മലപ്പുറം: ഷൊർണൂർ-നിലന്പൂർ റെയിൽവേ ലൈൻ നിലവിൽ വന്നതിന്റെ ശതാബ്ദി വർഷത്തിൽ ഈ പാതയിലെ യാത്രക്കാർ ദീർഘകാലമായി ഉന്നയിക്കുന്ന ആവശ്യങ്ങൾ പരിശോധിക്കാമെന്ന് ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ.എൻ. സിംഗ് പി.പി. സുനീർ എംപിക്ക് ഉറപ്പ് നൽകി.
യാത്രക്കാരിൽനിന്നുമുള്ള വരുമാനാടിസ്ഥാനത്തിൽ ആദ്യ 45 റെയിൽവേ സ്റ്റേഷനുകളിൽ നിലന്പൂർ റോഡ്, അങ്ങാടിപ്പുറം എന്നിവ ഇടം പിടിച്ചതോടെ ഷൊർണൂർ- നിലന്പൂർ പാതയുടെ വികസന പ്രവർത്തനങ്ങൾക്ക് പ്രസക്തി വർധിച്ചുവെന്നും പ്രവൃത്തി പൂർത്തിയാകുന്നതോടെ ഈ പാതയിൽ കൂടൂതൽ എക്സ്പ്രസ്-മെമു ട്രെയിനുകൾ ഓടിക്കുന്നതോടെയും യാത്രക്കാർക്കുള്ള സൗകര്യങ്ങൾ വർധിപ്പിക്കുന്നതിലൂടെയും റെയിൽവേ ലൈൻ അതിന്റെ പരമാവധി ശേഷിയിൽ ഉപയോഗപ്പെടുത്താനാകുമെന്നും എംപി, ജനറൽ മാനേജർക്ക് ജൂണ്‍ എട്ടിന് അയച്ച കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.
2024-25 വർഷത്തെ പ്രവൃത്തികളിൽ ഉൾപ്പെടുത്തി അങ്ങാടിപ്പുറം, വാണിയന്പലം റെയിൽവേ സ്റ്റേഷനുകളിലെ പ്ലാറ്റ്ഫോമുകളുടെ വികസനത്തിന് 17.34 കോടി രൂപ അനുവദിച്ചതിന് പി.പി. സുനീർ എംപി നന്ദി അറിയിച്ചു.
നിലന്പൂർ-മൈസൂർ റെയിൽവേ ആക്ഷൻ ഭാരവാഹികൾ ഈ വിഷയത്തിൽ എംപിയെ മലപ്പുറത്തെ ഓഫീസിലെത്തി നേരിൽക്കണ്ട് നിവേദനം നൽകിയതിനെത്തടർന്ന് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് പി.പി. സുനീർ എംപി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് മേയ് അഞ്ചിന് വിശദമായ കത്ത് അയച്ചിരുന്നു.
Tags : Local News Nattuvishesham Malappuram