x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നേ​രം പു​ല​ർ​ന്ന​പ്പോ​ൾ റാ​ന്നി വെ​ള്ള​ത്തി​ൽ

വെബ് ഡെസ്ക്
Published: August 1, 2026 10:45 PM IST | Updated: August 1, 2026 10:45 PM IST

റാ​ന്നി ഇ​ട്ടി​യ​പ്പാ​റ ബ​സ് സ്റ്റാ​ൻ​ഡി​ലെ വെ​ള്ളം.

റാ​ന്നി: അ​പ്ര​തീ​ക്ഷി​ത വെ​ള്ള​പ്പൊ​ക്ക​ത്തെ​യാ​ണ് റാ​ന്നി ഇ​ന്ന​ലെ നേ​രി​ട്ട​ത്. ഭൂ​രി​ഭാ​ഗം പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നും വെ​ള്ളം വൈ​കു​ന്നേ​രം വ​രെ ഇ​റ​ങ്ങി​യി​ട്ടി​ല്ല. റാ​ന്നി ടൗ​ണ്‍ പ്ര​ദേ​ശ​ത്തേ​ക്ക് പു​ല​ര്‍​ച്ചെ മു​ത​ല്‍ വെ​ള്ളം ക​യ​റി ത്തുട​ങ്ങി​യി​രു​ന്നു. പ​മ്പാ​ന​ദി ക​ര ക​വി​ഞ്ഞ് റാ​ന്നി മാ​മു​ക്ക്, ഇ​ട്ടി​യ​പ്പാ​റ, പു​ളി​മു​ക്ക്, ചെ​ട്ടി​മു​ക്ക് പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് വെ​ള്ളം ക​യ​റി. പു​ന​ലൂ​ര്‍ - മൂ​വാ​റ്റു​പു​ഴ സം​സ്ഥാ​ന​പാ​ത​യി​ല്‍ ചെ​ത്തോ​ങ്ക​ര മു​ത​ല്‍ പെ​രു​മ്പു​ഴ ടൗ​ണ്‍​വ​രെ മു​ങ്ങി. ഇ​തോ​ടെ സം​സ്ഥാ​ന​പാ​ത​യി​ലെ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. വ​ട​ശേ​രി​ക്ക​ര - റാ​ന്നി റോ​ഡും പൂ​ര്‍​ണ​മാ​യി മു​ങ്ങി. ചെ​റു​കോ​ല്‍​പ്പു​ഴ, കീ​ക്കൊ​ഴൂ​ര്‍ റോ​ഡു​ക​ളി​ലും വെ​ള്ളം ക​യ​റി​യി​രു​ന്നു. വ​ട​ശേ​രി​ക്ക​ര ഭാ​ഗ​ത്ത് റോ​ഡി​ലേ​ക്കു വെ​ള്ളം ക​യ​റി​യ​തോ​ടെ ശ​ബ​രി​മ​ല പാ​ത​യി​ലും ത​ട​സം നേ​രി​ട്ടു. പി​എം റോ​ഡി​ലെ ചെ​ത്തോ​ങ്ക​ര, മാ​മു​ക്ക്, ചെ​ട്ടി​മു​ക്ക് ഭാ​ഗ​ങ്ങ​ളി​ലു​മാ​ണ് ആ​ദ്യം വെ​ള്ളം ഉ​യ​ർ​ന്ന​ത്.

പി​ന്നീ​ട് മാ​മു​ക്കി​ലും ഇ​ട്ടി​യ​പ്പാ​റ ടൗ​ൺ, ബ​സ് സ്റ്റാ​ൻ​ഡ് ഭാ​ഗ​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കെ​ല്ലാം വെ​ള്ളം എ​ത്തു​ക​യാ​യി​രു​ന്നു. പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളാ​യ മ​ന്ദി​രം പ​ടി, ചെ​ട്ടി​മു​ക്ക് , ഡി​റ്റ​ഡ​ൽ സ്കൂ​ൾ ഭാ​ഗം, സെ​ൻ്റ് മേ​രീ​സ് സ്കൂ​ൾ പ​രി​സ​രം അ​ങ്ങാ​ടി , കീ​ക്കൊ​ഴൂ​ർ, വ​ട​ശേ​രി​ക്ക​ര, അ​ത്തി​ക്ക​യം ടൗ​ൺ, എ​സ് സി ​പ​ടി എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം വെ​ള്ളം ക​യ​റി.

വ്യാ​പാ​ര മേ​ഖ​ല​യ്ക്കു വ​ൻ ന​ഷ്ടം

റാ​ന്നി ടൗ​ണ്‍ മേ​ഖ​ല​യി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കും വെ​ള്ളം ക​യ​റി വ​ൻ ന​ഷ്ട​മു​ണ്ടാ​ക്കി. കെ​ട്ടി​ട​ങ്ങ​ളു​ടെ താ​ഴ​ത്തെ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ച​വ​രു​ടെ സാ​ധ​ന​ങ്ങ​ളാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. ഓ​ണ​വ്യാ​പാ​ര​ത്തി​നാ​യു​ള്ള സ്റ്റോ​ക്കാ​ണ് പ​ല​ർ​ക്കും ന​ഷ്ട​മാ​യ​ത്. മു​ന്ന​റി​യി​പ്പു​ക​ൾ ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ മ​ഴ ശ​ക്ത​മാ​യ​പ്പോ​ൾ സാ​ധ​ന​ങ്ങ​ൾ മാ​റ്റാ​നു​മാ​യി​ല്ല. അ​പ്ര​തീ​ക്ഷി​ത​മാ​യ വെ​ള്ള​പ്പൊ​ക്കം അ​റി​ഞ്ഞ് ആ​ളു​ക​ൾ എ​ത്തി​യ​പ്പോ​ഴേ​ക്കും വെ​ള്ളം ക​ട​ക​ൾ​ക്കു​ള്ളി​ലേ​ക്ക് ഇ​ര​ച്ചു ക​യ​റി​യി​രു​ന്നു.

ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം സ​ജീ​വം

വെ​ള്ളം ക​യ​റി​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം പു​ല​ര്‍​ച്ചെ​യോ​ടെ ആ​രം​ഭി​ച്ചു. റാ​ന്നി​യി​ല്‍ വെ​ള്ള​പ്പൊ​ക്ക​ത്തി​ല്‍ കു​ടു​ങ്ങി​പ്പോ​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ ആ​ളു​ക​ളെ ഒ​ഴി​പ്പി​ച്ചു​വ​രി​ക​യാ​ണ്. എ​ന്‍​ഡി​ആ​ര്‍​എ​ഫ് സം​ഘം രാ​വി​ലെ റാ​ന്നി​യി​ലെ​ത്തി​യെ​ങ്കി​ലും റോ​ഡു​ക​ളി​ല്‍ വെ​ള്ളം ക​യ​റി യാ​ത്ര ത​ട​സ​പ്പെ​ട്ട​തി​നാ​ല്‍ പ്ര​ള​യ​ബാ​ധി​ത മേ​ഖ​ല​ക​ളി​ലേ​ക്ക് എ​ത്താ​ന്‍ വൈ​കി. ഡി​ങ്കി ബോ​ട്ടു​ക​ളും മ​റ്റും ഉ​പ​യോ​ഗി​ച്ചാ​ണ് പി​ന്നീ​ട് ഇ​വ​ര്‍ നി​ശ്ചി​ത സ്ഥാ​ന​ങ്ങ​ളി​ലെ​ത്തി​യ​ത്. ഫ​യ​ര്‍​ഫോ​ഴ്‌​സ് സം​ഘം പു​ല​ര്‍​ച്ചെ ത​ന്നെ എ​ല്ലാ മേ​ഖ​ല​ക​ളി​ലും സ​ജീ​വ​മാ​ണ്.​പ​ഴ​കു​ളം മ​ധു എം​എ​ല്‍​എ, ജി​ല്ലാ ക​ള​ക്ട​ര്‍ എ. ​നി​സാ​മു​ദ്ദീ​ന്‍ എ​ന്നി​വ​ര്‍ റാ​ന്നി​യി​ലെ ര​ക്ഷാ​പ്ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ച്ചു.

നി​ര​വ​ധി കു​ടും​ബ​ങ്ങ​ളെ പു​ല​ര്‍​ച്ചെ മാ​റ്റി പാ​ര്‍​പ്പി​ച്ചു. ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ള്‍ തു​റ​ന്നു. വെ​ള്ളം ക​യ​റി​യ പ്ര​ദേ​ശ​ത്തു​നി​ന്ന് ആ​ളു​ക​ളെ ഒ​ഴി​പ്പി​ക്കാ​ന്‍ കാ​ല​താ​മ​സം ഉ​ണ്ടാ​യ​താ​യും ആ​ക്ഷേ​പ​മു​ണ്ട്.

കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ല്‍ വെ​ള്ളം ക​യ​റി ഒ​റ്റ​പ്പെ​ട്ടു പോ​യ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കു സ​ഹാ​യം എ​ത്തി​ക്കാ​ന്‍ എ​ന്‍​ഡി​ആ​ര്‍​എ​ഫ് സം​ഘം അ​ട​ക്കം രം​ഗ​ത്തു​ണ്ട്. കോ​സ് വേ​ക​ളി​ല്‍ വെ​ള്ളം ക​യ​റി അ​റ​യാ​ഞ്ഞി​ലി​മ​ണ്‍ പ്ര​ദേ​ശം ഒ​റ്റ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. മു​ക്കം കോ​സ് വേ​യി​ലും വെ​ള്ളം ക​യ​റി​യി​രു​ന്നു. ന​ദി ക​ര​ക​വി​ഞ്ഞ​തോ​ടെ തോ​ടു​ക​ളി​ലേ​ക്ക് വെ​ള്ളം തി​രി​കെ ക​യ​റു​ന്ന സ്ഥി​തി​യാ​ണു​ണ്ടാ​യ​ത്. താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ൾ പൂ​ർ​ണ​മാ​യി മു​ങ്ങു​ക​യും ജ​ല​നി​ര​പ്പ് ഉ​യ​രു​ക​യും ചെ​യ്തു. പ​മ്പാ ന​ദി​യി​ലും ക​ര​ണം കു​ത്തി തോ​ട്ടി​ലും വെ​ള്ളം ഉ​യ​ർ​ന്ന് അ​ത്തി​ക്ക​യം - വെ​ച്ചൂ​ച്ചി​റ റോ​ഡി​ലും, അ​ത്തി​ക്ക​യം - ഷാ​പ്പു​പ​ടി, മ​ന്ദി​രം ഭാ​ഗം റോ​ഡി​ലും പേ​രൂ​ർ​ച്ചാ​ൽ - പ്ലാ​ങ്ക​മ​ൺ, ചെ​റു​­­കോ​ൽ​പ്പു​ഴ - തീ​യാ​ടി​ക്ക​ൽ റോ​ഡു​ക​ളി​ലും വെ​ള്ളം ക​യ​റി.

സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും ടൗ​ണു​ക​ളി​ലെ​യും വീ​ടു​ക​ളി​ലും വെ​ള്ളം ക​യ​റി ന​ഷ്ട​മു​ണ്ടാ​യി. വെ​ച്ചൂ​ച്ചി​റ പ​ഞ്ചാ​യ​ത്തി​ൽ ചെ​മ്പ​ൻ​മു​ടി ഭാ​ഗ​ത്ത് സ്വ​കാ​ര്യ റ​ബ​ർ തോ​ട്ട​ത്തി​ൽ നി​ന്ന് ചെ​റി​യ ഉ​രു​ൾ പൊ​ട്ട​ലി​ൽ കു​ത്തൊ​ഴു​ക്കു​ണ്ടാ​യ​ത് പ്ര​ദേ​ശ​വാ​സി​ക​ളെ പ​രി​രാ​ന്ത​രാ​ക്കി. തു​ട​ർ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്ഥ​ല​ത്തെ​ത്തി സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന റെ​ജീ​ന കി​ഴ​ക്കേ പാ​ല​ത്തി​ങ്ക​ൽ, സ​ർ​വെ മ​ല​യി​ൽ ബാ​ബു ജോ​ർ​ജ് എ​ന്നി​വ​രു​ടെ കു​ടും​ബ​ങ്ങ​ളെ ഇ​വി​ടെ നി​ന്ന് മാ​റ്റി​യി​ട്ടു​ണ്ട്.

പെ​രു​ന്തേ​ന​രു​വി വൈ​ദ്യു​ത പ​ദ്ധ​തി​യു​ടെ ചെ​റി​യ പാ​ലം ക​ട​ന്ന് എ​ത്തു​ന്ന റോ​ഡി​ലും ന​ദീ​ജ​ലം ഉ​യ​ർ​ന്ന് റോ​ഡു മു​ങ്ങി​യ​തി​നാ​ൽ കു​രു​മ്പ​ൻ​മൂ​ഴി നി​വാ​സി​ക​ൾ​ക്ക് പു​റം ലോ​ക​വു​മാ​യി ബ​ന്ധ​പ്പെ​ടാ​ൻ മാ​ർ​ഗ​മി​ല്ല. ഈ ​ഭാ​ഗ​ത്ത് സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളു​ടെ അ​ടി​യ​ന്തര ശ്ര​ദ്ധ​യു​ണ്ടാ​വ​ണ​മെ​ന്നാ​ണ് വാ​ർ​ഡ് അം​ഗ​ത്തി​ന്‍റെ ആ​വ​ശ്യം. നാ​റാ​ണം മൂ​ഴി പ​ഞ്ചാ​യ​ത്തി​ലെ അ​ടി​യ​ന്ത​ര ര​ക്ഷാ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പ്ര​സി​ഡ​ന്‍റ് സു​നി​ൽ കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളും നാ​ട്ടു​കാ​രും രം​ഗ​ത്തു​ണ്ട്.‌

Tags : Nattuvishesham DistrictNews DeepikaNews Ranni

Recent News

Corehub Up