പുല്‍പ്പള്ളി: കുടിയേറ്റ കാര്‍ഷികമേഖലയില്‍ കടമാന്‍തോട് ജലസേചന പദ്ധതിയുമായി ബന്ധപ്പെട്ട നടത്തിയ സര്‍വേ റിപ്പോര്‍ട്ട് പുറത്ത് വിടാന്‍ അധികൃതര്‍ തയാറാകണമെന്ന ആവശ്യവുമായി പ്രദേശവാസികള്‍.
പദ്ധതി സംബന്ധിച്ച് പ്രദേശത്തെ ജനങ്ങളുടെ ആശങ്കകള്‍ പരിഹരിച്ച് മുന്നോട്ടുപോകാനുള്ള നീക്കം അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാകാത്തതാണ് ജനങ്ങളെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.
2023 മേയ് ആദ്യവാരം പുല്‍പ്പള്ളിയില്‍ ജില്ലാ കളക്ടറുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തിന്റെ തീരുമാനപ്രകാരം ഭൂതല സര്‍വേ നടത്തിയിരുന്നു. ഭൂതല സര്‍വേ റിപ്പോര്‍ട്ട് ഗ്രാമസഭകളിലടക്കം ചര്‍ച്ച ചെയ്തശേഷമേ പദ്ധതി കാര്യത്തില്‍ തുടര്‍നടപടികള്‍ ഉണ്ടാകൂവെന്ന് കളക്ടര്‍ ഉറപ്പ് നല്‍കിയിരുന്നുവെങ്കിലും പാലിക്കപ്പെട്ടിട്ടില്ല.
ഭൂതല സര്‍വേ ഓഗസ്റ്റില്‍ പൂര്‍ത്തിയായെങ്കിലും ഇതുവരെ റിപ്പോര്‍ട്ട് പുറത്തുവിടാനും ബന്ധപ്പെട്ടവര്‍ തയാറായിട്ടില്ല. ഇതാണ് പ്രദേശവാസികളെ ആശങ്കയിലാക്കുന്ന കാര്യം. ഇതിനു പുറമേ നിലവില്‍ ഡാമുമായി ബന്ധപ്പെട്ട് ലിഡാര്‍ സര്‍വേയും പൂര്‍ത്തിയാക്കിയിരുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട നടപടികള്‍ വേഗത്തില്‍ നീങ്ങുമ്പോഴും ജനങ്ങളുടെ ആശങ്ക ബാക്കി നില്‍ക്കുകയാണ്.
പുല്‍പ്പള്ളി പഞ്ചായത്തിലെ രണ്ട്, മൂന്ന്, അഞ്ച് വാര്‍ഡുകളിലുള്ളവരെയാണ് പദ്ധതി ഏറ്റവുമധികം ബാധിക്കുന്നത്. ഡാമുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ പുറത്തുവിടാത്തതിനാല്‍ പ്രദേശവാസികള്‍ക്ക് സ്ഥലം വില്‍ക്കുന്നതിനും മറ്റും സാധിക്കുന്നില്ല. കാവേരി നദീജല തര്‍ക്ക ട്രൈബ്യൂണല്‍ വിധി പ്രകാരം കേരളത്തിന് അനുവദിച്ച 21 ടിഎംസി ജലം ഉപയോഗിക്കുന്നതിനായി ആസൂത്രണം ചെയ്ത ഒമ്പത് പദ്ധതികളില്‍ ഒന്നാണ് കടമാന്‍തോട് പദ്ധതി. 2,000 ഹെക്ടറോളം സ്ഥലത്ത് വെള്ളമെത്തിക്കാന്‍ കഴിയുന്ന തരത്തില്‍ 490 മീറ്റര്‍ നീളത്തിലും 28 മീറ്റര്‍ ഉയരത്തിലുമാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഇതില്‍ മാറ്റമുണ്ടാകുമോയെന്നറിയാന് സര്‍വേ നടപടികള്‍ പൂര്‍ത്തിയായിട്ടും സര്‍വേ റിപ്പോര്‍ട്ട് പുറത്ത് വിടാത്തതാണ് പ്രദേശവാസികളെ ആശങ്കയിലാക്കിയിരിക്കുന്നത്. കടമാന്‍തോട് പദ്ധതിയുമായി ബന്ധപ്പെട്ട സര്‍വേ റിപ്പോര്‍ട്ട് പുറത്ത് വിടാന്‍ അധികൃതരുടെ ഭാഗത്ത് നിന്ന് നടപടി വേണമെന്നാണ് ജനങ്ങളുടെ ആവശ്യം.
Tags : Nattuvishesham Districtnews Steps must