കടുവയുടെ കാല്‍പ്പാട്.
സുല്‍ത്താന്‍ ബത്തേരി: ചീരാലിലും പരിസര പ്രദേശങ്ങളിലും കടുവാ ഭീതി തുടരുന്നു. കഴിഞ്ഞ നാല് ദിവസത്തിനിടെ മൂന്ന് തവണയാണ് കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്.
ഏറ്റവും ഒടുവില്‍ ഇന്നലെ പുലര്‍ച്ചെ ചീരാല്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിന് സമീപം കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തി. സംഭവത്തെത്തുടര്‍ന്ന് വനപാലകര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല. കടുവയുടെ സാന്നിധ്യം തുടര്‍ച്ചയായി സ്ഥിരീകരിക്കപ്പെടുന്നുണ്ടെങ്കിലും അതിനെ പിടികൂടാനോ കാടുമൂടിക്കിടക്കുന്ന തോട്ടങ്ങള്‍ വൃത്തിയാക്കി സുരക്ഷ ഉറപ്പാക്കാനോ വനംവകുപ്പ് ഫലപ്രദമായ നടപടി സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. ഈ വര്‍ഷം മേയ് മാസം മുതലാണ് ചീരാലിലും സമീപ പ്രദേശങ്ങളിലുമായി കടുവയുടെ സാന്നിധ്യം പതിവാകുന്നത്.
ആദ്യം മുത്താച്ചിക്കുന്നില് വയലില്‍ കെട്ടിയിരുന്ന പോത്തിനെ കടുവ കൊന്നു. തുടര്‍ന്ന് പുളിഞ്ചാലില്‍ ഒരു പശുക്കിടാവിനെയും ആക്രമിച്ചു. ഇതോടെ നാട്ടുകാര്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തുകയും വനംവകുപ്പ് വിവിധയിടങ്ങളില്‍ കടുവയെ പിടികൂടാന്‍ കൂടുകള്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കടുവ ഇതുവരെ കൂട്ടിലായില്ല.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രി എട്ടോടെ വല്ലത്തൂരില് ജോയ്സിയുടെ വീടിന് സമീപവും ശനിയാഴ്ച രാത്രി കൊട്ടക്കുണ്ടില്‍ ഉമ്മുക്കുലുസുവിന്റെ വീടിന് സമീപവും നാട്ടുകാര്‍ കടുവയെ കണ്ടതായി പറയുന്നു. ഏറ്റവും ഒടുവില്‍ ചീരാല്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിന് സമീപം കണ്ടെത്തിയ കടുവയുടെ കാല്‍പ്പാടുകളും ആശങ്ക വര്‍ധിപ്പിച്ചിരിക്കുകയാണ്. നിരന്തരമായി കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടും നാട്ടുകാരുടെ സുരക്ഷ ഉറപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാത്ത പക്ഷം ശക്തമായ പ്രതിഷേധ പരിപാടികളിലേക്ക് കടക്കുമെന്ന് പ്രദേശവാസികള്‍ മുന്നറിയിപ്പ് നല്കി.