തൊടുപുഴ: പരിസ്ഥിതി ലോല മേഖല സംബന്ധിച്ച വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ പുതിയ കരട് വിജ്ഞാപനത്തില്‍ കേരളത്തിന് വീണ്ടും ആശങ്ക. കാര്‍ഷിക-ജനവാസ മേഖലയെ പൂര്‍ണമായും ഒഴിവാക്കാതെയുളള കരട് വിജ്ഞാപനത്തിനെതിരേ സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യമുയരുന്നത്.
ജില്ലയില്‍ ആകെയുള്ള 68 വില്ലേജുകളില്‍ 51 വില്ലേജും ഇഎസ്എ പരിധിയില്‍ ഉള്‍പ്പെടുന്നുണ്ട്. എന്നാല്‍, ഈ വില്ലേജുകളിലെ പാറക്കെട്ടോ, ചതുപ്പ് പ്രദേശങ്ങളോ ചെറിയ അളവിലെങ്കിലും ഉണ്ടെങ്കില്‍ ഇഎസ്എ പരിധിയില്‍ ഉള്‍പ്പെടുന്നതിനാലാണ് കൂടുതല്‍ വില്ലേജുകളും ലിസ്റ്റില്‍ ഉള്‍പ്പെടാന്‍ കാരണമെന്നും പറയപ്പെടുന്നു. നിലവിലെ ഇഎസ്എയിലെ അവ്യക്തതയും ജനങ്ങളുടെ ആശങ്കയും കണക്കിലെടുത്ത് കൃത്യമായ പരിശോധന നടത്തി ഇഎസ്എ പരിധി നിശ്ചയിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.
അതിജീവന പോരാട്ടവേദിയുടെ ആഭിമുഖ്യത്തില്‍ അടുത്ത ദിവസം മുഖ്യമന്ത്രിയെ കണ്ട് കാര്യങ്ങള്‍ ബോധിപ്പിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. അതേസമയം കൃഷിഭൂമി ഒഴിവാക്കി ഇഎസ്എ പരിധി ചുരുക്കണമെന്ന കേരളത്തിന്റെ നിര്‍ദേശം പരിഗണിക്കാതെയാണ് പുതിയ കരട് വിജ്ഞാപനം ഇറങ്ങിയതെന്ന ആക്ഷേപവും ശക്തമാണ്.
നിലവിലെ കരട് വിജ്ഞാപനത്തിന് 60 ദിവസത്തെ സമയപരിധിയാണ് നിശ്ചയിച്ചിട്ടുള്ളത്. തുടര്‍ന്ന് അന്തിമവിജഞാപനം പുറപ്പെടുവിക്കാനാണ് സാധ്യത. മറ്റ് മൂന്നു സംസ്ഥാനങ്ങളിലും ഇഎസ്എ പരിധി സംബന്ധിച്ച് തത്വത്തില്‍ ധാരണയിലെത്തിയിട്ടുണ്ട്. പശ്ചിമഘട്ട സംരക്ഷണത്തിനായി പരിസ്ഥിതി ലോല മേഖല സംബന്ധിച്ച വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ കരട് വജ്ഞാപനത്തില് സംസ്ഥാനത്തെ 131 വില്ലേജുകളിലായി 9,993.7 ചതുരശ്ര കിലോമീറ്റര്‍ പ്രദേശമാണ് ഇഎസ്എ പരിധിയില്‍പ്പെടുന്നത്.
ഇടുക്കി, വയനാട് ജില്ലകളിലെ 31 വില്ലേജുകളെ ഒഴിവാക്കണമെന്ന ആവശ്യം കരട് വിജ്ഞാപനത്തില്‍ പരിഗണിച്ചിട്ടില്ല. ഇടുക്കിയിലും വയനാട്ടിലും ഏലം, കാപ്പി, തേയില തോട്ടങ്ങള്‍ ഇപ്പോഴും ഇഎസ്എ പരിധിയിലാണ്. കാര്‍ഷിക മേഖല ഉള്‍പ്പെടുന്ന വില്ലേജുകളാണ് പരിസ്ഥിതി ലോല മേഖലയുടെ പരിധിയില്‍ വരുന്നത്. ഇതാണ് പ്രധാന ആശങ്ക. കസ്തൂരിരംഗന്‍ ശിപാര്‍ശകളുടെ അടിസ്ഥാനത്തില്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയമിറക്കിയ ഏഴാമത്തെ കരട് വിജ്ഞാപനത്തിലാണ് കേരളത്തിന് വീണ്ടും തിരിച്ചടി. മുമ്പ് ഇറക്കിയ വിജ്ഞാപനത്തിലെ തിരുത്തല്‍ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പുതിയ വിജ്ഞാപനമുണ്ടായത്.
എന്നാല്‍, അതിലും സംസ്ഥാനത്തിന്റെ പ്രധാന ആവശ്യങ്ങള്‍ പരിഗണിക്കപ്പെട്ടില്ല . ഉപഗ്രഹ സര്‍വേ, നേരിട്ടുളള പരിശോധന എന്നിവയ്ക്ക് ശേഷം സംസ്ഥാനത്തെ ഇഎസ്എ പരിധി 8,590.69 ചതുരശ്ര കിലോമീറ്ററാക്കണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം. എന്നാല്‍, കേന്ദ്രത്തിന്റെ വിദഗ്ധസമിതി നേരിട്ടെത്തിയിട്ടും കേരളത്തിന്റെ നിര്‍ദേശം പരിഗണിച്ചിട്ടില്ല. അതേസമയം സംസ്ഥാനത്തിന്റെ നിര്‍ദേശങ്ങള്‍ പരിഗണിച്ചു മാത്രമേ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാവൂ എന്നാണ് കേരളത്തിന്റെ ആവശ്യം.
Tags : Nattuvishesham Districtnews Renewed hilly