പ്രതീകാത്മക ചിത്രം
റാന്നി: താലൂക്കിലെ വിവിധ ജലമേളകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് പഴകുളം മധു എംഎല്‍എയുടെ അധ്യക്ഷതയില്‍ അവലോകന യോഗം ചേര്‍ന്നു. 23 മുതല്‍ 28 വരെയാണ് റാന്നിയിലെ വിവിധ ജലമേളകൾ. മേളകളുടെ സുരക്ഷിതത്വം ഉറപ്പാക്കാനും സുഗമമായ നടത്തിപ്പിനും വകുപ്പുകള്‍ കൃത്യമായ ക്രമീകരണം ഏര്‍പ്പെടുത്തണമെന്ന് എംഎല്‍എ നിര്‍ദേശിച്ചു.
തിരക്ക് നിയന്ത്രണത്തിനും വാഹനഗതാഗത ക്രമീകരണത്തിനും പോലീസിനെ നിയോഗിക്കും. അഗ്നിരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ റെസ്ക്യൂ ബോട്ടുകളും നീന്തല്‍ വിദഗ്ധരും ഉണ്ടാകും. ആംബുലന്‍സ് ഉള്‍പ്പെടെ മെഡിക്കല്‍ ടീം സജ്ജമാക്കും. പമ്പയാറ്റിലെ ജലനിരപ്പ് സുരക്ഷിതമായി നിലനിര്‍ത്തും. റാന്നി പാലത്തിന്റെ കീഴില്‍ അടിഞ്ഞിരിക്കുന്ന കമ്പ്, മുള തുടങ്ങിയ പാഴ്വസുതുക്കള് ഇറിഗേഷന്‍ വകുപ്പ് നീക്കം ചെയ്യും. ജലമേള കേന്ദ്രങ്ങളിലും പരിസരങ്ങളിലും ലഹരിവസ്തുക്കളുടെ വില്പനയും ഉപയോഗവും തടയുന്നതിന് പൊലീസുമായി ചേര്‍ന്ന് എക്സൈസ് വകുപ്പ് പരിശോധന നടത്തും.
ചടങ്ങുകളില്‍ ഹരിതചട്ടം പാലിക്കണമെന്നും എംഎല്‍എ നിര്‍ദേശിച്ചു. കാട്ടൂര്‍ മഹാവിഷ്ണു ക്ഷേത്ര കടവില്‍ നിന്ന് പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെത്തുന്ന തിരുവോണത്തോണിയുടെ സുഗമമായ യാത്ര സംബന്ധിച്ച ക്രമീകരണവും വിലയിരുത്തി. ചെറുകോല്‍ ഉത്രാടം തിരുനാള്‍ ജലോത്സവം 23, പേരൂര്‍ച്ചാല്‍ ജലമേള 26, റാന്നി അവിട്ടം ജലോത്സവം 27, അയിരൂര്‍ മാനവമൈത്രി ചതയ ജലമേള 28 എന്നീ തീയതികളില്‍ നടക്കും.
ജില്ലാ കളക്ടര്‍ എ. നിസാമുദ്ദീന്‍, എഡിഎം ആർ. രാജലക്ഷ്മി, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ബീന എസ്. ഹനീഫ്, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.