പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന തൃക്കൂര് മതിക്കുന്ന് കണ്ണന്.
പുതുക്കാട്: തെരുവുനായ കുറുകെ ചാടിയതിനെ തുടര്‍ന്ന് സ്കൂട്ടറില്‍ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന യുവാവ് ദുരിതത്തില്‍. തൃക്കൂര് മതിക്കുന്ന് സ്വദേശി പുളിപ്പറമ്പില്‍ വീട്ടില്‍ കണ്ണനാണ് (46) ഒരുമാസത്തിലേറെയായി ചികിത്സയില്‍ കഴിയുന്നത്. കഴിഞ്ഞ മാസം 12 ന് തൃക്കൂര് മേക്കട്ടിയിലായിരുന്നു അപകടം. കൂലിപ്പണിക്കാരനായ കണ്ണന് പണികഴിഞ്ഞ് വരുന്നതിനിടെ തെരുവുനായ സ്കൂട്ടറില്‍ വന്നിടിക്കുകയായിരുന്നു.
കാലിന് ഗുരുതരമായി പരിക്കേറ്റ് മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയ നടത്തിയെങ്കിലും കണ്ണന് വീട്ടില്‍ തുടര്‍ചികിത്സയില്‍ കഴിയുകയാണ്. കണ്ണന്റെ ഏക വരുമാനമാണ് കുടുംബത്തിന്റെ ആശ്രയം. ഇത്രനാളായി ജോലിക്ക് പോകാന്‍ കഴിയാതെ കിടപ്പിലായ കണ്ണന് പഞ്ചായത്തംഗങ്ങളായ പ്രീബനന്‍ ചുണ്ടേലപറമ്പില്‍, സൈമണ്‍ നമ്പാടന്, സിന്ധുമോള്‍ എന്നിവര്‍ ചേര്‍ന്ന് നല്കിയ ആശുപത്രി ഉപകരണങ്ങള്‍ ആശ്വാസമായിരിക്കുകയാണ്.
തൃക്കൂര് പഞ്ചായത്തില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് 5000 രൂപ ധനസഹായം അനുവദിച്ചിരുന്നു. എന്നാല്‍ തെരുവുനായ ആക്രമണത്തില്‍ പരിക്കേല്‍ക്കുന്നവര്‍ക്ക് കൂടുതല്‍ ധനസഹായം നല്കാന് സര്‍ക്കാര്‍ തയാറാകണമെന്ന് പ്രീബനന്‍ ചുണ്ടേലപറമ്പില്‍ ആവശ്യപ്പെട്ടു.
കണ്ണന്റെ കുടുംബത്തിന് കൂടുതല്‍ ധനസഹായം ലഭിക്കാന്‍ ജില്ലാ നിയമസഹായ വേദിക്ക് പരാതി നല്കാന് ഒരുങ്ങുകയാണ് പഞ്ചായത്ത് അംഗങ്ങള്‍. തൃക്കൂര് പഞ്ചായത്തില്‍ അടുത്തിടെയുണ്ടായ തെരുവുനായ ആക്രമണത്തില്‍ നിരവധി പേര്‍ക്കാണ് പരിക്കേറ്റത്. തെരുവുനായ ശല്യം രൂക്ഷമായതിനെ തുടര്‍ന്ന് പഞ്ചായത്തില്‍ സര്‍വ്വകക്ഷിയോഗം ചേര്‍ന്ന് തുടര്‍നടപടികള്‍ സ്വീകരിച്ചുവരിയാണ്.
Tags : Local News Nattuvishesham