നഗരസഭയുടെ നേതൃത്വത്തിലുള്ള അനധികൃത കച്ചവടമൊഴിപ്പിക്കൽ.
ആലപ്പുഴ: നഗരസഭാ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിൽ നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ നടത്തിവരുന്ന അനധികൃത കച്ചവട സ്ഥാപനമൊഴിപ്പിൽ നടപടി വിവാദത്തിലേക്ക്. കുടിയൊഴിപ്പിച്ച കച്ചവടക്കാരെ മുല്ലക്കൽ സ്ട്രീറ്റ് മുതൽ കൈചൂണ്ടി ജംഗ്ഷൻ വരെയുള്ള സംസ്ഥാന പാതയിൽ പുനരധിവസിപ്പിക്കാൻ നഗരസഭ നടത്തുന്ന നീക്കം അനുവദിക്കില്ലെന്നു കാട്ടി കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ടൗൺ കോ-ഓർഡിനേഷൻ കമ്മി റ്റി രംഗത്തെത്തി.
മുനിസിപ്പൽ അധികൃതരുടെ അപക്വമായ ഈ തീരുമാനം പുനഃപരിശോധിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകാനാണ് ഇവരുടെ തീരുമാനം. അതിനു മുന്നോടിയായി നാളെ രാവിലെ 10 ന് നഗരസഭയിലേക്ക് പ്രതിഷേധ മാർച്ച് നടത്തും. നാളെ ഒന്നുവരെ നഗരത്തിലെ എല്ലാ വ്യാപാരസ്ഥാപനങ്ങളും അടച്ചിടും.
എന്നാൽ, അന്യായ കുടിയൊഴിപ്പിക്കൽ അവസാനിപ്പിക്കുക, സർവേ നടത്തി കച്ചവടക്കാർക്ക് ഐഡി കാർഡും ലൈസൻസും അനുവദിക്കുക, അനധികൃതമായി നീക്കം ചെയ്ത കച്ചവട സ്ഥാപനങ്ങൾ പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് വഴിയോര കച്ചവട തൊഴിലാളി യൂണിയൻ- സിഐടിയു ആലപ്പുഴ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭ ഓഫീസിലേക്ക് ഇന്നലെ മാർച്ച് നടത്തി. സമരത്തിനുശേഷം യൂണിയൻ നേതാക്കൾ മുനിസിപ്പൽ അധികാരികളുമായി സംസാരിച്ചെന്നും ഒഴിപ്പിക്കൽ താത്കാലികമായി നിർത്തിവച്ച് വീണ്ടും വെൻഡിംഗ് കമ്മിറ്റി കൂടി പരിശോധിക്കുമെന്ന് നഗരസഭ ഉറപ്പുനൽകിയതായും യൂണിയൻ ഭാരവാഹികൾ പറഞ്ഞു.
കുടിയൊഴിപ്പിക്കലും പുനരധിവാസവും വിവാദത്തിലേക്ക് നീങ്ങുന്പോൾ
കണ്ണൻവർക്കി പാലത്തിലും അപ്രോച്ച് റോഡിലുമായി പ്രവർത്തിച്ചിരുന്ന 13 അനധികൃത കടകൾ നഗരസഭ പൊളിച്ചുനീക്കി. ടൗൺ വെൻഡിംഗ് കമ്മിറ്റി യോഗത്തിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ നഗരത്തിലെ നോൺ-വെൻഡിംഗ് സോണുകളിൽ പ്രവർത്തിക്കുന്ന അനധികൃത വ്യാപാര സ്ഥാപനങ്ങൾ വരും ദിവസങ്ങളിലും ഘട്ടംഘട്ടമായി നീക്കം ചെയ്യാനാണ് നഗരസഭയുടെ തീരുമാനം. പാലങ്ങളിലും അപ്രോച്ച് റോഡുകളിലും പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരേയാണ് ആദ്യഘട്ടത്തിൽ നടപടി സ്വീകരിക്കുന്നത്.
