കോഴിക്കോട്: റവന്യു, പൊതുമരാമത്ത് വകുപ്പുകളുടെ കൈവശമുള്ള ജനസാന്ദ്രത കുറഞ്ഞ സ്ഥലങ്ങൾ തെരുവുനായ്ക്കളുടെ സംരക്ഷണ ഷെൽട്ടറുകൾ സ്ഥാപിക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകാൻ നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി.
തെരുവുനായ ശല്യം ഫലപ്രദമായി നിയന്ത്രിക്കുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും ധനസഹായ സംവിധാനവും ഉറപ്പുവരുത്താൻ നയപരവും ഭരണപരവുമായ നടപടികൾ എത്രയും വേഗം സ്വീകരിക്കണമെന്നും കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്കും പ്രിൻസിപ്പൽ ഡയറക്ടർക്കും നിർദ്ദേശം നൽകി.കോഴിക്കോട് ജില്ലയിലെ തെരുവുനായശല്യം നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
ഫെബ്രുവരിയിൽ നടത്തിയ സർവേപ്രകാരം കോഴിക്കോട് കോർപറേഷൻ പരിധിയിൽ 28,510 തെരുവുനായ്ക്കളുണ്ടെന്ന് കോർപറേഷൻ വെറ്റിനറി സർജൻ കമ്മീഷനെ അറിയിച്ചു.
തെരുവുനായ്ക്കളെ ഷെൽട്ടറിലേക്ക് മാറ്റാൻ സ്ഥലം ലഭ്യമായിട്ടില്ല. എൻജിഒ. ക്വാർട്ടേഴ്സ് ഭാഗത്ത് ഒഴിഞ്ഞു കിടക്കുന്ന സ്ഥലത്തിനായി പിഡബ്ല്യുഡിക്കും ജില്ലാ കളക്ടർക്കും കത്ത് നൽകിയെങ്കിലും മറുപടി ലഭിച്ചിട്ടില്ല.കോർപറേഷൻ വാർഡുകളിൽ ഫീഡിംഗ് സ്പോട്ടുകൾ സ്ഥാപിക്കും. തെരുവുനായക്കളുടെ റീവാക്സിനേഷൻ നടത്തിവരുന്നുണ്ട്.
സ്കൂളുകളിൽ ബോധവൽക്കരണ ക്യാമ്പുകൾ നൽകി വരുന്നുണ്ട്.എബിസി. പദ്ധതിയും റാബിസ് പ്രതിരോധ കുത്തിവയ്പ്പും വഴി തെരുവുനായ നിയന്ത്രണത്തിന് സമഗ്രവും ശാശ്വതവുമായ പരിഹാരം കാണാനാവില്ലെന്ന് ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു.