കൊച്ചി: വനത്തില്‍ മാത്രം സാധാരണയായി കാണുന്ന മൂട്ടിപ്പഴം വീട്ടുമുറ്റത്ത് തനിയെ മുളച്ച് വളര്‍ന്നു. കോതമംഗലം വെളിയേല്‍ച്ചാല്‍ സ്വദേശി ജോയിയുടെ വീട്ടിലാണ് ഈ കൗതുക കാഴ്ച. മൂട്ടിപ്പഴമരം കായ്ച്ചതോടെ പഴുത്ത ചുവന്ന കായകള്‍ കാണാന്‍ ആളുകളും എത്തിത്തുടങ്ങി.
കഴിഞ്ഞ വര്‍ഷമാണ് മൂട്ടിപ്പഴം ആദ്യമായി കായ്ച്ചത്. അപ്പോഴാണ് ഇത് വനത്തില്‍ കാണപ്പെടുന്ന മൂട്ടിപ്പഴ മരമാണെന്ന് ജോയിക്ക് മനസിലായത്. ഇപ്പോള്‍ മരത്തില്‍ നിറയെ പഴങ്ങളുണ്ട്. മൂത്ത് പഴുത്തപ്പോള്‍ ചുവന്ന നിറത്തിലേക്ക് മാറിയ കായകള്‍ കാഴ്ചയ്ക്കും നല്ല കൗതുകമാണ്.
വനത്തിന്‍റെ സ്വാഭാവിക സൗന്ദര്യം വീട്ടുമുറ്റത്ത് എത്തിയതു പോലെയാണ് ഈ കാഴ്ച. ജനുവരിയോടെ പൂത്തു തുടങ്ങുന്ന മരത്തില്‍ ജൂണ്‍, ജൂലൈ മാസങ്ങളില്‍ വിളവെടുക്കാം. പുളിയും മധുരവും ഇടകലര്‍ന്ന രുചിയാണ് ഈ പഴത്തിന്. ഇത് തനിയെ വളര്‍ന്നതാണെന്നും കഴിഞ്ഞ വര്‍ഷം കായ്ച്ചപ്പോഴാണ് ഇത് മൂട്ടിപ്പഴമാണെന്ന് മനസിലായതെന്നുമാണ് വീട്ടുടമ പറയുന്നത്.
ഔഷധ ഗുണമുള്ള ഈ പഴം തോട്ടങ്ങളില്‍ വച്ച് പിടിപ്പിച്ച് വിപണനം ചെയ്യാന്‍ കര്‍ഷകര്‍ രംഗത്തുവരണമെന്നും വീട്ടുടമ ജോയി പറഞ്ഞു. പ്രകൃതിയുടെ സ്വന്തം രീതിയില്‍ വളര്‍ന്ന ഈ മരം സംരക്ഷിച്ചാല്‍ അപൂര്‍വ സസ്യങ്ങള്‍ക്കും നമ്മുടെ വീടുകളില്‍ ഇടമുണ്ടാകുമെന്ന് തെളിയിച്ചിട്ടുണ്ടെന്നും ജോയി പറഞ്ഞു.