം കർഷകരെ വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കു തള്ളിവിടും.
Tags : Local News Nattuvishesham Rainfall deficit cardamom production