നെടുമങ്ങാട്: വേനൽ കടുത്തതോടെ ജലാശയങ്ങൾ വറ്റിവരണ്ടു. ഗ്രാമീണ മേഖലയിൽ കുടിവെള്ള ക്ഷാമം രൂക്ഷം. പനവൂർ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലാണു കുടിവെള്ള ക്ഷാമം രൂക്ഷമായിരിക്കുന്നത്. പൈപ്പ് ലൈനിലൂടെ വെള്ളം ലഭിക്കുന്നത് കുറഞ്ഞതോടെ നാട്ടുകാർ പരക്കം പായുകയാണ്.
വേനൽ കടുത്തതോടെ ഉയർന്ന പ്രദേശങ്ങളിൽ കുടിവെള്ളം കിട്ടാക്കനിയായി. ഇനിയും വേനൽ തുടർന്നാൽ വരും ദിവസങ്ങളിൽ ശുദ്ധജലത്തിനായി ജനങ്ങൾ അലയേണ്ടിവരും. പേരയം, പുല്ലാമല ഉന്നതി, കോതകുളങ്ങര, വഞ്ചുവം, വെങ്കിട്ടക്കാല, മൊട്ടക്കാവ്, ആട്ടുകാൽ, പൂവക്കാട്, ഏരുമല, കുളപ്പാറ, കൊച്ചുപാലോട് തുടങ്ങിയ പ്രദേശങ്ങളിലും ശുദ്ധജല ക്ഷാമം രൂക്ഷമാണ്.
വേനൽ കടുത്തതോടെ കിണറുകളിലും വെള്ളം വറ്റിത്തുടങ്ങി. പൈപ്പ് ലൈനുകളിലൂടെ വല്ലപ്പോഴുമാണു കുടിവെള്ളമെത്തുന്നത്. മുൻപ് രണ്ടാഴ്ചയിലൊരിക്കൽ ജലവിതരണം നടത്തുമായിരുന്നെങ്കിലും ഇപ്പോൾ അതും ഉണ്ടാകുന്നില്ല. പൂവക്കാട്, അജയപുരം പ്രദേശങ്ങളിൽ കുറച്ച് നാളുകൾക്കുശേഷം വോട്ടെടുപ്പിന്റെ തലേദിവസമാണു പൈപ്പ് ലൈനിലൂടെ വെള്ളം എത്തിയത്. അതും രണ്ടു ദിവസം മാത്രം. ഒരാഴ്ച മുൻപ് വൈകുന്നേരം മഴ ലഭിച്ചതിനെ തുടർന്നാണ് ആറ്റിൽ ചെറിയ തോതിൽ ജലനിരപ്പ് ഉണ്ടായത്. എന്നാൽ കിണറുകളിൽ ജലത്തിന്റെ അളവ് ഓരോ ദിവസം കഴിയുന്തോറും താഴുകയാണ്. കുടിവെള്ളം എത്തിക്കാൻ അധികൃതർ നടപടിയെടുക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.
Tags : nattu vishesham Reservoirs drinking water shortage