ഓണത്തിന് മുമ്പു തന്നെ ഇത്തരം സ്ഥലങ്ങളിൽ അനധികൃതമായി കച്ചവടം നടത്തുന്നവർ സ്ഥാപനങ്ങൾ സ്വമേധയാ നീക്കം ചെയ്യണമെന്ന് നഗരസഭ നിർദേശം നൽകിയിരുന്നു. എന്നാൽ, ഈ നിർദേശം പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരേയാണ് നഗരസഭ നേരിട്ട് ഒഴിപ്പിക്കൽ നടപടി സ്വീകരിച്ചത്.നഗരത്തിലെ പൊതുഗതാഗതത്തിനും കാൽനടയാത്രക്കാർക്കും തടസം സൃഷ്ടിക്കുന്ന അനധികൃത കച്ചവടങ്ങൾക്കെതിരേ വരും ദിവസങ്ങളിലും പരിശോധനയും നീക്കം ചെയ്യലും തുടരുമെന്ന് നഗരസഭ വ്യക്തമാക്കുന്നു. പ്രത്യേകിച്ച് പാലങ്ങൾക്ക് സമീപമുള്ള നോൺ-വെൻഡിംഗ് സോണുകളിൽ പ്രവർത്തിക്കുന്ന എല്ലാ അനധികൃത വ്യാപാര സ്ഥാപനങ്ങളും അടിയന്തരമായി നീക്കം ചെയ്യുമെന്നും നഗരസഭ അധികൃതർ അറിയിച്ചു.
2014 ലെ സ്ട്രീറ്റ് വെൻഡിംഗ് ആക്ട് പ്രകാരം നിരത്തുകളിൽ തോന്നിയതു പോലെ കച്ചവടം നടത്താൻ അനുവദിക്കാനാവില്ലെന്നാണ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ടൗൺ കോ-ഓർഡിനേഷൻ കമ്മിറ്റി പറയുന്നത്. വെൻഡിംഗ് സോണായി തിരിച്ചിട്ടുള്ള സ്ഥലത്തു മാത്രം വീൽ ഘടിപ്പിച്ച ഉന്തുവണ്ടികളിൽ കച്ചവടം നടത്തുന്നതിനു മാത്രമാണ് അനുവാദം. ദേശീയപാതകളിൽ മാത്രമല്ല, സംസ്ഥാനപാതകളിലും സ്ട്രീറ്റ് വെൻഡിംഗ് നിയമവിരുദ്ധമാണ്.
സംസ്ഥാനപാതയ്ക്ക് തുല്യമായി പ്രഖ്യാപിച്ചിട്ടുള്ള സീറോ ജംഗ്ഷൻ മുതൽ ജില്ലാകോടതി പാലം വരെയുള്ള മേജർ ഡിസ്ട്രിക് റോഡും സംസ്ഥാന പാതയിൽ ഉൾപ്പെടുന്ന ജില്ലാ കോടതി പാലം മുതൽ കൈചൂണ്ടി ജംഗ്ഷൻ വരെയുള്ള റോഡിന്റെ ഇരു വശങ്ങളിലും സ്ട്രീറ്റ് വെൻഡിംഗ് നിയമപരമായി പാടുള്ളതല്ല. എന്നാൽ, ആലപ്പുഴ നഗരസഭയിലെ ഏതാനും ചില ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും ഒത്താശയോടെയാണ് പദ്ധതി നടപ്പിലാക്കാൻ ശ്രമിക്കുന്നത്. കഴിഞ്ഞ എൽഡിഎഫ് ഭരണസമിതിയുടെ കാലത്ത് നടപ്പിലാക്കാൻ ശ്രമിച്ചിരുന്ന പരിപാടി ഏകോപനസമിതിയുടെ ശക്തമായ എതിർപ്പ് മൂലം മാറ്റിവച്ചിരിക്കുകയായിരുന്നു. നഗരസഭയിൽ യുഡിഎഫ് അധികാരത്തിലെത്തിയപ്പോൾ അവരെ സ്വാധീനിച്ച് എൽഡിഎഫ് ഇത് സൂത്രത്തിൽ പാസാക്കിയെടുക്കുകയായിരുന്നു.
റോഡിന്റെ നടപ്പാതയിലും പാർക്കിംഗ് സ്ഥലത്തും ചിലർക്ക് സ്ഥിരമായ ബങ്കുകൾ നിർമിച്ച് നൽകാനുള്ള നഗരസഭയുടെ നീക്കം പ്രതിഷേധാർഹമാണ്. വൻതുക വാടക നൽകി വ്യാപാരം ചെയ്യുന്ന വ്യാപാര സ്ഥാപനങ്ങളിൽ വരുന്ന ഉപഭോക്താക്കളുടെ ഇരുചക്ര വാഹനങ്ങൾ പോലും പാർക്ക് ചെയ്യാൻ സ്ഥലപരിമിതി മൂലം കഴിയുന്നില്ല. നഗരസഭയുടെ ഈ നിയമവിരുദ്ധ നടപടി പിൻവലിക്കുന്നത് വരെ ശക്തമായ സമരപരിപാടുകളുമായി മുന്നോട്ടുപോകാനാണ് ഏകോപനസമിതി തീരുമാനം.
നഗരസഭാ കൗൺസിലിൽ ബഹളം
ആലപ്പുഴ: നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി അനധികൃതവഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കുന്ന നടപടികൾ നിർത്തണമെന്ന് ആവശ്യപ്പെട്ട് നഗരസഭാ കൗൺസിൽയോഗത്തിൽ ബഹളം. എൽഡിഎഫിലേയും യുഡിഎഫിലേയും ചില കൗൺസിലർമാരാണ് വഴിയോരക്കച്ചവടക്കാർക്ക് സംരക്ഷണം ഒരുക്കണമെന്ന് ആവശ്യപ്പെട്ടത്. വൻകിടക്കാർക്കെതിരേ നടപടിയെടുക്കാതെ സാധാരണക്കാരെ മാത്രം തിരഞ്ഞുപിടിച്ചാണ് നടപടിയെന്ന് ചിലർ കുറ്റപ്പെടുത്തി.
എൽഡിഎഫിലെ പി.കെ. ഫൈസൽ, എസ്. ഫൈസൽ, യുഡിഎഫിലെ എം.കെ. നിസാർ തുടങ്ങിയവരാണ് കൈയേറ്റം ഒഴിപ്പിക്കലിനെതിരേ രംഗത്തെത്തിയത്. ടൗൺ വെൻഡിംഗ് കമ്മിറ്റിയുടെ തീരുമാനങ്ങൾ അട്ടിമറിച്ചാണ് കൈയേറ്റം ഒഴിപ്പിക്കുന്നതെന്നും ഒരുവിഭാഗം ഉദ്യോഗസ്ഥരുടെ താത്പര്യങ്ങൾ ഒഴിപ്പിക്കൽ നടപടികളെ ബാധിച്ചെന്നും ഇവർ കുറ്റപ്പെടുത്തി.
വലിയ കച്ചവടക്കാരും കൈയേറ്റം നടത്തിയിട്ടുണ്ട്. എന്നാൽ, അവരെ തൊട്ടിട്ടില്ല. റോഡിടം വാടകയ്ക്ക് പോലും നൽകുന്ന സംഭവങ്ങളുണ്ട്. നഗരത്തിലെ അനധികൃത കെട്ടിടങ്ങൾക്കെതിരേ നടപടിയെടുക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. ആർക്കും പരിഗണനകൾ നൽകില്ല. കൈയേറ്റങ്ങൾ പൂർണമായി ഒഴിപ്പിക്കുമെന്ന ഉറപ്പിലാണ് കൗൺസിൽ പിരിഞ്ഞത്. നഗരസഭാ കൗൺസിൽ അജണ്ടകൾ പൂർത്തിയാക്കിയതിനുശേഷമായിരുന്നു വഴിയോരക്കച്ചവടത്തെക്കുറിച്ചുള്ള ചർച്ചകളുണ്ടായത്. വഴിയോര കൈയേറ്റങ്ങൾ ഒഴിപ്പിക്കാനായത് ജനങ്ങളിൽ വലിയ മതിപ്പുണ്ടാക്കിയെന്നു മറ്റു കൗൺസിലർമാർ അഭിപ്രായപ്പെട്ടു.
