ശബരി വിമാനത്താവളത്തിനായി കൊടുമണ്‍ പ്ലാന്റേഷന് മേഖലയിലെ സര്‍ക്കാര്‍ ഭൂമി പരിഗണിക്കണമെന്നാവശ്യപ്പെട്ട് സി. വി. ശാന്തകുമാര്‍ എംഎല്‍എ, മുഖ്യമന്ത്രി വി. ഡി.
അടൂര്‍: ശബരി വിമാനത്താവളത്തിനായി കൊടുമണ്‍ പ്ലാന്റേഷന് മേഖലയിലെ സര്‍ക്കാര്‍ റവന്യുഭൂമി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ശബരി വിമാനത്താവള ആക്ഷന്‍ കമ്മിറ്റി സി.വി. ശാന്തകുമാര്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി വി.ഡി. സതീശന് നിവേദനം നല്കി.
പരിസ്ഥിതിക്ക് ദോഷമുണ്ടാകാത്തതും ജില്ലയില്‍ ഏറ്റവും കൂടുതല്‍ യാത്രാസൗകര്യമുള്ളതും വന്യജീവികള്‍ക്ക് ഭീഷണിയില്ലാത്തതുമായ പ്രദേശമാണ് കൊടുമണ്ണിലേതെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. ശബരിമലയില്‍നിന്ന് അധികം ദൂരെയല്ലാത്ത സ്ഥലമാണിതെന്നും കമ്മിറ്റി പറഞ്ഞു.
2015 മുതല്‍ വിവിധ സര്‍ക്കാരുകള്‍ ശബരി വിമാനത്താവള പദ്ധതി പരിഗണിച്ചുവരുന്നുണ്ടെങ്കിലും ഇതേവരെ പ്രാഥമിക നടപടികള്‍ പോലും പൂര്‍ത്തിയാക്കാനായിട്ടില്ല. എരുമേലി ചെറുവള്ളി പദ്ധതി നിയമക്കുരുക്കിലായതിനാല്‍ അവിടെ പദ്ധതി നടപ്പാക്കാനുള്ള സാധ്യത കുറവാണ്. ആറന്മുളയിലും മഴക്കാലത്തെ വെള്ളക്കെട്ട് ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളുള്ളതിനാല്‍ പദ്ധതി നടപ്പാക്കാന്‍ കഴിയില്ലെന്ന് ജനപ്രതിനിധികള്‍ ഉള്‍പ്പെടെ വ്യക്തമാക്കിയിട്ടുണ്ടെന്നും നിവേദനത്തില്‍ പറയുന്നു.
ഈ സാഹചര്യത്തില്‍ വിമാനത്താവളത്തിന് ഏറ്റവും അനുയോജ്യമായ സ്ഥലം കൊടുമണ്ണിലെ സര്‍ക്കാര്‍ ഭൂമിയാണെന്ന് ആക്ഷന്‍ കമ്മിറ്റി വ്യക്തമാക്കി. പ്ലാന്റേഷന് മേഖല സര്‍ക്കാര്‍ റവന്യു ഭൂമിയായതിനാല്‍ സര്‍ക്കാരിന് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാകില്ലെന്നും ഭൂമി സംബന്ധമായ നിയമക്കുരുക്കുകള്‍ ഒഴിവാക്കാനാകുമെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. വിദേശ മലയാളികളുടെ സഹായവും പദ്ധതിക്ക് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അറിയിച്ചു.
പ്ലാന്റേഷന് മേഖല വനഭൂമിയാണെന്ന വാദം തെറ്റാണെന്ന് വ്യക്തമാക്കുന്ന രേഖകള്‍ ലഭിച്ചിട്ടുണ്ടെന്നും കമ്മിറ്റി പറഞ്ഞു. ഇതുസംബന്ധിച്ച രേഖകള്‍ ഉള്‍പ്പെടെയുള്ള നിവേദനമാണ് സി. വി. ശാന്തകുമാര്‍ എംഎല്‍എയുടെ നേതൃത്വത്തിലുള്ള സംഘം മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചത്.
ആക്ഷന്‍ കമ്മിറ്റി പ്രസിഡന്റ് ഡോ. വര്‍ഗീസ് പേരയില്‍, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് അജികുമാര്‍ രണ്ടാംകുറ്റി, കമ്മിറ്റി വൈസ് പ്രസിഡന്റ് ജോണ്സണ് കുളത്തുംകരോട്ട്, ടി തുളസീധരൻ, വിനോദ് വാസുക്കുറുപ്പ് എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.
Tags : Local News Nattuvishesham Sabari Airport Chief Minister