മാര്ത്താണ്ഡം: ചൂട് കടുത്തതോടെ കേരള അതിര്ത്തിയോട് ചേര്ന്നു നില്ക്കുന്ന തൃപ്പരപ്പിന്റെ വശ്യതയില് മനംകുളിര്പ്പിക്കാന് എത്തുന്നവരുടെ എണ്ണം ദിനംപ്രതി വര്ധിക്കുന്നു. കന്യാകുമാരി ജില്ലയുടെ കിഴക്കു-പടിഞ്ഞാറന് പ്രദേശത്ത് കാട്ടാറില് നീരാടാന് എത്തുന്നവരില് അധികവും തിരുവനന്തപുരം-കന്യാകുമാരി ജില്ലയില് നിന്നുളളവരാണ്. നീലാകാശത്തേയ്ക്ക് പടര്ന്നു നില്ക്കുന്ന ഗിരിശൃംഗങ്ങളും സ്ഫടിക തുല്യമായ ജലാശയവും തൃപ്പരപ്പിന്റെ മാത്രം പ്രത്യേകതയാണ്.
ലോക ജനിതക പട്ടികയില് പ്രമുഖ സ്ഥാനം പിടിച്ച ഇന്ത്യയിലെ പശ്ചിമഘട്ട താഴ്വാരങ്ങളിലൂടെ ഒഴുകിയെത്തുന്ന നദികള് തീര്ക്കുന്ന പട്ടണംകാല് ഒന്ന്, പട്ടണംകാല് രണ്ട് എന്ന് തമിഴ്മാട് വിളിക്കുന്ന ചിറ്റാര് അണക്കെട്ടിനു സമീപത്തായാണ് കോതയാര് തീര്ക്കുന്ന തൃപ്പരപ്പ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. ചുറ്റും നിബിഢമായ റബര് മരങ്ങളും പശ്ചിമഘട്ട-സഹ്യാദ്രി മേടുകളും തൂവെള്ള നിറത്തിലുള്ള ജലാശയത്തെ കൂടുതല് മനോഹരിയാക്കുന്നു. സായം സന്ധ്യകളില് മനസിന് ഉന്മേഷവും അസ്തമയപ്രഭയില് ഇളം മഞ്ഞും കോട കാറ്റും മറ്റൊരു വിസ്മയം തീര്ക്കുകയാണിവിടെ.
നെടുമങ്ങാട് കോയിക്കല് കൊട്ടാരം, നെയ്യാര് അണക്കെട്ട് , തക്കല പത്മനാഭപുരം കൊട്ടാരം തുടങ്ങിയവ ദര്ശിച്ച് കടന്നു പോകുന്ന പാതയുടെ സമീപത്തു തന്നെയാണ് തൃപ്പരപ്പിപ്പ് വെള്ളച്ചാട്ടമുള്ളത്.
ഇടതൂര്ന്ന പാറക്കൂട്ടങ്ങള്, മലനിരകള്, താഴ്വാരങ്ങളൾ എന്നിവ തൃപ്പരപ്പ് വെള്ളച്ചാട്ടത്തിനു മാറ്റുകൂട്ടുമ്പോള് അവയുടെ പ്രധിധ്വനികള് എങ്ങും അലയടിക്കുന്നുണ്ടാകും. ജില്ലയുടെ വിവിധ ഭാഗങ്ങളില്നിന്നും തൃപ്പരപ്പ് വെള്ളച്ചാട്ടം കാണാനെത്തുന്ന സഞ്ചാരികളിലേറെയും കന്യാകുമാരിയിലും എത്തിയാണ് മടങ്ങുക.
നെയ്യാറിലെ ബോട്ട് യാത്രയും തൃപ്പരപ്പിലെ കുളിരും പത്മനാഭപുരം കൊട്ടാരത്തിലെ വിചിത്ര വീരേദിഹാസ ചരിത്രങ്ങളും ആവോളം ചികഞ്ഞെടുത്ത് കന്യാകുമാരിയുടെ മുനമ്പിലെത്തുമ്പോള് സഞ്ചാരിക്ക് അയവിറക്കാന് വക ഏറെയുണ്ടാകും. തൃപ്പരപ്പ് വെള്ളച്ചാട്ടത്തിന് ഏകദേശം 20 അടിയില്പ്പരം ഉയരമില്ല. എങ്കിലും തൂവെള്ള നിറത്തില് കുതിച്ചുചാടുന്ന കാട്ടരുവിക്ക് എന്തെന്നില്ലാത്ത സൗ ന്ദര്യമാണ്. വെള്ളച്ചാട്ടത്തിന്റെ അടിയില് ഇറങ്ങിനിന്നു കുളിക്കാന് പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. വിശ്രമിക്കാനുള്ള കല്മണ്ഡപങ്ങളില് എപ്പോഴും തണുത്ത കാറ്റിന്റെ മര്മരം.
യശസിന്റെ ഉത്തുംഗ ശ്രേണിയില് നില്ക്കുമ്പോഴും തൃപ്പരപ്പ് മഹാദേവ ക്ഷേത്ര ചരിത്രത്തെക്കുറിച്ച് പഴമക്കാര്ക്കു പോലും കേട്ടുകേള്വിയില്ല. കേരളീയ ശില്പ കലയുടെ മകുടോദാഹരണങ്ങളാണ് ഇവിടത്തെ കൊത്തു പണികള്. കന്യാകുമാരിയിലെ കല്കുളം താലൂക്കിലാണ് തൃപ്പരപ്പ് നിലകൊളളുന്നത്.
തൃപ്പരപ്പിന്റെ പ്രകൃതിലാളനയില് മതിമറന്നാല് അപകടം നിശ്ചയമാണ്. പായലു നിറഞ്ഞ പാറപ്പരപ്പുകളിലൂടെ സഞ്ചരിക്കുമ്പോള് അപകടം മുന്നില് കാണണം. തൃപ്പരപ്പ് വെള്ളച്ചാട്ടത്തിന്റെ അവകാശം കേരളത്തിനായിരുന്നുയെങ്കില് സഞ്ചാരികളെ ആകര്ഷിക്കുന്ന സുപ്രധാന ഇടങ്ങളിൽ ഒന്നാകുമായിരുന്നു ഇത്. കാലത്തിന്റെ ചവിട്ടടികളില്പ്പെട്ട് കേരളത്തിന്റെ ഹൃദയ ഭാഗങ്ങള് അടര്ന്നു പോയപ്പോള് നമുക്ക് നഷ്ടപ്പെട്ടത് ഈ സ്വപ്ന തീരംകൂടിയാണ്.
Tags : nattu vishesham Rushing enjoy the need satisfaction