വടക്കഞ്ചേരി: വടക്കഞ്ചേരി ടൗണിലെ വഴിയോര കച്ചവടക്കാർ പുതിയ സ്ഥലത്തേക്കു മാറിത്തുടങ്ങി. ഏതാനും കച്ചവടക്കാർ ഇന്നലെതന്നെ അവരുടെ ഉന്തുവണ്ടികളും സാധനങ്ങളും പുതിയ സ്ഥലത്തേക്ക് മാറ്റിയിട്ടുണ്ട്. ടൗൺ റോഡിലെ 35 കച്ചവടക്കാരിൽ ഇരുപതോളംപേർ ഇതിനകം മാറാൻ സന്നദ്ധത അറിയിച്ച് പഞ്ചായത്തിൽ കത്തുനൽകിയിട്ടുണ്ട്. മറ്റുള്ളവർ അടുത്ത ദിവസങ്ങളിൽ വഴിയോരത്തു നിന്നും കച്ചവടം മാറ്റുമെന്ന പ്രതീക്ഷയാണ് പഞ്ചായത്തിനുള്ളത്. മൂന്നു പതിറ്റാണ്ടിലേറെയായി റോഡിൽ വണ്ടിയിട്ട് വഴിയോരത്ത് കച്ചവടം നടത്തുന്നവരും ഈ കൂട്ടത്തിലുണ്ട്. ടൗണിൽതന്നെ കിഴക്കഞ്ചേരി റോഡിൽ മുമ്പ് ദിവസച്ചന്ത നടന്നിരുന്ന സ്ഥലത്തേക്കാണ് വഴിയോര കച്ചവടക്കാരെ പുനരധിപ്പിക്കുന്നത്. ഏതുസമയവും തിരക്കേറിയ സ്ഥലമാണിത്.
ടൗൺ റോഡിൽനിന്നും ഒഴിയാൻ പത്തുദിവസംകൂടി കച്ചവടക്കാർക്ക് സമയം അനുവദിച്ചിട്ടുണ്ട്. ഈ ദിവസത്തിനുള്ളിൽ മാറിയില്ലെങ്കിൽ പോലീസ് സംരക്ഷണത്തോടെ പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗം ഒഴിപ്പിക്കൽ നടത്തും.