സുൽത്താൻ ബത്തേരി: പനിയും ചർദ്ദിയും വയറിളക്കവും പിടിപെട്ടതിനെത്തുടർന്ന് കോളിയാടിയിലെ എയുപി സ്കൂൾ വിദ്യാർഥികൾ കൂട്ടത്തോടെ ചികിത്സ നേടി. ബത്തേരിയിലെയും അന്പലവയലിലെയും വിവിധ ആശുപത്രികളിൽ 86 കുട്ടികൾ ചികിത്സയിലുണ്ട്. ചികിത്സ നേടിയശേഷം വീട്ടിൽപോയതടക്കം 211 കുട്ടികൾക്ക് അസ്വാസ്ഥ്യം അനുഭവപ്പെട്ടതായാണ് ആരോഗ്യവകുപ്പിൽനിന്ന് ലഭിക്കുന്ന വിവരം.വിവിധ ആശുപത്രികളിൽ 26 കുട്ടികൾ നിരീക്ഷണത്തിലുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കുട്ടികൾ സുഖംപ്രാപിച്ചുവരികയാണെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
സംഭവത്തെത്തുടർന്ന് സ്കൂളിന് ഒരാഴ്ച അവധി നൽകി. കുട്ടികൾക്ക് കൂട്ടത്തോടെ പനിയും വയറിളക്കവും ഛർദിയും എങ്ങനെ പിടിപെട്ടുവെന്നതിൽ വ്യക്തതയായില്ല. മധ്യവേനൽ അവധിക്കുശേഷം സ്കൂൾ തുറന്ന ദിവസം മുതലാണ് കുട്ടികളിൽ അസുഖം കണ്ടുതുടങ്ങിയത്. താലൂക്ക്ആശുപത്രിയിൽ വ്യാഴാഴ്ച മുതലാണ് കുട്ടികളെ ചികിത്സയ്ക്കു പ്രവേശിപ്പിച്ചത്. തുടർന്നുള്ള ദിവസങ്ങളിൽ കൂടുതൽ കുട്ടികൾ ചികിത്സ തേടി.
സ്കൂളിലും പാചകപ്പുരയിലും പരിശോധന നടത്തിയ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ഭക്ഷ്യവിഷബാധയ്ക്കുള്ള സാധ്യത തള്ളി. ചികിത്സയിലുള്ള കുട്ടികളുടെ രക്തസാന്പിൾ ശേഖരിച്ച് പിരശോധനയ്ക്ക് അയച്ചു. ബാക്ടീരിയൽ ഇൻഫക്ഷനാണ് അസുഖകാരണമെന്നു സംശയിക്കുന്നതായും രക്ത സാന്പിൾ പരിശോധനാഫലം കിട്ടിയാൽ മാത്രമേ കൃത്യമായ കാരണം വ്യക്തമാകൂവെന്നും ആശുപത്രിയിലെത്തിയ ഡിഎംഒ ടി.കെ. രേഖ പറഞ്ഞു. സ്കൂൾ വളപ്പിലെ കുഴൽക്കിണറിലെയും തുറന്ന കിണറിലെയും വെള്ളം പരിശോധനയ്ക്ക് ആരോഗ്യവകുപ്പ് ശേഖരിച്ചിട്ടുണ്ട്.
ജനപ്രതിനിധികളും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും ആശുപത്രികളിൽ എത്തി. സ്കൂളിലെ അധ്യാപകരും അസുഖം റിപ്പോർട്ട് ചെയ്ത ദിവസം മുതൽ കുട്ടികൾക്കൊപ്പമുണ്ട്. കുട്ടികളെ നിരീക്ഷിക്കുന്നതിനും സഹായത്തിനും ഓരോ ആശുപത്രിയിലും സ്കൂൾ അധികൃതർ മൂന്നു വീതം അധ്യാപകരെ നിയോഗിച്ചിട്ടുണ്ട്.
Tags : Local News Nattuvishesham Wayanad