ഹരിപ്പാട്: ലോകകപ്പ് ഫുട്ബോൾ വിളംബര ജാഥ തടയുകയും ഡിവൈഎഫ്ഐ പ്രവർത്തകരുമായി വാക്കേറ്റമുണ്ടാകുകയും ചെയ്ത സംഭവത്തിനു പിന്നാലെ ഹരിപ്പാട് എസ്ഐ ബാബുജിയെ കരിയിലക്കുളങ്ങര സ്റ്റേഷനിലേക്ക് സ്ഥലം മാറ്റി. മുൻകൂട്ടിയുള്ള ഉത്തരവ് പ്രകാരമാണ് മാറ്റമെന്ന് പോലീസ് വിശദീകരിക്കുന്നുണ്ടെങ്കിലും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ മണ്ഡലത്തിലുണ്ടായ വിവാദത്തെത്തുടർന്നുള്ള അടിയന്തര നടപടിയാണിതെന്നാണ് സൂചന.
കഴിഞ്ഞദിവസം വൈകിട്ട് ഡിവൈഎഫ്ഐ ഹരിപ്പാട് ബ്ലോക്ക് കമ്മിറ്റിയുടെ ജാഥ ടൗൺഹാൾ ജംഗ്ഷനിൽനിന്നും ആശുപത്രി ജംഗ്ഷനിലേക്ക് നീങ്ങുന്നതിനിടെയാണ് നാടകീയരംഗങ്ങൾ ഉണ്ടായത്. ഉച്ചഭാഷിണിക്ക് അനുമതിയില്ലെന്ന് ആരോപിച്ച് യൂണിഫോമിലല്ലാതെ എത്തിയ എസ്ഐ ജീപ്പ് റോഡിന് കുറുകെയിട്ട് ജാഥ തടയുകയും വാഹനവും മൈക്കും പിടിച്ചെടുക്കാൻ ശ്രമിക്കുകയും ചെയ്തു. പ്രവർത്തകർ ശക്തമായി പ്രതിഷേധിക്കുകയും ദൃശ്യങ്ങൾ മൊബൈലിൽ പകർത്താൻ തുടങ്ങുകയും ചെയ്തതോടെയാണ് പോലീസ് പിന്മാറിയത്.
അതേസമയം, മുൻകൂർ അനുമതിയില്ലാതെ ലൗഡ്സ്പീക്കർ ഉപയോഗിച്ച് ശബ്ദമലിനീകരണമുണ്ടാക്കുകയും ആശുപത്രി ജംഗ്ഷനിൽ ഗതാഗതം തടസപ്പെടുത്തുകയും ചെയ്തതിന് കണ്ടാലറിയാവുന്ന 26 ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരേ ഹരിപ്പാട് പോലീസ് സ്വമേധയാ കേസെടുത്തിട്ടുണ്ട്.
ആഭ്യന്തരമന്ത്രിയുടെ മണ്ഡലത്തിൽ പോലീസ് രാജഭക്തി കാണിച്ച് അടിയന്തരാവസ്ഥ സൃഷ്ടിക്കാൻ ശ്രമിച്ചാൽ വിലപ്പോവില്ലെന്ന് ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് എസ്. സുരേഷ് കുമാറും ബ്ലോക്ക് പ്രസിഡന്റ് അഡ്വ. ശ്രീജേഷും പ്രസ്താവനയിലൂടെ മുന്നറിയിപ്പ് നൽകി.
Tags : Nattuvishesham Local News SI transferred 25 activists