നഗരത്തിലെ തെരുവുനായ്ക്കളെ രണ്ടുമാസത്തിനുള്ളിൽ പുനരധിവസിപ്പിക്കുമെന്ന് ആരോഗ്യ സ്ഥിരം സമിതിയധ്യക്ഷൻ എ.എം. നൗഫൽ പറഞ്ഞു. ഇതിനായി സ്ഥലം കണ്ടെത്തിയെന്നും അദ്ദേഹം വ്യക്തമാക്കി. വളർത്തു നായ്ക്കൾക്ക് വാക്സിനേഷൻ നൽകി ടാഗ് ഉൾപ്പെടെയായി ലൈസൻസ് നൽകി നഗരത്തിലെ തെരുവുനായ പ്രശ്നം പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരു വാർഡിൽ മുൻപുള്ള സ്പിൽ ഓവറായ 10 ലക്ഷം രൂപയുടെയും നിലവിൽ 12 ലക്ഷം രൂപയുടെ ടൈഡ് പദ്ധതികളും 13 ലക്ഷം രൂപയുടെ പ്ലാൻ ഫണ്ട് പദ്ധതിയും ഉൾപ്പെടെ ആകെ 35 ലക്ഷം രൂപയുടെ പ്രവൃത്തികളാണ് അനുവദിച്ചിട്ടുള്ളതെന്ന് നഗരസഭാധ്യക്ഷ മോളി ജേക്കബ് അറിയിച്ചു. ഇതുവച്ച് നാലുമാസത്തിനകം പൂർത്തിയാക്കാവുന്ന പദ്ധതികൾ തയാറാക്കണമെന്നും അവർ കൗൺസിലർമാരോടു ആവശ്യപ്പെട്ടു. യുഡിഎഫ് കക്ഷിനേതാവ് ആർ.ആർ. ജോഷിരാജ്, ജോസുകുട്ടി സി. പൂണിയിൽ, ടി.ആർ. രാജേഷ്, എൽ. മായാ രാജേന്ദ്രൻ, സി. ജ്യോതിമോൾ തുടങ്ങിയവർ പ്രസംഗിച്ചു.
പ്രതികരണം
പ്രത്യേക സ്ഥലം കണ്ടെത്തി വഴിയോരക്കച്ചവടക്കാരെ പുനരധിവസിപ്പിക്കുന്നതിന് സമിതി എതിരല്ല. എന്നാൽ, ലക്ഷക്കണക്കിന് രൂപ വാടക കൊടുത്ത് നഗരസഭയ്ക്ക് നികുതിയും നൽകി കച്ചവടം നടത്തുന്നവർ ബുദ്ധിമുട്ടുകയാണ്. ഇവർക്കും മാന്യമായി തൊഴിൽ ചെയ്യാനുള്ള അവസരം നഗരസഭ ഒരുക്കണം.
സുനീർ ഇസ്മയിൽ, ജില്ലാ സെക്രട്ടറി, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി.
ഹൈക്കോടതി വിധി വന്നിട്ട് തീരുമാനിക്കാം എന്നാണ് നഗരസഭ പറയുന്നത്. കച്ചവടക്കാരുടേത് ഭീഷണിയുടെ സ്വരമല്ല. പുനരധിവാസവുമായി മുന്നോട്ടുനീങ്ങിയാൽ നിലവിൽ മുല്ലയ്ക്കൽ മുതൽ കൈ ചൂണ്ടി വരെ കച്ചവടം നടത്തുന്ന, സമിതിയിലെ അംഗങ്ങളും മുന്നോട്ട് കട കയറ്റിവച്ച് കച്ചവടം നടത്തി പ്രതിഷേധിക്കേണ്ടിവരും.
വി. സബിൽ രാജ്, സംസ്ഥാന സെക്രട്ടറി, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി.
നഗരത്തിൽ ഒന്നിൽ കൂടുതൽ തട്ടുകടകൾ നടത്തുന്നവരുണ്ട്. എന്നാൽ, തട്ടുകടകളിൽ നിൽക്കുന്നവർ കൂലിക്കാരാണ്. ഉടമകൾ വേറെയും. ഇത്തരത്തിൽ നടക്കുമ്പോൾ നഗരസഭയ്ക്ക് നികുതി കൊടുക്കുന്ന കച്ചവടക്കാരുടെ സ്ഥിതി എന്താവും.
പ്രവീൺ രാമഭദ്രൻ, സംസ്ഥാന സെക്രട്ടറി, കേരള വ്യാപാരി വ്യവസായി ഏകോപനസമിതി.