പ്രതീകാത്മക ചിത്രം
മുക്കം: എടവണ്ണ - കൊയിലാണ്ടി സംസ്ഥാനപാതയിൽ മുക്കം പോലീസ് സ്റ്റേഷൻ പരിധിയിൽ അപകടങ്ങൾ തുടർക്കഥയായ സാഹചര്യത്തിൽ കർശന ജാഗ്രതാ നിർദ്ദേശങ്ങളുമായി മുക്കം പോലീസ്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ മാത്രം ഗുരുതര പരിക്കുകൾക്കും ജീവഹാനിക്കും ഇടയാക്കിയ നിരവധി അപകടങ്ങളാണ് മേഖലയിൽ റിപ്പോർട്ട് ചെയ്തത്. നിയമം ലംഘിച്ചുള്ള അപകടകരമായ ഡ്രൈവിംഗാണ് പലപ്പോഴും ദുരന്തങ്ങൾക്ക് വഴിവെക്കുന്നതെന്ന് മുക്കം സബ് ഇൻസ്പെക്ടർ എം. നിർമൽ പറഞ്ഞു.
മുക്കത്തും പരിസരങ്ങളിലും ഇരുചക്രവാഹനങ്ങളുടെ അമിതവേഗത, ഹെൽമറ്റ് ധരിക്കാതെയുള്ള യാത്ര, മൂന്ന് പേരെ കയറ്റിയുള്ള യാത്ര എന്നിവ വ്യാപകമാണ്. ഇവർക്കെതിരെ കർശന നടപടി സ്വീകരിക്കും. കുട്ടികൾക്ക് വാഹനം നൽകുന്ന രക്ഷിതാക്കൾക്കെതിരെ കേസ് എടുക്കും.
നിലവിൽ നിരവധി രക്ഷിതാക്കൾക്കെതിരെ കേസെടുക്കുകയും പിഴ ഈടാക്കുകയും ചെയ്തിട്ടുണ്ട്. അപകടമുണ്ടാക്കിയ ശേഷം വാഹനങ്ങൾ നിർത്താതെ കടന്നുകളയുന്നത് ഗുരുതര കുറ്റമായി കണക്കാക്കും. അപകടത്തിൽപ്പെടുന്നവരെ ഉടൻ ആശുപത്രിയിലെത്തിക്കാൻ പൊതുജനങ്ങൾ മുന്നോട്ടുവരണമെന്നും എസ്ഐ അഭ്യർത്ഥിച്ചു. രക്ഷാപ്രവർത്തനത്തിൽ പങ്കാളികളാകുന്നവർക്ക് പോലീസിന്റെ ഭാഗത്തുനിന്ന് എല്ലാവിധ പിന്തുണയും സംരക്ഷണവും ലഭിക്കുമെന്നും, കേസുകളിൽ കുടുങ്ങുമെന്ന ഭയത്തോടെ ആരും ഒഴിഞ്ഞുമാറരുതെന്നും അദ്ദേഹം ഉറപ്പുനൽകി.
അപകടനിരക്ക് കുറയ്ക്കുന്നതിനായി വിവിധ ജനകീയ കൂട്ടായ്മകളെ ഏകോപിപ്പിച്ച് സമഗ്രമായ ബോധവൽക്കരണ പരിപാടികൾ ആസൂത്രണം ചെയ്തുവരികയാണെന്നും പോലീസ് അറിയിച്ചു.