മാനന്തവാടി: കെഎസ്ആർടിസി ലോക്കൽ ബസുകളിൽ സംസ്ഥാന സർക്കാരിന്റെ ഇന്ദിര ഗ്യാരണ്ടിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര പദ്ധതി നടപ്പാക്കുന്പോൾ 1987ൽ പട്ടികവർഗക്കാരുടെ ഉന്നമന്നം ലക്ഷ്യമിട്ട് നടപ്പാക്കിയ പ്രിയദർശിനി ട്രാൻസ്പോർട്ട് ബസ് സർവീസുകൾ ഇന്ന് കട്ടപ്പുറത്ത്.
തുടക്കത്തിൽ ഒന്പത് ബസ് സർവീസുകൾ ഉണ്ടായിരുന്നെങ്കിലും മൂന്ന് സർവീസ് മാത്രമാണ് ഇപ്പോൾ നടക്കുന്നത്. ഫലത്തിൽ മൂന്ന് കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായതെന്നാണ് പ്രാഥമിക വിലയിരുത്തൽ.മാനന്തവാടിയിൽ നിന്നും കോഴിക്കോട്, വാളാട്, ബത്തേരി സർവീസുകൾ മാത്രമാണ് നടത്തുന്നത്. ബാക്കി ബസുകളെല്ലാം പ്രിയദർശിനിയുടെ പേരിലുള്ള പിലാക്കാവ് പഞ്ചാരകൊല്ലി എസ്റ്റേറ്റിൽ തുരുന്പെടുത്ത് നശിക്കുകയാണ്. നിലവിലുള്ള സർവീസുകളാകട്ടെ തൊഴിലാളികൾക്ക് നടത്തിപ്പിന് നൽകിയിരിക്കയാണ്. 50 ലധികം തൊഴിലാളികൾക്ക് ജോലി ലഭിക്കുന്ന സംരംഭമാണ് ഇപ്പോൾ കട്ടപ്പുറത്തായിരിക്കുന്നത്.
ഒരു ഭാഗത്ത് സൗജന്യ യാത്ര നടപ്പാക്കുന്പോൾ മറുഭാഗത്ത് ഗോത്രവർഗക്കാരുടെ ഉന്നമനം ലക്ഷ്യംവച്ച് നടത്തുന്ന പ്രിയദർശിനി സർവീസ് അധഃപതനത്തിന്റെ പാതയിലാണെന്നാണ് പരാതി ഉയരുന്നത്. എത്രയും വേഗം സർവീസ് നടത്തുന്നതിനാവശ്യമായ നടപടികൾ ഉണ്ടാകണമെന്നാണ് പൊതു ജനങ്ങളുടെ ആവശ്യം.
Tags : nattu vishesham Priyadarshini